വെങ്ങപ്പള്ളിയിൽ പൊടി ശല്യം രൂക്ഷമായ റോഡ്.
വൈത്തിരി: വെങ്ങപ്പള്ളിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമാണം പകുതിവഴിയിൽ ഉപേക്ഷിച്ച നിലയിലായതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമാകുന്നു.
ടാറിംഗ് നടത്താതെ മെറ്റലും കല്ലുകളും മാത്രം നിരത്തിയിട്ടിരിക്കുന്നതാണ് സമീപവാസികൾക്കും യാത്രക്കാർക്കും കടുത്ത ദുരിതമായി മാറിയത്. ചൂട് കടുത്തതോടെ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ ഉയരുന്ന കനത്ത പൊടിപടലങ്ങൾ കാരണം ജനജീവിതം പൂർണമായും അസഹനീയമായ അവസ്ഥയിലാണ്.
പ്രദേശത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. റോഡരികിലെ കടകളിൽ പൊടി നിറയുന്നത് സാധനങ്ങൾ കേടുവരാനും വിൽപനയെ ബാധിക്കാനും കാരണമാകുന്നു. ഉപഭോക്താക്കൾ കടകളിലേക്ക് വരാൻ മടിക്കുന്നതോടെ വലിയ സാന്പത്തിക നഷ്ടമാണ് വ്യാപാരികൾ നേരിടുന്നത്.
ഭക്ഷണസാധനങ്ങളും മറ്റ് അത്യന്താപേക്ഷിത വസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങൾ ദിവസം മുഴുവൻ പൊടി തുടച്ചുമാറ്റേണ്ട ഗതികേടിലാണ്. പൊടിപടലങ്ങൾ നിരന്തരം ശ്വസിക്കുന്നത് കാരണം പ്രദേശവാസികളിലും വ്യാപാരികളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങളും അലർജിയും വർധിച്ചു വരികയാണ്. ചെറിയ കുട്ടികളും വയോധികരുമാണ് ഇതിന്റെ പ്രധാന ഇരകൾ. ജനവാസമതിലുള്ള ഈ മേഖലയിൽ കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. റോഡിലിട്ട കല്ലുകളിൽ തട്ടി ഇരുചക്ര വാഹനങ്ങൾ മറിയുന്നതും പതിവായിട്ടുണ്ട്.
ജനങ്ങളുടെ ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും റോഡ് ടാറിംഗ് പൂർത്തിയാക്കാനോ പൊടിശമനത്തിന് വെള്ളം തളിക്കാനോ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കി ടാറിംഗ് നടത്തണമെന്നും അതുവരെ ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ദിവസവും കൃത്യമായി വെള്ളം തളിച്ച് പൊടിശല്യം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം.
Tags : District News Nattuvishesham Dust Nuisance Accidents Vengappally