മുണ്ടക്കയം മുളംപാലത്തിന്റെ വശങ്ങളിൽ വളർന്നു നിൽക്കുന്ന കാട്.
മുണ്ടക്കയം: ദിവസേന നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനട യാത്രക്കാരും കടന്നുപോകുന്ന മുണ്ടക്കയം മുളങ്കയം പാലത്തിന്റെ വശങ്ങളിൽ കാട് വളർന്ന് നിൽക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുമളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുണ്ടക്കയം ടൗണിൽ കയറാതെ എരുമേലി, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കും മുണ്ടക്കയം ബൈപാസിലേക്കും എത്തുന്ന റോഡിലെ പ്രധാന പാലമാണിത്. കൂടാതെ സമീപത്തെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും സമീപവാസികളും കാൽനടയായി സഞ്ചരിക്കാൻ ഉപയോഗിക്കുന്നതും മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാലവുമാണിത്.
പാലത്തിന്റെ ഇരുവശങ്ങളിലും വലിയതോതിൽ കാടു വളർന്നു നിൽക്കുന്നതിനാൽ വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാർ പാലത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 34ാം മൈലിൽ നിന്നു തിരിഞ്ഞ് മുളങ്കയംപാലത്തിലേക്ക് എത്തുന്നതിന് മുന്പും ശേഷവും റോഡിൽ വലിയ വളവുകളാണുള്ളത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞ് പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് പലപ്പോഴും കാൽനട യാത്രക്കാരെ ശ്രദ്ധിക്കുന്നത്. ഇത് വലിയ അപകടങ്ങൾക്കും വഴിവച്ചേക്കും. കാടു വളർന്നു നിൽക്കുന്നത് മേഖലയിൽ ഇഴ ജന്തുക്കളുടെ ശല്യം വർധിക്കുവാൻ ഇടയാക്കുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മുളങ്കയം പാലത്തിന്റെയും റോഡിന്റെയും വശങ്ങളിൽ വളർന്നുനിൽക്കുന്ന കാട് അടിയന്തരമായി വെട്ടി മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി.
Tags : Nattuvishesham District news