റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തില്‍ തെരുവുനായ് ശല്യം സംബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ്.
മുഖ്യമന്ത്രിക്കു പരാതിനൽകി
ഇരിങ്ങാലക്കുട: ശ്രദ്ധിക്കുക, നായ് ശല്യം ഉള്ളതിനാല്‍ ഗ്രില്‍ തുറന്നാല്‍ അടയ്ക്കാന്‍ മറക്കരുത്. സര്‍ക്കാര്‍ ഓഫീസിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്നതാണ് ഈ മുന്നറിയിപ്പ് ബോര്‍ഡ്.
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ ഓഫീസിലാണ് തെരുവുനായ് ശല്യം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയാകുന്ന സാഹചര്യമുള്ളത്. ഓഫീസിലേക്കുള്ള പ്രവേശനഭാഗത്തെ ഇരുമ്പ് ഗ്രില്ലിലാണ് നായ്ശല്യം സംബന്ധിച്ച മുന്നറിയിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെരുവുനായകള്‍ വരാന്തയിലേക്കും ഓഫീസിനുള്ളിലേക്കും കടക്കുന്നതു തടയുന്നതിനായാണ് ഗ്രില്‍ തുറന്നാല്‍ ഉടന്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു പ്രധാന സര്‍ക്കാര്‍ ഓഫീസിന്റെ പ്രവേശനകവാടത്തില്‍ത്തന്നെ തെരുവുനായ് ശല്യം സംബന്ധിച്ച് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കേണ്ടിവന്ന സാഹചര്യം അധികൃതരുടെ അടിയന്തര ശ്രദ്ധയില്‍പ്പെടേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മാള സോഷ്യല്‍ ഫോറം സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചസ് പ്രസിഡന്റ്് ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കി.
രണ്ടാം നിലയിലുള്ള ആര്‍ഡിഒ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും എത്തുന്നുണ്ട്. സിവില്‍ സ്റ്റേഷന് പരിസരത്ത് തെരുവുനായ് ശല്യം നിലനില്ക്കുന്നുണ്ടെങ്കില് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഷാന്റി ജോസഫ് തട്ടകത്ത് ആവശ്യപ്പെട്ടു.
തെരുവുനായകള്‍ക്കു പ്രസവിക്കാനും സിവില്‍ സ്റ്റേഷനിലെ പെട്ടികള്‍
ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയില്‍ താലൂക്ക് വ്യവസായവകുപ്പ് ഓഫീസിന്റെ എതിര്‍വശത്ത് ഒരു ഭാഗത്തായി കൂട്ടിയിട്ട മരത്തിന്റെ പെട്ടികളില്‍ ഒന്നില്‍ തെരുവുനായ പ്രസവിച്ചിരുന്നു. ഓഫീസുകള്‍ക്കു മുന്പില് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിട്ടും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.
ഗ്രൗണ്ട് ഫ്ലോറിലും ഒന്നാംനിലയിലും നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. താലൂക്ക് ഓഫീസിനു പിറകിലെ വരാന്തയിലും സ്ത്രീകളുടെ ശുചിമുറിയിലേക്ക് കടക്കുന്ന ഭാഗത്തും തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമാണ്. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്ന ഭാഗത്ത് വാതിലുകള്‍ക്ക് പൂട്ട് ഇല്ലാത്തതിനാല്‍ ഇവ കയറിയിറങ്ങുന്നതു പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു.