പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: മേനംകുളം അർധനാരീശ്വര ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണച്ചടങ്ങുകൾക്കിടെ വയോധികരുടെ സ്വർണം കവർന്നു.
ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടു വയോധികരുടെ അഞ്ചു പവനിലധികം വരുന്ന സ്വർണമാലകളാണ് തിരക്കിനിടയിൽ കവർന്നത്. കഴക്കൂട്ടം സുരേഷിന്റെ ഭാര്യ ഇന്ദിരാകുമാരിയുടെ രണ്ടേമുക്കാൽ പവൻ മാലയും പള്ളിനട സ്വദേശി സരളകുമാരിയുടെ മൂന്നുപവന്റെ മാലളുമാണു മോഷ്ടിച്ചത്. രാവിലെ എട്ടുമണിയോടെയാണ് ഇരുവരും ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രത്തിലെത്തിയത്. വാവുബലി ചടങ്ങുകൾ നടന്ന സമയത്ത് ക്ഷേത്രത്തിലും പരിസരത്തും കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനിടയിലാണ് മാലകൾ നഷ്ടപ്പെട്ട വിവരം ഇരുവരും അറിയുന്നത്.
തുടർന്നു ക്ഷേത്ര പരിസരത്തു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും കഴക്കൂട്ടം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വാവുബലി ദിനത്തിലെ തിരക്ക് മുതലെടുത്ത് എത്തിയ മോഷണസംഘങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.