തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെയും പുഷ്പഗിരി മെഡിക്കൽ
തിരുവല്ല: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമൂഹത്തിന്റെ പൊതു സ്വത്താണെന്ന് മന്ത്രി കെ. മുരളീധരൻ. മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെയും പുഷ്പഗിരി മെഡിക്കൽ കോളജ് ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനവും പുഷ്പഗിരി കാൻ കെയറിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏതു സമയത്തും എന്താവശ്യത്തിനും കക്ഷിരാഷ്ട്രീയം ഇല്ലാതെയും ജാതിചിന്തകൾക്ക് അതീതമായും സമീപിക്കാവുന്നതും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നതുമായ വ്യക്തിത്വമാണ് മാർ ക്ലീമിസ് ബാവയുടേതെന്നു മുരളീധരൻ പറഞ്ഞു.
വൈദ്യശാസ്ത്രരംഗത്ത് സ്വകാര്യ പങ്കാളിത്തത്തിന്റെ നാഴികക്കല്ലാണ് പുഷ്പഗിരി മെഡിക്കൽ കോളജ്. ഒരുകാലത്ത് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമേ മെഡിക്കൽ പഠനത്തിനുണ്ടായിരുന്നുള്ളൂ. ഈ ഘട്ടത്തിൽ കുട്ടികളെ സ്വകാര്യ പങ്കാളിത്തത്തിലൂടെ പഠിപ്പിക്കുന്നതിനായി ആരംഭിച്ച ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളജാണ് പുഷ്പഗിരി. കൂടുതൽ കുട്ടികൾക്ക് കേരളത്തിൽ തന്നെ മെഡിക്കൽ പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കിയത് ഇത്തരം സ്വാശ്രയ കോളജുകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അബിൻ വർക്കി എംഎൽഎ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പുതുതായി ആരംഭിക്കുന്ന കാൻസർ സെന്ററിന്റെ ശില കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ആശീർവദിച്ചു.
ആന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ, ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, തിരുവല്ല അതിരൂപത വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ്, ഡോ. രാജു മാത്യു സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Jubilee Celebration