കൊച്ചി: ജില്ലയില്‍ സ്വകാര്യ ബസുകളുടെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണുള്ള അപകടങ്ങള്‍ക്ക് കുറവില്ല. വെല്ലിംഗ്ടണ്‍ എടിഎസ് ജംഗ്ഷനില്‍ ബസ് തിരിക്കുന്നതിനിടെ പിന്‍വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന്റെ ഇടത് തോളെല്ലിന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ 11ന് നടന്ന അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്നലെയും കൊച്ചി നഗരത്തിലടക്കം നിരവധി ബസുകൾ വാതില്‍ തുറന്നിട്ട് തന്നെയാണ് സര്‍വീസ് നടത്തിയത്. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇവ കേള്‍ക്കാന്‍ പല ബസ് ജീവനക്കാരും കൂട്ടാക്കുന്നില്ല. മാത്രമല്ല, നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികൃതരും തയാറാകുന്നില്ല.
രണ്ട് മരണം
കഴിഞ്ഞ ജൂണ്‍ 30ന് വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനിടെ കോതമംഗലം കോഴിപ്പിള്ളിയില്‍ ബസിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീണ് കന്യാസ്ത്രീ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചെല്ലാനത്ത് സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ ബസില്‍ നിന്ന് തെറിച്ച് വീണ് 16കാരന് ജീവന് നഷ്ടമായിരുന്നു. അപകടങ്ങളും ജീവന് നഷ്ടമാകുന്ന സംഭവങ്ങളും ആവര്‍ത്തിക്കുമ്പോഴും ജില്ലയില്‍ പരിശോധനകള്‍ പേരിന് മാത്രമാണ്.
വാതിൽ അടയ്ക്കാന്‍ ഡ്രൈവർക്ക് മടി
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുംവിധം എയര്‍ ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജില്ലയില്‍ സര്‍വീസ് നടത്തുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്തുന്നത്. മത്സരയോട്ടത്തിലും നിറയെ യാത്രക്കാരുമായി പോകുമ്പോഴും വാതില്‍ അടയ്ക്കാന്‍ പല സ്വകാര്യ ബസുകള്‍ക്കും ഇപ്പോഴും മടിയാണ്.
യാത്രക്കാര്‍ക്ക് തുറക്കാനാകും വിധമുള്ള പഴയ ഡോര്‍ ഘടിപ്പിച്ച ബസുകളും സര്‍വീസ് നടത്തുന്നവയിലുണ്ട്. ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും തയാറാകുന്നില്ല. എയര്‍ ഡോര്‍ ഘടിപ്പിച്ച ബസുകളില്‍ ചിലതില്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല.