കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീരാട്ടവും രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും നാളെ നടക്കും. ഇളനീർ കാവുകളുമായി വിവിധ മഠങ്ങളിൽ നിന്നുള്ള ഇളനീർ വ്രതക്കാരായ തണ്ടയാൻമാർ ഇന്നലെ മുതൽ കൊട്ടിയൂരിൽ എത്തിത്തുടങ്ങി. വ്രതക്കാർ ഇളനീർകാവുകളുമായി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർ വയ്പ്പിനുള്ള മുഹൂർത്തം കാത്തിരിക്കും.
വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്നു വൈകുന്നേരത്തോടെ കൊട്ടിയൂരിലെത്തിയ ശേഷം രാത്രിയിലെ പൂജയും ശ്രീഭൂതബലിയും കഴിയുന്നതോടെ ഇളനീർ വയ്പ്പിനുള്ള ചടങ്ങുകൾ ആരംഭിക്കും.
കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കെ നടയിൽ തട്ടും പോളയും വിരിക്കും. തുടർന്ന് വാക്കന്റെ കുഴലൂത്തിന്റെയും മൂന്നൂറ്റാന്റെ വാദ്യത്തിന്റെയും അകടന്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കെ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. കുടിപതി കാരണവർ വെള്ളിക്കിടാരം വച്ച് രാശി വിളിക്കുന്നതോടെ വ്രതക്കാർ ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തും.
ക്ഷേത്രത്തെ മൂന്നു തവണ വലം വച്ച ശേഷമാണ് ഇളനീർക്കാവുകൾ പെരുമാൾക്ക് സമർപ്പിക്കുക. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി വ്രതക്കാർ മടങ്ങും. ഇളനീർ വയ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും. ഏറ്റവും ഒടുവിലായിരിക്കു എണ്ണ സമർപ്പണം. അഭിഷേകത്തിനായുള്ള ഇളനീരുകൾ ചെത്തിയൊരുക്കുന്നതിനുള്ള കത്തികൾ തണ്ടയാൻമാരും സമർപ്പിക്കും.
ഇന്നലെ എത്തിയത് രണ്ടരലക്ഷം ഭക്തർ
കൊട്ടിയൂർ: വൈശാഖമഹോത്സവത്തിന് ഇന്നലെ കൊട്ടിയൂരിൽ റിക്കാർഡ് ഭക്തജന പ്രവാഹം. രണ്ടര ലക്ഷത്തിലധികം പേർ എത്തിയെന്നാണ് പ്രാഥമിക കണക്ക്. പുലർച്ചെ മുതൽ തന്നെ അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂർ പരിസര പ്രദേശങ്ങളും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു. ദർശനത്തിനായുള്ള ക്യൂ പടിഞ്ഞാറെ നടയിൽ നിന്ന് ഇക്കരെ ക്ഷേത്രം റോഡ് വരെയും കിഴക്കേനടയിൽ നിന്ന് മന്ദംചേരി വരെയും നീണ്ടു.
മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തർ പെരുമാളെ തൊഴുതു മടങ്ങിയത്. ഇത്തവണ വൈശാഖ മഹോത്സവം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മണത്തണ മുതൽ ഇടയ്ക്കിടെ ഗതാഗത തടസം നേരിട്ടു. പാർക്കിംഗ് ഗ്രൗണ്ടുകളെല്ലാം രാവിലെ തന്നെ നിറഞ്ഞിരുന്നു. തിരക്ക് മുൻകൂട്ടി കണ്ട് ദേവസ്വം വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ എല്ലാ പാർക്കിംഗ് കേന്ദ്രങ്ങളും നിറഞ്ഞു.
Tags : nattu vishesham Today's flood Kottiyur