കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാന പാതയിൽ കോട്ടരുവത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണും കല്ലുകളും പതിച്ചപ്പോൾ.
കാസർഗോഡ്: ഇടയ്ക്കൊന്നു മാറിനിന്ന മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുന്നിടിച്ചിൽ ഭീതിയും തുടങ്ങി. കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിൽ മേൽപറമ്പിനു സമീപം കോട്ടരുവത്ത് കുന്നിടിഞ്ഞുവീണതിനെ തുടർന്ന് ഇന്നലെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കുന്നിടിഞ്ഞ സമയത്ത് സംസ്ഥാനപാതയിലുണ്ടായിരുന്ന കാറിന്റെ മുൻവശത്ത് പാറക്കല്ലുകൾ പതിച്ചു. ഭാഗ്യംകൊണ്ടു മാത്രമാണ് യാത്രക്കാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ചെർക്കള ബേവിഞ്ചയിൽ ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഈ സ്ഥലത്ത് മണ്ണിടിഞ്ഞതാണ്. ഇതിനുശേഷവും 35 മീറ്ററോളം ഉയരത്തിൽ അശാസ്ത്രീയമായി ഇടിച്ച കുന്ന് ഇപ്പോൾ കടുത്ത അപകടഭീഷണിയിലാണ്. ഈ കുന്നിനോടു ചേർന്നുള്ള റോഡിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിൽ ഏറ്റവുമധികം ആശങ്ക നിലനിൽക്കുന്ന ചെറുവത്തൂർ വീരമലക്കുന്നിലും മണ്ണിടിച്ചിൽ ഭീതി അകറ്റുന്നതിനുള്ള പ്രവൃത്തികളൊന്നും പൂർത്തിയായിട്ടില്ല. കുന്നിടിച്ച ഭാഗം തട്ടുകളായി തിരിച്ച് വലവിരിച്ച ഭാഗത്തുതന്നെ ആഴ്ചകൾക്കു മുമ്പ് വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു.
കുന്നിടിച്ചുകൊണ്ട് സംസ്ഥാനപാതയുടെ നിർമാണം നടത്തിയ കോട്ടരുവത്തും സമീപപ്രദേശങ്ങളിലും മുൻകാലങ്ങളിൽ എല്ലാ മഴക്കാലത്തും മണ്ണിടിച്ചിൽ പതിവായിരുന്നു. പിന്നീട് ഇതൊഴിവാക്കാനായി കുന്നിടിച്ച ഭാഗം തട്ടുകളായി തിരിച്ച് കോൺക്രീറ്റ് പാർശ്വഭിത്തികൾ നിർമിക്കുകയായിരുന്നു. ഈ പാർശ്വഭിത്തികൾക്കും മുകളിൽനിന്നാണ് ഇന്നലെ മണ്ണിടിഞ്ഞത്. വളരെ ഉയരത്തിൽനിന്ന് മണ്ണും പാറക്കല്ലുകളും റോഡിലേക്ക് പതിച്ചപ്പോൾ അധികം വാഹനങ്ങളോ കാൽനടയാത്രക്കാരോ റോഡിലില്ലാതിരുന്നതുകൊണ്ടു മാത്രമാണ് വലിയ അപകടം ഒഴിവായത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം ഏറെക്കുറെ തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബേവിഞ്ചയിൽ കുന്നിടിച്ച ഭാഗത്തിന്റെ സംരക്ഷണത്തിനായി നേരത്തേ നടത്തിയിരുന്ന സോയിൽ നെയിലിംഗ് ഇപ്പോൾ പൂർണമായും ഇടിഞ്ഞ നിലയിലാണ്. ഇവിടെ കോൺക്രീറ്റ് പാർശ്വഭിത്തിയുടെയും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുടെയും നിർമാണം മഴ ശക്തമാക്കുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കണമെന്ന് ജില്ലാ ഭരണകൂടം പലതവണ നിർദേശം നൽകിയിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. ചെർക്കള ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള റോഡിൽ ഇപ്പോൾ ഗതാഗതം പൂർണമായും തടഞ്ഞിട്ടുണ്ട്. മറുവശത്തുള്ള മൂന്നുവരിപ്പാതയിലൂടെയാണ് രണ്ടു വശത്തേക്കുമുള്ള വാഹനങ്ങളെ കടത്തിവിടുന്നത്. ഇതോടെ ഇവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. കുന്നിൽ നിന്ന് അകലെയായി കോൺക്രീറ്റ് പാലത്തിന്റെ രൂപത്തിൽ നിർമിച്ച ഈ പാത തന്നെ ആറുവരിയായി നിർമിക്കുന്നതിനു പകരം മറുവശത്ത് കുന്നിടിച്ച് പാത നിർമിച്ചത് എന്തിനെന്ന ചോദ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
Tags : Nattuvishesham District news