മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് ലേബർ ക്യാന്പിലെ ജീവനക്കാരെ മാറ്റുന്നു.
തിരുവമ്പാടി: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശത്തെ ലേബർ ക്യാന്പുകളിൽ താമസിച്ചിരുന്ന ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.
മുത്തപ്പൻപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്കാണ് 75 ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റിപ്പാർപ്പിച്ചത്.അതേസമയം, കൂടുതൽ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ മുത്തപ്പൻപുഴ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
ചപ്പാത്ത് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായ സാഹചര്യത്തിൽ രാത്രിയിൽ വിവരമറിയാതെ എത്തുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് റോഡ് താൽക്കാലികമായി അടച്ചത്.സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മഴയുടെ തോത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode