ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ റവന്യു ഭൂമിയിൽ അവകാശമുന്നയിച്ച് വനം വകുപ്പ് നടത്തുന്ന നടപടികൾ നാട്ടുകാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. യുവാക്കൾ ഉൾപ്പെടെ നിരവധി പേർക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതു പതിവായിരിക്കുകയാണ്. പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് വനം വകുപ്പിന്റെ ജനദ്രോഹ നടപടികൾ നടക്കുന്നത്.
വനം വകുപ്പ് സമാന്തര സർക്കാരായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
നഗരംപാറ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികൾ. യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
റവന്യു ഭൂമിയിൽ വനം വകുപ്പ് അവകാശം ഉന്നയിക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വനഭൂമിയുടെ അതിരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നിരവധിതവണ അപേക്ഷകൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
40 വർഷങ്ങൾക്ക് മുൻപുതന്നെ ആളുകൾ കുടിയേറി താമസിക്കുന്ന പ്രദേശമാണ് ഇടത്തോട് മേഖല. റവന്യു തരിശുഭൂമിയായി കിടക്കുന്ന പാറക്കെട്ടുകൾ ഉൾപ്പെടുന്ന സ്ഥലങ്ങൾപോലും വനം വകുപ്പ് അവരുടേതാണെന്ന് അവകാശമുന്നയിക്കുന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശത്ത് പലപ്പോഴും ഉണ്ടാകുന്ന കാട്ടുതീപോലും വനം വകുപ്പിന്റെ സൃഷ്ടിയാണെന്നും ആരോപണമുണ്ട്. ഭീതിപ്പെടുത്തിയും കേസിൽപ്പെടുത്തിയും പ്രദേശവാസികളെ കുടിയിറക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
വനം വകുപ്പ് ജീവനക്കാരെ ഭയന്ന് നിരവധി കുടുംബങ്ങൾ മലമുകളിൽനിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറിയതായും ഇവർ പറയുന്നു. വർഷങ്ങളുടെ പഴക്കമുള്ള തെങ്ങ് ഉൾപ്പെടെയുള്ള കൃഷികളും ഇവിടെ പതിറ്റാണ്ടുകളായി കർഷകർ താമസിക്കുന്നതിനുള്ള വ്യക്തമായ തെളിവാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ആറുവർഷം മുൻപ് വീടിന് സ്ഥലം തയാറാക്കുന്നതിനിടെ രണ്ട് പാഴ്ത്തടികൾ പിഴുതുമാറ്റിയ സംഭവത്തിൽ ഒരു ജെസിബി വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുവരെ വാഹനം തിരിച്ചെടുക്കാനായിട്ടില്ല.
പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ വനം വകുപ്പിന്റെ ജനദ്രോഹ പ്രവൃത്തികൾക്ക് അറുതിവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : Nattuvishesham District news