മുളയുത്പന്നങ്ങൾ കൊണ്ട് ഒരുക്കിയ ആർട്ട് ഗാലറി.
ഇരിട്ടി: മുളയുത്പന്ന നിർമാണത്തിൽ വിസ്മയം തീർത്ത് പായം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള 60 വനിതകളുടെ സംഘം. ബാംബൂ ഇൻഡസ്ട്രിയൽ വില്ലേജ് പദ്ധതിയായ ഊർവരത്തിന്റെ മുളയുത്പന്ന പരിലീശന പരിപാടിയിലാണ് മുളയിൽ മ്യൂറൽ പെയിന്റിംഗ് ഉൾപ്പെടെയുള്ളവ തീർത്തത്. മുളന്തണ്ടുകളിൽ മനോഹരമായ മ്യൂറൽ പെയിന്റിംഗുകളും ബാംബു മ്യൂറൽ ഡെക്കാ പേജ് നിർമാണത്തിലും ലഭിച്ച പരിശീലനം സ്ത്രീശാക്തീകരണത്തിന് കൂടുതൽ കരുത്തേകുകയാണ്. പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച മൂല്യവർധിത മുളയുത്പന്നങ്ങൾ കൊണ്ട് പായം പഞ്ചായത്ത് ഹാളിൽ താത്കാലികമായി ആർട്ട് ഗാലറിയും ഒരുക്കിയിരുന്നു.
തൊഴിൽരഹിതരായ വനിതകൾക്ക് പരിശീലനം നൽകി പായം പഞ്ചായത്തിനെ ബാംബൂ ഇൻഡസ്ട്രിയൽ വില്ലേജാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗത്തിന്റെ ആദ്യഘട്ട പരിശീലനമായാണ് "ഊർവരം -2026' സംഘടിപ്പിച്ചത്. 20 പേരടങ്ങുന്ന മൂന്ന് ബാച്ചുകളയി തിരിച്ച് മൂന്ന് ഇനങ്ങളിലായി പരിശീലനം നൽകി.
2023 ൽ പഞ്ചായത്ത് വയനാട് ജീവൻ ജ്യോതിയുമായി സഹകരിച്ചു പഞ്ചായത്ത് പരിധിയിലെ ബാരാപ്പുഴ പുഴയോരത്തെ 10 കിലോമീറ്റർ ദൂരത്തിൽ മുളകൾ നട്ടുപിടിപ്പിച്ചിരുന്നു. 26 ഇനങ്ങളിലായി 5000 മുളകളാണ് വളർത്തിയെടുത്തത്. മൂന്ന് വർഷത്തിനകം വളർച്ചയെത്തി ഇവ പടർന്നു പന്തലിച്ചിരുന്നു. കിളിയന്തറയിലെ മുള, ഈറ്റ, പനമ്പ് നെയ്ത്തുകാരായ പരമ്പരാഗത തൊഴിലാളികൾക്കു മുള ലഭ്യമാക്കാനും പുഴയോര സംരക്ഷണത്തിനും പദ്ധതിയൊരുക്കിയാണു അന്നു പഞ്ചായത്ത് മുളഗ്രാമത്തിനു തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായാണു ബാംബൂ ഇൻഡസ്ട്രിയൽ വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. വളർച്ചയെത്തിയ മുളകളുപയോഗിച്ച് മൂല്യവർധിത കരകൗശല ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന തരത്തിൽ മുളയധിഷ്ഠിത വ്യവസായ വില്ലേജാക്കി പായത്തെ മാറ്റുകയാണ് ലക്ഷ്യം.
അഞ്ചു വർഷത്തിനകം തൊഴിൽരഹിതരായ 400 വനിതകൾക്കു മുളയുത്പന്ന നിർമാണ, കരകൗശല രംഗത്ത് സ്വയം തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. പരിശീലന പരിപാടിയുടെ സമാപനവും താത്കാലിക ആർട്ട് ഗാലറിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി സ്ഥിരം ആർട്ട് ഗാലറിയും വിപണന സ്റ്റാളുകളും നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ പറഞ്ഞു. ഊർവരം പുസ്തക പ്രകാശനം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു. കൽപ്പറ്റ ജീവൻജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ് സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. ജെസി മെമന്റോ വിതരണവും നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുമേഷ്, കെ.പ്രദോഷ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പവിത്രൻ പായം, സ്മിത രജിത്ത്, കെ.വി. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ടോം മാത്യു, പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ, അസിസ്റ്റന്റ് സെക്രട്ടറി ജെയ്സ് ടി. തോമസ്, സിഡിഎസ് അധ്യക്ഷ കെ.കെ. മഞ്ജു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news