ദേശീയപാത പുതുക്കാട് സിഗ്നലില്‍ സീബ്രാ ലൈന്‍ മാഞ്ഞുപോയ നിലയില്‍.
പുതുക്കാട്: തലോര്‍ മുതല്‍ നന്തിക്കര വരെയുള്ള ദേശീയപാതയില്‍ അപകടമരണം തുടര്‍ക്കഥ. കഴിഞ്ഞ എട്ടുമാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാഹനാപകടങ്ങളില്‍ 12 പേര് മരിക്കുകയും നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദേശീയപാതയിലെ പല പ്രധാന ജംഗ്ഷനുകളിലും സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണ്.
ദേശീയപാത നാലുവരിപ്പാതയായതിനുശേഷം പുതുക്കാട് സിഗ്നല്‍ ജംഗ്ഷനില്‍ വിവിധ അപകടങ്ങളിലായി അന്പതോളംപേര് മരിച്ചതായാണ് കണക്ക്. ഇതിലേറെയും റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങളിടിച്ചുണ്ടായ അപകടങ്ങളാണ്. പുതുക്കാട് ജംഗ്ഷനെ ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു.
നാലു പ്രധാന റോഡുകള്‍ സംഗമിക്കുന്ന പുതുക്കാട് ജംഗ്ഷനിൽ പ്രതിദിനം ആയിരക്കണക്കിനു പേരാണ് ദേശീയപാത മുറിച്ചുകടക്കുന്നത്. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതം. അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനവും കാല്‍നടയാത്രക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടെ പുതുക്കാട് സിഗ്നലിലെ സീബ്രാ ലൈന്‍ മാഞ്ഞുപോകുകയും ചെയ്തു.
പുതുക്കാട് കുറുമാലി, നന്തിക്കര മേഖലയിലും അപകടങ്ങള്‍ പതിവാണ്. കുറുമാലിയിലും നന്തിക്കര സ്കൂള്‍ സ്റ്റോപ്പിലുമുള്ള യുടേണുകള്‍ അപകടക്കെണികളായി മാറി. ഇവിടെ വാഹനങ്ങള്‍ തിരിയുന്നതിനിടെയും റോഡ് മുറിച്ചുകടക്കുന്നതിനിടെയും നിരവധി അപകടങ്ങളാണ് ഉണ്ടായത്.
അപകടക്കെണിയൊരുക്കി മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയും
പട്ടിക്കാട്: ദേശീയപാത അധികൃതരുടെ അനാസ്ഥയിൽ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലും നിരവധി അപകടങ്ങളാണ് നടക്കുന്നത്. പ്രധാനപ്രശ്നം ദേശീയപാതയിലെ വെളിച്ചക്കുറവാണ്. ഇതുമൂലം ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുകയും ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ദേശീയപാതയിലെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിക്കാറുണ്ടെന്ന് ആംബുലൻസ് ഡ്രൈവർമാരും പറയുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്.
ദേശീയപാതയിലെ അനധികൃത പാർക്കിംഗ് മൂലവും ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. തകരാറിലായ വാഹനങ്ങൾ അപകടസൂചനാ ബോർഡുകൾ റോഡിൽ സ്ഥാപിക്കാതെ ഫാസ്റ്റ് ട്രാക്കിൽ നിർത്തിയിടുന്നത് പതിവുകാഴ്ചയാണ്. കൂടാതെ ചുവന്നമണ്ണിനു സമീപം പത്താംകല്ല് ബിവറേജസ് ഷോപ്പിനുമുന്നിൽ ചരക്കുലോറികൾ ആറുവരിപ്പാതയിൽ നിർത്തിയിട്ടാണ് ഡ്രൈവർമാർ മദ്യം വാങ്ങാൻ പോകുന്നത്. ഇതെല്ലാം സ്ഥിരം അപകടമേഖലയാണ്.
പീച്ചി പൊലീസിൽ ഉൾപ്പെടെ ഒട്ടേറെ പരാതികൾ ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയിട്ടുണ്ട്. എന്നിട്ടും ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻവേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.