ഇടകടത്തി പതിനാറേക്കറിൽ കരിപ്പാപ്പറമ്പിൽ തോമസിന്റെ കപ്പക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.
മുക്കൂട്ടുതറ: കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഏഴു മാസം പ്രായമായ നാനൂറോളം മൂട് കപ്പയും ചേന, ചേമ്പ് തുടങ്ങിയ കൃഷികളുമാണ് നശിപ്പിച്ചത്. ഇടകടത്തി കരിപ്പാപ്പറമ്പിൽ പതിനാറേക്കറിൽ തോമസിന്റെ കൃഷികളാണ് രണ്ടു ദിവസങ്ങളിലായി കാട്ടുപന്നികൾ തിന്നുതീർത്തത്.
80,000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതുസംബന്ധിച്ച് റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയതായും തോമസ് പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കൃഷി തുടരാനാകാത്ത സ്ഥിതിയാണെന്നും കാട്ടുപന്നികളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.