ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിൽ ഇരുമുന്നണികളിലും ഇന്നു സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും. ഇരുമുന്നണികളിലും സീറ്റ് സംബന്ധിച്ചു ധാരണയായി.
യുഡിഎഫിൽ കോൺഗ്രസ് -13, കേരള കോൺഗ്രസ് -രണ്ട് എന്നിങ്ങനെ സീറ്റ് പങ്കുവയ്ക്കാനാണ് സാധ്യത. കേരള കോൺഗ്രസ് ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ ധാരണതന്നെ തുടരാമെന്ന നിലപാടിലാണ് കോൺഗ്രസ്. എൽഡിഎഫിൽ സിപിഎം-ഒമ്പത്, സിപിഐ- മൂന്ന്, കേരള കോൺഗ്രസ് -എം- മൂന്ന് എന്നിങ്ങനെയാണ് ധാരണയായിരിക്കുന്നത്.
നിലവിൽ എൽഡിഎഫിനാണ് ഭരണം. സിപിഎം-ഏഴ്, കേരള കോൺഗ്രസ് എം-മൂന്ന്, കോൺഗ്രസ്-നാല്, കേരളാ കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സീറ്റ് ഉറപ്പിച്ച സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. വീടുകൾ സന്ദർശിച്ച് പരമാവധി വോട്ടർമാരെ നേരിട്ടുകാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.
ഏറ്റുമാനൂരിൽ ചർച്ച തുടരുന്നു
ഏറ്റുമാനൂർ നഗരസഭയിൽ യുഡിഎഫിലും എൽഡിഎഫിലും സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലാണ്. ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
യുഡിഎഫിൽ കോൺഗ്രസ് - 28, കേരള കോൺഗ്രസ് - എട്ട് എന്നിങ്ങനെയാണ് സീറ്റുകളുടെ വിഭജനം. കോൺഗ്രസിൽനിന്നു മുൻ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി, നിലവിലെ കൗൺസിലർ ടോമി കുരുവിള പുളിമാൻതുണ്ടം, മണ്ഡലം പ്രസിഡന്റ് പി.വി. ജോയി, കേരള കോൺഗ്രസിൽനിന്ന് നിലവിലെ കൗൺസിലർ സിബി ചിറയിൽ തുടങ്ങിയവർ മത്സരരംഗത്തുണ്ട്.
എൽഡിഎഫിൽ സിപിഎം-21, കേരള കോൺഗ്രസ് എം-എട്ട്, സിപിഐ -ആറ്, പൊതുസ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സിപിഎമ്മിലെ ഇ.എസ്. ബിജു, പി.എസ്. വിനോദ്, അഡ്വ.വി. ജയപ്രകാശ്, കേരള കോൺഗ്രസ് -എമ്മിലെ മുൻ ചെയർമാൻ ജോർജ് പുല്ലാട്ട് തുടങ്ങിയവർ ഇക്കുറി മത്സരരംഗത്തുണ്ട്.
ബിജെപി 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിലെ കൗൺസിലർമാരായ ഉഷ സുരേഷ്, രശ്മി ശ്യാം തുടങ്ങിയവർ ഇക്കുറിയും മത്സരിക്കുന്നുണ്ട്.
അയർക്കുന്നത്ത് തീപാറും
അയർക്കുന്നം: അയർക്കുന്നം പഞ്ചായത്തിൽ ഇത്തവണ പോരാട്ടം കടുക്കും. ജില്ലയിലെ പ്രധാന പഞ്ചായത്തുകളിൽ ഒന്നായ അയർക്കുന്നത്തു മുന്നണികൾ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. പഞ്ചായത്തിൽ ആകെ 21 വാർഡുകളിലേക്കും ബ്ലോക്കിൽ മൂന്ന് ഡിവിഷൻ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് മത്സരം.
യുഡിഎഫിൽ കോൺഗ്രസ് 17 സീറ്റിലും കേരള കോൺഗ്രസ് നാല് സീറ്റിലും മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.
എൽഡിഎഫിൽ സിപിഎം, കേരള കോൺഗ്രസ്-എം, സിപിഐ കക്ഷികൾ തമ്മിൽ സീറ്റ് ധാരണയിൽ എത്തി. സിപിഎം-11, കേരള കോൺഗ്രസ്-എം -എട്ട്, സിപിഐ-രണ്ട് എന്നനിലയിൽ ആണ് മത്സരം. ബ്ലോക്കിലേക്കുള്ള മൂന്നു ഡിവിഷനിൽ രണ്ടെണ്ണം സിപിഎമ്മിനും ഒരെണ്ണം സിപിഐക്കും ആണെന്നാണു ധാരണ.
എൻഡിഎ
13 വാർഡുകളിലെ സ്ഥാനാർഥി പട്ടിക എൻഡിഎ പ്രഖ്യാപിച്ചു. ബിഡിജെഎസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ബാക്കി സീറ്റുകളിൽ രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.
നിലവിൽ അയർക്കുന്നത്ത് കോൺഗ്രസ് -8. കേരള കോൺഗ്രസ് -3. കേരള കോൺഗ്രസ് -എം- 1 ബിജെപി-2 സ്വതന്ത്ര-5 സിപിഎം -1. യുഡിഎഫിനായിരുന്നു ഭൂരിപക്ഷമെങ്കിലും എസ്സി വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ എസ്സി മെംബർമാരില്ലാതിരുന്നതിനാൽ സ്വതന്ത്രയായി ജയിച്ച സീന ബിജു നാരായണൻ പ്രസിഡന്റ് ആകുകയായിരുന്നു. സീന ബിജു നാരായണൻ ഇക്കുറിയും സ്വതന്ത്രയായി മത്സരരംഗത്തുണ്ട്.