ദേശീയപാതയിലെ ഉയരപ്പാതയിൽ രൂപപ്പെട്ട കുഴി അശാസ്ത്രീയമായ രീതിയിലാണ് അടച്ചതെന്നും യാത്രക്കാര്‍ക്ക് ഇത് ഭീഷണിയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ചേർത്തല: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയത് വിവാദമായി. ദേശീയപാത അഥോറിറ്റിയുടെ നീക്കം യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരവുമായി സ്ഥലത്തെത്തി. ദേശീയപാതയില്‍ പതിനൊന്നാം മൈലിലെ ഉയരപ്പാതയിൽ രൂപപ്പെട്ട വൻ ഗർത്തം രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയതാണ് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ എന്ത് ചെയ്യണമെന്നറിയാതെ മണിക്കൂറോളം കുഴങ്ങി.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ദേശീയപാത 66ൽ പതിനൊന്നാം മൈലിൽ മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ആഴമേറിയ ഗർത്തം രൂപപ്പെട്ടത്. മേൽപാലത്തിലൂടെ കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസും സ്വകാര്യ കാറും കടന്നുപോയതിന്റെ പിന്നാലെയാണ് 10 അടി യോളം റോഡ് താഴ്ന്ന് പോയത്.
വലിയ അപകടത്തിൽനിന്നും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദേശീയപാത അധികൃതർ കുഴി മൂടാൻ മണ്ണുമാന്തിയുമായി എത്തിയെങ്കിലും പ്രദേശവാസികളും യാത്രക്കാരും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് കുഴി മൂടാതെ മടങ്ങി. എന്നാൽ, അർധരാത്രിയോടെ എല്ലാവരും മടങ്ങിയപ്പോൾ ഭീമാകാരമായ ഗര്‍ത്തം സിമന്റും കല്ലും ഉപയോഗിച്ച് മൂടുകയായിരുന്നു.
തുടർന്ന് ബുധനാഴ്ച രാവിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ടാറിംഗ് പ്രവർത്തനം തടസപ്പെട്ടു. നിർമാണത്തിലെ അപാകത മറയ്ക്കാനുള്ള ശ്രമമാണിതെന്ന് നാട്ടുകാർ ആരോപിച്ചു. വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. കുഴി മൂടുന്നതിന് മുമ്പ് പരിശോധന നടത്തണമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഒരുമാസം മുമ്പ് ഈ മേഖലയിൽ ഗർത്തം ഉണ്ടായ ഭാഗത്തിന് സമീപം കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിരുന്നു. ഇത് അധികൃതർ പരിഹരിച്ചെങ്കിലും പൈപ്പ് പൊട്ടിയപ്പോൾ ഒഴുകിപ്പോയ വെള്ളത്തോടൊപ്പം മണ്ണും പോയതാണ് റോഡ് താഴ്ന്ന് ഗർത്തമുണ്ടാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉടൻതന്നെ ഇത് പരിശോധിച്ച് പൈപ്പുകൾ മാറ്റാനുള്ള നപടികൾ സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് എത്തിയ ദേശീയപാത വിഭാഗം ജനറൽ മാനേജർ ജോൺ ജീവൻ പറഞ്ഞു. ഇവിടെ ഇപ്പോൾ ചെയ്തിരിക്കുന്നത് താത്കാലിക സംവിധാനമാണ്. അടിയിൽനിന്ന് മണ്ണ് പോയതുകൊണ്ടാണ് റോഡ് താഴ്ന്നത്. മണ്ണ് പൂർണമായി നീക്കി അടിത്തറയിട്ട് നിരപ്പാക്കും. പൈപ്പ് ലൈൻ പൊട്ടിയാൽ ഇതുപോലെ സംഭവിക്കാം. അത് ഒഴിവാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ജോൺ ജീവൻ പറഞ്ഞു.
ഗർത്തം സിമന്റിട്ട് മൂടിയതോടെ ഉള്ളിലെ മണ്ണിടിച്ചിലിന്റെയും ജലചോർച്ചയുടെയും യഥാർഥ കാരണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. വിദഗ്ധ പരിശോധന കൂടാതെ മൂടിയത് വൻ അപകടത്തിന് വഴിവയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതകൾ പരിഹരിക്കാൻ ഉന്നതതല പരിശോധന അടിയന്തരമായി നടത്തണമെന്നും മുഖ്യമന്ത്രി ഇടപെട്ട് ദേശീയപാത അഥോറിറ്റിക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താൻ നിർദ്ദേശം നൽകണമെന്നും പി. പ്രസാദ് എംഎൽഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് എംഎല്‍എ നിവേദനവും നല്കി.
ക്രൈംബ്രാഞ്ച് വിജിലൻസ് ആലപ്പുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരും മാരാരിക്കുളം പോലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗവും സംഭവസ്ഥലത്ത് അന്വേഷണം നടത്തി.
Tags : Nattuvishesham District news