മാനത്തൂരിലെ സംപ്രിയ ഭവനം
പാലാ: ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിൻസിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷി നേരിടുന്നവരെ സൗജന്യമായി പരിപാലിക്കുന്നതിനായി പാലാ മാനത്തൂരിൽ നിർമിച്ച 'സംപ്രിയ' ഭവനം തുറന്നു നൽകി. വെഞ്ചരിപ്പും പൊതുസമ്മേളനവും ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു.
പൊതുസമ്മേളനത്തിൽ 'സംപ്രിയ ആൻഡ് സമ്പ്രീതി ഏഞ്ചൽസ്' പ്രാർഥനാഗാനം ആലപിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. എബ്രഹാം കൊച്ചുപുരയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വികാർ പ്രൊവിൻഷ്യലും സോഷ്യൽ അപ്പോസ്തലേറ്റ് ആൻഡ് എഡ്യൂക്കേഷൻ കൗൺസിലറുമായ ഫാ. റ്റിജോ മുണ്ടുനടക്കൽ സ്വാഗതം ആശംസിച്ചു.
കല്യാൺ രൂപത മുൻ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ അനുഗ്രഹപ്രഭാഷണവും എംസിബിഎസ് സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ സംപ്രിയ ഡയറക്ടർ ഫാ. സാന്‍റോ മാങ്കിലോട്ട് കെട്ടിട നിർമാണത്തിനു നേതൃത്വം നൽകിയവരെ ആദരിച്ചു.
കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. റോയ് വടക്കേൽ, കോഴിക്കോട് സീയോൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു തെക്കേമുറിയിൽ, എറണാകുളം പരംപ്രസാദ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സൈമൺ ചിറമേൽ, മാനത്തൂർ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. മാത്യു വെട്ടുകല്ലേൽ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലാലി സണ്ണി, വാർഡ് മെമ്പർ റിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു. ഫാ. ഫ്രാൻസിസ് ഇടക്കുടിയിൽ കൃതജ്ഞത രേഖപ്പെടുത്തി.
മൂന്നു വർഷം മുമ്പു വാഴക്കുളം - വടകോട് കേന്ദ്രീകരിച്ച് ആരംഭിച്ച സംപ്രിയ ഭവനമാണ് മാനത്തൂരിൽ പുതിയ കെട്ടിടത്തിലേക്കു മാറിയത്. നിർധന കുടുംബങ്ങളിലെ ബുദ്ധിപരമായ ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യവും തുടർപരിശീലനങ്ങളും സൗജന്യമായി ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് ഈ പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്.
ഭിന്നശേഷിക്കാർക്കു ജാതിമതഭേദമെന്യേ വർഷങ്ങളായി സ്നേഹശുശ്രൂഷ നൽകുന്ന സമാനമായ ഭവനങ്ങൾ കോട്ടയം കുടമാളൂരിലും മഹാരാഷ്‌ട്രയിലും ആഫ്രിക്കയിലെ ടാൻസാനിയയിലും എംസിബിഎസ് വൈദികർ നടത്തുന്നുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലർമാരായ ഫാ. തോമസ് പുല്ലാട്ട്, ഫാ. എബ്രഹാം വെട്ടിയോലി, ഫാ. ജോർജി കാട്ടൂർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Tags : differently-abled Kottayam MCBS New House Rehabilitation Center