പ്രതീകാത്മക ചിത്രം
തൃശൂർ: ജില്ലാതലത്തിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന വേദിക്കരികെ വന്ദേമാതരം പൂർണമായി ആലപിച്ച് ബിജെപിയുടെ പ്രതിഷേധം. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയ്ക്കു സമീപമായിരുന്നു പ്രതിഷേധം. ഇതേസമയം വിദ്യാർഥി കോർണറിൽ മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നടക്കുകയായിരുന്നു.
രാഷ്ട്രരക്ഷാസമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചു ബിജെപി നടത്തിയ ആഘോഷച്ചടങ്ങിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന കാര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനു കൃത്യമായ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ഭരിക്കേണ്ടതു പാണക്കാട് തങ്ങൾ പറയുന്നതനുസരിച്ചല്ല, ഡോ. ബി.ആർ. അംബേദ്കർ തയാറാക്കിയ ഭരണഘടന അനുസരിച്ചാണെന്നുമുള്ള ബോധ്യം വി.ഡി. സതീശനു ഉണ്ടാകണം. ദേശീയഗീതമായ വന്ദേമാതരം ആദ്യന്തം ആലപിക്കേണ്ടതു രാജ്യത്തിന്റെ നിയമമാണെന്നും ഈ നിയമം പാലിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ സ്ഥാനം രാജിവച്ച് പാണക്കാട്ടെ അടിമപ്പണിക്കുപോകുന്നതാണു നല്ലത്. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങി വി.ഡി. സതീശൻ സർക്കാർ വർഗീയനിലപാടുമായി മുന്നോട്ടുപോയാൽ ദേശസ്നേഹികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.കെ. അനീഷ്കുമാർ പറഞ്ഞു.
ബിജെപി തൃശൂർ സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, അനീഷ് ഇയാൽ, അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, ഡോ. വി. ആതിര തുടങ്ങിയവർ പങ്കെടുത്തു.
കോർപറേഷനിൽ പ്രസംഗം
തുടങ്ങിയിട്ടും വന്ദേമാതരം തീർന്നില്ല
ഇതേസമയം കോർപറേഷനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിലും വന്ദേമാതരം ആലാപനകോലാഹലം അരങ്ങേറി. മേയർ നിജി ജസ്റ്റിൻ ദേശീയപതാക ഉയർത്തിയശേഷം എല്ലാവരും ഒരുമിച്ചു ദേശീയഗാനം ആലപിച്ചുമടങ്ങുന്പോൾ ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണമായി ആലപിക്കാൻ ആരംഭിച്ചു. ഇതിൽ പങ്കെടുക്കാതെ മേയറും മറ്റു കൗണ്‍സിലർമാരും സമീപത്തെ വേദിയിലേക്കു മടങ്ങി. മേയറും ഡെപ്യൂട്ടി മേയറും പ്രസംഗിക്കുന്പോഴും ബിജെപി അംഗങ്ങൾ വന്ദേമാതരം ആലപിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ആലാപനശേഷം ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുദ്രാവാക്യങ്ങൾ മുഴക്കിയാണു ബിജെപി അംഗങ്ങൾ പിരിഞ്ഞത്.
ബിജെപി കൗണ്‍സിലർമാർ വന്ദേമാതരം ആലപിക്കുന്പോൾ മേയറും ഡെപ്യൂട്ടി മേയറും മൈക്കിലൂടെ പ്രസംഗിച്ച് ദേശീയഗീതം തടസപ്പെടുത്തിയെന്നു ബിജെപി കൗണ്‍സിലർമാർ ആരോപിച്ചു.
വടക്കുന്നാഥക്ഷേത്ര മൈതാനിയിൽ അനധികൃത പരിപാടി;
പോലീസിൽ പരാതി നൽകി
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ തെക്കെ ഗോപുരനടയ്ക്കടുത്ത് ദേവസ്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ക്ഷേത്രം മാനേജർ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാവിലെ ഒന്‍പതോടെ അന്‍പതോളം വരുന്ന ആളുകൾ സംഘടിച്ചെത്തിയാണു പരിപാടി നടത്തിയത്. ഇതു ചോദ്യംചെയ്ത ക്ഷേത്രജീവനക്കാരന്റെ നിർദ്ദേശം തള്ളിക്കളയുകയും തർക്കിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി നെഹ്റു മണ്ഡപത്തിനുസമീപം മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കുന്ന ഒൗദ്യോഗിക ചടങ്ങുകൾ നടക്കുന്ന സമയത്തായിരുന്നു അനധികൃതമായി പരിപാടി സംഘടിപ്പിച്ചത്.
ക്ഷേത്രമൈതാനിയിൽ അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു.
ബിജെപിയുടെ സമാന്തരപരിപാടി അനാദരവ്: ജോസഫ് ടാജറ്റ്
തൃശൂർ: ജില്ലയിലെ ഒൗദ്യോഗിക സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനു സമാന്തരമായി ബിജെപി തെക്കേ ഗോപുരനടയ്ക്കുമുന്നിൽ മറ്റൊരു പരിപാടി സംഘടിപ്പിച്ചത് അപലപനീയവും സ്വാതന്ത്ര്യദിനാഘോഷത്തോടുള്ള അനാദരവുമാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ഭരണസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതും വർഗീയ അജണ്ട നടപ്പാക്കാനുമുള്ള ശ്രമമാണിത്. ബിജെപിയുടെ ഇത്തരം തരംതാഴ്ന്ന പരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മഹത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കണം: അബ്ദുൾ ഖാദർ
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒൗദ്യോഗിക പരിപാടി നടക്കുന്ന സമയത്ത് വേദിക്കടുത്ത് സമാന്തര പരിപാടി സംഘടിപ്പിച്ച ബിജെപി നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ.
സാധാരണ നിലയിൽ ഒരു പാർട്ടിയും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനെ അലങ്കോലപ്പെടുത്തുന്ന ഒരു പരിപാടിയും നടത്താറില്ല. ബിജെപി കേന്ദ്രം ഭരിക്കുന്ന കക്ഷിയാകയാൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. നിയമലംഘനത്തിന് ബിജെപി നേതാക്കളുടെ പേരിൽ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷണർക്കു പരാതി നൽകി
തൃശൂർ: കോർപറേഷനിൽ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ വന്ദേമാതരം ആലപിക്കുന്നതിനു തടസം സൃഷ്ടിക്കുകയും ദേശീയഗീതത്തോട് അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ച് എൻഡിഎ കൗണ്‍സിലർ രഘുനാഥ് സി. മേനോൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി.