കാസര്‍ഗോഡ് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ.എം. ഷാജി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
കാസർഗോഡ്: ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തില്‍ കാസര്‍ഗോഡ് നഗരസഭാ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനുശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
അഹിംസ എന്നത് ആയുധമെടുക്കാതിരിക്കല് മാത്രമല്ല, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ബഹുമാനിക്കല്‍ കൂടിയാണെന്നാണ് ഗാന്ധിജി പറഞ്ഞത്. രാജ്യത്തെ ഓരോ പൗരനും ജനാധിപത്യം അനുഭവിക്കണമെങ്കില്‍ അധികാരം കൈകാര്യം ചെയ്യുന്നവര്‍ സഹിഷ്ണുതയുള്ളവരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
തന്നെ തടവിലിട്ട ജനറല്‍ ജാന്‍ സ്മട്സിന് സ്വന്തം കൈകൊണ്ട് ചെരുപ്പുണ്ടാക്കി സമ്മാനിച്ച ഗാന്ധിജിയും തനിക്കെതിരെ തന്നെ വിമര്‍ശനങ്ങളുമായി മറ്റൊരു പേരില്‍ പത്രങ്ങളില്‍ ലേഖനങ്ങളെഴുതിയ ജവഹര്‍ലാല്‍ നെഹ്റുവുമാണ് എതിരാളിയെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃകയെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് ഒരു അത്ഭുതകരമായ ജനാധിപത്യ പരീക്ഷണമാണ്.
തുല്യതയും സാഹോദര്യവും ഉറപ്പുനല്‍കുന്ന മഹത്തായ ഒരു രാജ്യമാണ് രാജ്യത്തിനു വേണ്ടി രക്തസാക്ഷ്യം വഹിച്ച പതിനായിരക്കണക്കിന് മനുഷ്യര്‍ സ്വപ്നം കണ്ടത്. ആ സ്വപ്നങ്ങളുമായി പുതിയ കാലത്തേക്ക് നമ്മുടെ രാജ്യത്തെ വഴിനടത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പുതുതലമുറ കൂടിയാണ്. യുവാക്കള്‍ സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും കാവല്‍ നില്ക്കുന്ന ഒരിന്ത്യയാണ് നമ്മുടെ ലക്ഷ്യങ്ങളില്‍ ഇനി ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ല പോലീസ് മേധാവി പി.നിധിന് രാജ് എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, കല്ലട്ര മാഹി്, കെ.നീലകണ്ഠന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, എഡിഎം പി. ഉദയകുമാര്‍, എഎസ്പി അച്യുത് അശോക്, ആര്‍ഡിഒ എം.എസ്. വിജു കുമാര്‍ എന്നിവർ പങ്കെടുത്തു.
കാസര്‍ഗോഡ് എസ്എച്ച്ഒ നളിനാക്ഷന് സ്വാതന്ത്ര്യദിന പരേഡിന് നേതൃത്വം നല്കി. ചന്തേര എസ്ഐ മനു പി. ചെറിയാന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡായി. കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഗ്രേഡ് എസ്ഐ ജിന്‍സ് ജോസഫും ലോക്കല്‍ പോലീസിനെ മഞ്ചേശ്വരം എസ്ഐ അനൂപ് എസ്. നായരും വനിതാ പോലീസിനെ ഹൊസ്ദുര്‍ഗ് എസ്ഐ അഞ്ജലിയും എക്സൈസിനെ ബന്തടുക്ക റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഹബാസ് അഹമ്മദും നയിച്ചു.
എന്‍സിസി സീനിയര്‍ ഡിവിഷനെ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കാര്‍ത്തിക് കിഷോറും ജൂണിയര്‍ ഡിവിഷനെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സര്‍ജന്റ് എം.ആരോമല്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കമാന്‍ഡര്‍ ശ്രേയ, ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സര്‍ജന്റ് വേദ സുജിത്ത്, കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സര്‍ജന്റ് അശ്വിന് ദേവ് എന്നിവരും നയിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.ആര്. ഷാന്‍വി, നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്.ഹാന, ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ ആരാധ്യ, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.വി. തന്മയ, ബാന്‍ഡ് പാര്‍ട്ടി വിഭാഗത്തില്‍ ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ രാഹുല്‍ രാജ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ നാംദേവ് എന്നിവരും പരേഡ് നയിച്ചു.