പൂവച്ചൽ : പള്ളിയിലെ കാണിക്കവഞ്ചി കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. പ്രതികൾ ജയിലിൽനിന്നു പരോളിൽ ഇറങ്ങിയവരാണെന്നു സൂചന.
പൂവച്ചൽ കുറകോണം പാറമുകൾ സിഎസ്ഐ പള്ളിയിലെ കാണിക്കവഞ്ചിയാണ് കഴിഞ്ഞദിവസം കവർച്ച ചെയ്യപ്പെട്ടത്. പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തുറന്ന് അതിലുണ്ടായിരുന്ന പണം മോഷ്ടിച്ചെന്നാണു പ്രാഥമിക നിഗമനം.
ഏകദേശം പതിനയ്യായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നു പള്ളി കമ്മിറ്റി അംഗങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം രാവിലെ സ്കൂൾ ബസിനായി കാത്തുനിന്ന വിദ്യാർഥിയാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്.
തുടർന്ന് വിദ്യാർഥി വീട്ടുകാരെയും പള്ളി സെക്രട്ടറിയെയും വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് മുമ്പും വിവിധ കുറ്റകൃത്യങ്ങൾ നടന്നിട്ടുള്ളതിനാൽ ആ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടർന്നു പള്ളി വികാരി ഫാ. തങ്കരാജ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Tags : Local News Nattuvishesham Thiruvananthapuram