കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും രണ്ടു വർഷത്തിനുള്ളിൽ ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീർഥാടന കേന്ദ്രമാക്കി കൊട്ടിയൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും ദേവസ്വം മന്ത്രി കെ.മുരളീധരൻ.
കൊട്ടിയൂർ ദേവസ്വം ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ഉപയോഗിച്ചു നിർമിച്ച മന്ദംചേരി നടപ്പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊട്ടിയൂർ ഉത്സവത്തിനു മുൻ വർഷങ്ങളിലുണ്ടായ ഭക്തജന തിരക്ക് പരിഗണിച്ച് സാധ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിന്റ ഉദ്ഘാടനം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യ പരിഗണന നൽകി കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രിയെ മന്ത്രി സണ്ണി ജോസഫ് സ്വീകരിച്ചു. അക്കരെ നടപ്പന്തൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു നിർവഹിച്ചു.
11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൊട്ടിയൂരിൽ ദേവസ്വം ബോർഡിന്റെ സഹായ ത്തോടെ പുരോഗമിക്കുന്നത്. അക്കരെ കൊട്ടിയൂരിലേക്കെത്തുന്ന തീർഥാടകർക്കായാണ് അപകടാസ്ഥയിലായ ഇടുങ്ങിയ പഴയ നടപ്പാലത്തിനുപകരം പുതിയ നടപ്പാലം നിർമിച്ചത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ. ഗോകുൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, മലബാർ ദേവസ്വം ബോർഡ് കമ്മിഷ്ണർ ടി.സി. ബിജു,കെ.സി.സോമൻ നമ്പ്യാർ, എൻ.കെ. ബൈജു, പി.എസ്. സുരേഷ് കുമാർ, തഹസിൽദാർ രാജേഷ് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Kottiyur transformed into a major pilgrimage