വൈപ്പിൻ: സ്വർണപ്പണയത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് റൂറൽ സൊസൈറ്റിയിൽ നിന്നും 89 ലക്ഷം കവർന്ന ഗോൾഡ് അപ്രൈസർ അറസ്റ്റിൽ. കർത്തേടം റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിലെ അപ്രൈസർ കർത്തേടം ചക്കാലക്കൽ അനൂപ് ജോസഫാ(44)ണ് അറസ്റ്റിലായത്.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ടി.ജി. ബിജു നൽകിയ പരാതിയിൽ ഞാറക്കൽ എസ്ഐ നെൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാരനായ ഇയാൾ 2014 ജനുവരി മുതൽ ഈവർഷം ജൂൺ വരെയുള്ള 12 വർഷ കാലയളവിൽ 1565.9 ഗ്രാം സ്വർണം പണയം വച്ചതായി രേഖയുണ്ടാക്കിയാണ് പണം കവർന്നത്.
ഇവിടെ സ്വർണത്തിന്റെ മാറ്റുനോക്കൽ മാത്രമല്ല പണയ സ്വർണം വയ്ക്കുന്നതും സ്വർണം തിരികെ കൊടുക്കുന്നതും അപ്രൈസർ തന്നെയാണ്. ഇടപാടുകാർക്ക് എളുപ്പത്തിൽ ഇടപാട് തീർത്ത് പോകാനാണ് സൊസൈറ്റി ഇത്തരത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നാണ് പറയുന്നത്. ഇതാണ് പ്രതി മുതലെടുത്തത്. പരിചയക്കാരുടെയും ബന്ധുക്കളുടെയുമൊക്കെ പേരിലാണ് വ്യാജ രേഖകൾ ഉണ്ടാക്കിയിരിക്കുന്നതത്രേ. ബാങ്കിന്റെ പ്രസിഡന്റ് പദവി മാറ്റത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതും പരാതി നൽകിയതും.
Tags : nattu vishesham Gold appraiser arrested for embezzling