പ്രദീഷ്, അനൂപ്, ലാലു മോഹന്‍, അരുണ്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്തുവച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശികളായ തയ്യേരി പ്രദീഷ് (51), ശൂലംപറമ്പില് അനൂപ് (38), തയ്യേരി ലാലു മോഹന്‍ (40), തയ്യേരി അരുണ്‍ (56) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്ക്കിടയില്വച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇതു ചോദ്യംചെയ്ത പരാതിക്കാരിക്കുനേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്തു മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന് പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്കു ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ ടി. അബിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Kootalmanikyam nattuvisheaham local news