ഇതു കൊള്ളാലോ...തൃശൂരിലെ ഓണവിപണിയിൽ റെഡിമെയ്ഡ് പൂക്കളം നോ ക്കുന്ന കുടുംബം. - ടോജോ പി.
തൃശൂർ: തൊടിയിലെ തുന്പപ്പൂവും മുക്കുറ്റിയും തേടിയുള്ള കുട്ടിക്കാലഓർമകളും, അതിരാവിലെ ചാണകം മെഴുകിയ വീട്ടുമുറ്റങ്ങളും ഓർമ മാത്രമായി മാറിയതോടെ ഓണവിപണി കീഴടക്കാൻ റെഡിമെയ്ഡ് പൂക്കളങ്ങൾ എത്തിക്കഴിഞ്ഞു. തിരക്കുപിടിച്ച ജീവിതശൈലിയിൽ കടകളിൽ കയറിയിറങ്ങി പൂക്കൾ വാങ്ങാനും തറയിൽ ഡിസൈൻ വരച്ച് മണിക്കൂറുകളോളം പൂക്കളമൊരുക്കാനും സമയമില്ലാത്തവർക്കായി അഹമ്മദാബാദിൽനിന്നും മധുരയിൽനിന്നും ട്രെയിൻ കയറിയെത്തിയ കൃത്രിമ പൂക്കളങ്ങൾക്ക് ഇത്തവണ തൃശൂരിലെ വിപണിയിൽ വൻ ഡിമാൻഡാണ്. കൃത്രിമ അസംസ്കൃതവസ്തുക്കൾ എത്തിച്ച് സ്വന്തമായി നിർമിച്ചെടുക്കുന്ന മോഡലുകളും വിപണിയിലുണ്ട്.
ചെറിയ ലിവിംഗ് റൂമുകൾ മുതൽ വൻകിട ഓഫീസുകളുടെ വിശാലമായ ഹാളുകൾക്കു വരെ യോജിക്കുന്ന വിവിധ വലിപ്പത്തിലും ഡിസൈനിലും ഇവ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടടിയുള്ള ചെറിയ പൂക്കളങ്ങൾക്ക് 260 രൂപ മുതലാണു പ്രാരംഭവില. മൂന്നരടി വലിപ്പമുള്ളവ 650 രൂപ മുതൽ 900 രൂപ വരെയുള്ള നിരക്കിൽ ലഭിക്കും. വിശാലമായ ഇടങ്ങളിൽ ഒരുക്കാൻ സാധിക്കുന്ന അഞ്ചരടിയുടെ വലിയ പൂക്കളങ്ങൾക്ക് 4,500, 5,500, 6,500 എന്നിങ്ങനെയാണു വില.
ഒറിജിനാലിറ്റിയും ഈടും നൽകുന്ന പ്രത്യേക തുണിയിൽ നിർമിച്ച് ചട്ടയിൽ ക്രമീകരിച്ച രീതിയിലുള്ള ചെണ്ടുമല്ലി മാല മോഡൽ പൂക്കളങ്ങൾ മധുരയിൽനിന്നാണ് എത്തുന്നത്. 350, 450, 700, 1,000 രൂപ നിരക്കുകളിൽ ലഭ്യമാണ്.
അഹമ്മദാബാദിൽനിന്നുള്ള ജനപ്രിയ മാറ്റ് മോഡലുകൾ 350 മുതൽ 450 രൂപ വരെയുള്ള ബജറ്റ് നിരക്കിലും വാങ്ങാമെന്നും പുത്തൻപള്ളിക്കു സമീപമുള്ള കേരള ഫാൻസി ഉടമ ഷെബീർ പറഞ്ഞു. വീടുകളിലും ഓഫീസുകളിലും ഒരുപോലെ ഉപയോഗിക്കാമെന്നതിനാൽ ഇത്തവണയും റെഡിമെയ്ഡ് പൂക്കളങ്ങൾക്ക് ആവശ്യക്കാരേറെയാണ്.