പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് എത്തിയപ്പോൾ.
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരിജോസഫ് എത്തി.
ഇന്നലെ രാവിലെ 11ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പ് സെക്രട്ടറി പുതിയ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വകുപ്പ് തല ഉദ്യോഗസ്ഥർ, കെട്ടിടത്തിന്റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ഹൗസിംഗ് ബോർഡ് അധികൃതർ, കരാറുകാർ, കോട്ടയം ഡി എം ഒ വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരുമായി ചർച്ച നടത്തി. തുടർന്ന് ആശുപത്രിയുടെ ലാബ് , ഓപ്പറേഷൻ തിയേറ്റർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം പരിശോധിച്ചു.
ഡിഎംഒ ഡോ. എൻ.പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർ, ആർ എം ഒ ഡോ.ബിജുഫിലിപ്പ്, എൻ എച്ച് എം ഡയറക്ടർ ഡോ.സാം സേവ്യർ, ഹൗസിംഗ് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ നസറുദ്ദീൻ, എ എക്സ് ഇ എ.കെ.സ്റ്റീഫൻ, എ ഇ സുമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
86കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്.70മീറ്റർ നീളത്തിലും35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിട സമുച്ചയത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. ഇനി സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നത്.
വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മൂന്നോടെആരോഗ്യവകുപ്പ് ഡയറക്ടർ ഷർമിള മേരി ജോസഫ് എയിംസിനായി പരിഗണിക്കുന്ന വൈക്കം വെള്ളൂരിലെ സൈറ്റിൽ കെ. ബിനിമോൻ എംഎൽഎയ്ക്കൊപ്പമെത്തി സ്ഥലപരിശോധന നടത്തി.
സ്കെച്ചും പ്ലാനും പരിശോധിച്ച് റെയിൽവേസ്റ്റേഷൻ, മൂവാറ്റു പുഴയാറിലെ ജലലഭ്യത, റോഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി.കെപിപിഎൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Health Department