ചവറ: ആതുര ശുശ്രൂഷ രംഗത്ത് ലോകരക്ഷകാ ആശുപത്രിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നു മന്ത്രി ചിഞ്ചുറാണി. അരിനല്ലൂർ ലോകരക്ഷകാ ഹോസ്പിറ്റലിന്റെ നവീകരിച്ച ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വികസനമൊന്നും എത്തിച്ചേരുന്നതിന് മുന്പുതന്നെ ഒരു ഗ്രാമത്തിൽ ആശുപത്രി ആരംഭിച്ചു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആരോഗ്യപരിപാലനത്തിൽ കരുതലായി നിന്ന ചരിത്രമാണ് ലോകരക്ഷകാ ആശുപത്രിക്കു പറയാനുള്ളത്.
കോവിഡ് കാലത്തുപോലും ആരോഗ്യവും ജീവനും മറന്നു ആശുപത്രിയിലെ മാനേജ്മെന്റും ജീവനക്കാരും മഹാമാരിയോടു പടപൊരുതിയാണ് ഒട്ടേറെ ജീവനുകൾ രക്ഷിച്ചതെന്നും അത് അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. സൂപ്പീരിയർ ജനറാൾ റവ. മദർ റെനോറ മേരി എഫ്ഐഎച്ചിന്റെ അധ്യക്ഷത വഹിച്ചു.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അനുഗ്രഹപ്രഭാഷണം നടത്തി. ശാരീരികമായ അസ്വസ്ഥതകൾക്ക് ആശ്വാസം ലഭിക്കാൻഒരിടമില്ലായിരുന്ന ഈഗ്രാമത്തിൽ ആശുപത്രിയുടെ വാതിലുകൾ തുറന്നു കൊണ്ടു സംരക്ഷണകവചമൊരുക്കിയ വിമലഹൃദയസഭയുടെ സേവനം അഭിനന്ദനാർഹമാണെന്നു ബിഷപ് അനുഗ്രഹപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ദൈവദാസൻ ജെറോം പിതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനായി മുന്നിട്ടിറങ്ങിയ ലോക രക്ഷകാ ഹോസ്പിറ്റൽ അഗതികളുടെയും രോഗികളുടെയും കണ്ണീരൊപ്പുകയായിരുന്നുവെന്നും ബിഷപ് കൂട്ടിച്ചേർത്തു.
പുതിയ ഒടി ബ്ലോക്കിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എംപിയും ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎയും അത്യാഹിതവാർഡിന്റെ ഉദ്ഘാടനം കോവൂർ കുഞ്ചുമോൻ എംഎൽഎയും നിർവഹിച്ചു.
ആരോഗ്യസംരക്ഷണ സ്കീം സ്നേഹസ്പർശം പ്രോഗ്രാമും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി ഷിബു ബേബി ജോൺ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. ജർമീയാസ്, കരുനാഗപ്പള്ളി ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ് , ബിജെപി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, ചീഫ് ഇമാം സയ്യദ് മുഹമ്മദ്നദ്വി അൽ ഹാസാനി,ഫൊറോന വികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ, വികാരി ഫാ. മാത്യു കിനാരൂവിളയിൽ, പ്രൊവിൻഷ്യാൾ സൂപ്പീരിയർ സിസ്റ്റർ സെൽമ മേരി തുടങ്ങിയവർ പ്രസംഗിച്ചു. മദർ റെനോറ മെമന്റോ വിതരണം ചെയ്തു.
മെഡിക്കൽ സൂപ്രണ്ട് ഡോ.സിസ്റ്റർ ലോറൻസാ മേരി എഫ്ഐഎച്ച് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസ് മേരി എഫ്ഐഎച്ച് നന്ദിയും പറഞ്ഞു.
Tags : nattu vishesham Lokrakshaka Hospital's performance