കൂരാച്ചുണ്ട്: ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും നിരന്തരം കടന്നാക്രമണം നടത്തുകയും മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്ത സാഹചര്യത്തിൽ കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നല്കും. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസ്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിവേദനം നൽകാൻ കൂരാച്ചുണ്ടിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ റെയിൽ ഫെൻസിംഗ് പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുക, ജലസേചന വകുപ്പിന്റെ പ്രദേശങ്ങളിൽ വളർന്നു പന്തലിച്ചുകിടക്കുന്ന കാടുകളും മരങ്ങളും വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ വെട്ടിനീക്കുക, മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് കാലതാമസം ഇല്ലാതെ നഷ്ടപരിഹാരം ലഭ്യമാക്കുക, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷക പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒന്നാം ഘട്ടമായി നിവേദനം നൽകുന്നത്. പരിഹാരം കാണാത്തപക്ഷം സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഫാ.വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
നിമ്മി പൊതിയിട്ടേൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, തോമസ് വെളിയംകുളത്ത്, ബോബൻ പുത്തൂരാൻ,സണ്ണി എമ്പ്രയിൽ, ദാസ് കാനാട്ട്, ജസ്റ്റിൻ വലിയവീട്ടിൽ, ജോസ് ചെറുവള്ളിൽ, ജോബി കുന്നേൽ, ബിനോജ് വടക്കേടം, ഷിജു എഴുത്താണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Catholic Congress