കുമ്പള: പ്രമാദമായ സമൂസ റഷീദ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് വിഷം ഉള്ളിൽച്ചെന്നു മരിച്ചു. മാവിനക്കട്ടയിലെ അഭിലാഷ് എന്ന ഹബീബ് (31) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് കുമ്പള ദേശീയപാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ ഹബീബിനെ പോലീസ് ഇടപെട്ട് കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു.
അവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷം ഉള്ളിൽചെന്നതായി കണ്ടെത്തിയത്. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.
2023 ഒക്ടോബറിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സമൂസ റഷീദിനെ കുമ്പള ഐഎച്ച്ആർഡി കോളജിനു സമീപത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിലെ പ്രധാന പ്രതിയായിരുന്നു ഹബീബ്.
2019 ൽ കാസർഗോഡ് ടൗണിൽവച്ച് ഷാനു എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു സമൂസ റഷീദ്. കൊലപാതകത്തിനു പുറമേ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവു കടത്ത്, കാപ്പ ഉൾപ്പെടെ നിരവധി കേസുകൾ ഹബീബിന്റെ പേരിലും ഉള്ളതായി പോലീസ് അറിയിച്ചു.
കാസർഗോഡ് ചൗക്കി സ്വദേശിയായ ഇയാൾ ഏതാനും വർഷം മുമ്പാണ് കുമ്പള മാവിനക്കട്ടയിലേക്ക് താമസം മാറ്റിയത്.
Tags : consuming poison man died Habeeb death