പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ.
കോതമംഗലം: നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി റോഡ് ഇരുന്നും അപകടഭീഷണി ഉയർത്തി ഒരുമാസമായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
വലിയ വാഹനങ്ങൾ പോയാൽ റോഡ് പൂർണമായും ഇടിഞ്ഞു കനാലിൽ പതിച്ചേക്കും. പാലത്തിലൂടെയുള്ള വാട്ടർ അഥോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടി ഒരുവർഷത്തോളം ഇവിടെ വെള്ളം ചോർന്നിരുന്നു. ഇങ്ങനെയാണു പാലത്തിന്റെ അടിക്കെട്ടിനു തകർച്ചയുണ്ടായത്. ഇപ്പോൾ പൈപ്പ്ചോർച്ച പരിഹരിച്ചെങ്കിലും പാലത്തിൻ്റെയും റോഡിന്റെയും ഇടിച്ചിൽ വർധിക്കുകയാണ്.
സമീപത്തുതന്നെ റോഡ് കുഴിയായി വഴിയാത്ര മുടക്കി ചെളിവെള്ളം കെട്ടിക്കിടന്നിട്ടും പരിഹാരമുണ്ടായിട്ടില്ല. മാരമംഗലം സ്കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡും പാലവുമാണ് അപകടഭീഷണിയിലായത്.
Tags : Bridge in a dangerous condition Nattuvishesham DistrictNews