Kerala
എറണാകുളം: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്ത് ചിത്രീകരണാനുമതി നിഷേധിച്ചു. പെരിയാർ ടൈഗർ റിസർവ് പരിധിയിൽ വരുന്ന പ്രദേശമായതിനാൽ സന്നിധാനത്തും പരിസരത്തും ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്ന് സന്നിധാനത്തെ അനുമതി കോടതി തടഞ്ഞെങ്കിലും, റാന്നി വനം ഡിവിഷന്റെ കീഴിലുള്ള നിലക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡിഎഫ്ഒ അനുമതി നൽകിയ തീരുമാനം ഹൈക്കോടതി ശരിവെച്ചു.
നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശന ഉപാധികളോടെ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നെങ്കിലും വനംവകുപ്പിന്റെ നിലപാടാണ് സന്നിധാനത്തെ ഷൂട്ടിംഗിന് തിരിച്ചടിയായത്. 'ടി. എസ്. ലൗലജൻ' എന്ന സബ് ഇൻസ്പെക്ടറുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മോഹൻലാലും മീരാ ജാസ്മിനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിച്ച് ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
Kerala
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ അനുമതി നിഷേധിച്ച വിദ്യാർഥി യൂണിയൻ പരിപാടി വിലക്ക് മറികടന്ന് സംഘടിപ്പിച്ച് എസ്എഫ്ഐ. പാലയാട് ക്യാമ്പസ് വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച 'ഷീ ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യുന്നതിനാണ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ക്യാമ്പസിലെത്തിയത്.
നേരത്തെ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാൽ ഐഷി ഘോഷ് പങ്കെടുക്കുന്നതുകൊണ്ടാണ് വി.സി അനുമതി നിഷേധിച്ചതെന്നും സർവ്വകലാശാലയുടേത് ആർഎസ്എസ് അനുകൂല നിലപാടാണെന്നും എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. തടസങ്ങൾ നിലനിൽക്കെ തന്നെ നിശ്ചയിച്ച സെമിനാർ ഹാളിൽ വിദ്യാർത്ഥികൾ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിയിൽ സംസാരിച്ച ഐഷി ഘോഷ് വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. "പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല, വിദ്യാർത്ഥികളുടെ സ്വന്തം ക്യാമ്പസിലാണ്" എന്ന് ഐഷി വ്യക്തമാക്കുകയും വിഷയത്തിൽ തുറന്ന സംവാദത്തിന് വിസിയെ ക്ഷണിക്കുകയും ചെയ്തു. വിലക്ക് മറികടന്ന് പരിപാടി നടത്തിയ സാഹചര്യത്തിൽ സംഘാടകരായ വിദ്യാർത്ഥികളോട് വിശദീകരണം തേടാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാര്‍ലമെന്റ് പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷന്) ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഭേദഗതിയിലെ നിര്‍ദിഷ്ട സെക്ഷന്‍ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികള്‍ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബില്‍. ധാതു നിക്ഷേപമുള്ള ഭൂമിയുടെ മേല്‍ സംസ്ഥാനത്തിന്റെ ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കേരളം ഉയര്‍ത്തുന്ന ആശങ്കകളില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024-ലെ സുപ്രീംകോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയല്‍റ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എന്‍ട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിയ്ക്ക് എന്‍ട്രി 49 പ്രകാരം ധാതുക്കളുടെ ഉത്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവ്, സർജ് പ്രൈസിംഗ്, അമിത ലഗേജ് ചാർജ് എന്നിവ നിയന്ത്രിക്കുന്നതിൽ സർക്കാർ ഉത്തരവുകൾ പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവെയ്ക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
ഇത്തരം വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കാനാണ് കോടതി നിർദേശം. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് യാത്രക്കാരുടെ പരാതികളിൽ കർശന നിലപാട് സ്വീകരിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനും ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള അന്തിമ മാനദണ്ഡങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി സമർപ്പിക്കാമെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കരട് ചട്ടങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു.
സീസൺ സമയങ്ങളിലെയും ആഘോഷ വേളകളിലെയും അമിത ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പൊതുപ്രവർത്തകനായ എസ്. ലക്ഷ്മീനാരായണൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
National
മുംബൈ: ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' മാറ്റണമെന്നും പകരം 'വന്ദേമാതരം' ദേശീയഗാനമാക്കണമെന്നും ആവശ്യപ്പെട്ട് നടൻ മുകേഷ് ഖന്ന. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് 'ശക്തിമാൻ' ഫെയിം മുകേഷ് ഖന്ന വിവാദ പ്രസ്താവന നടത്തിയത്. 'ജനഗണമന' രാജ്ഞി എലിസബത്തിനോടുള്ള ആദരവ സൂചകമായിരബീന്ദ്രനാഥ ടാഗോർ എഴുതിയതാണെന്ന തെറ്റായ അവകാശവാദമുന്നയിച്ചാണ് നടൻ മാറ്റം ആവശ്യപ്പെട്ടത്. ഇതിനായി താൻ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള 'വന്ദേമാതരം' ആലാപനം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തത്കാലം ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിലവിൽ പന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കോർട്ടിലാണെന്നും, അന്വേഷണ സംഘം അവരുടെ ജോലി തൃപ്തികരമായി ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അന്വേഷണം കൃത്യമായ നിഗമനത്തിലേക്ക് എത്തിക്കേണ്ടത് എസ്ഐടിയുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് അത് സോളിസിറ്റർ ജനറലിന്റെ ഓഫീസിനെ അറിയിക്കാമെന്നും അറിയിച്ചു.
സോളിസിറ്റർ ജനറലിന്റെ ഓഫീസ് ഈ നിർദേശങ്ങൾ പരിശോധിച്ച് അന്വേഷണ സംഘത്തിന് കൈമാറും. നിലവിലെ അന്വേഷണം തൃപ്തികരമായി തുടരുന്നിടത്തോളം ഇടപെടില്ലെന്നും, എന്നാൽ ആവശ്യമായി വന്നാൽ ഭാവിയിൽ ഇടപെടാൻ മടിക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ യാത്രക്കാരിയുടെ ചിത്രങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കർശന നടപടിയുമായി സിഐഎസ്എഫ്. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ സിഐഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സ്, ആരോപണവിധേയനായ ജവാനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.
എയിംസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജവാൻ യുവതിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ ഇയാളെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ആയിരുന്നു. ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെട്രോയ്ക്കുള്ളിൽ പ്രതിഷേധമുയർന്നു.
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ജവാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പക്ഷം കൂടുതൽ ശക്തമായ തുടർ നടപടികൾ ഉണ്ടാകുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം മെബിൻ ജോസ്, സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്. തന്നെ കയ്യേറ്റം ചെയ്തു എന്ന സിസ തോമസിന്റെ പരാതിയിൽ എടുത്ത കേസിലാണ് നടപടി. സമരവുമായി ബന്ധപ്പെട്ട ആദ്യകേസിൽ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം സർവകലാശാലയിൽ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ ലിഫ്റ്റിന് മുൻപിലും സർവകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.
National
ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ ബിൽ നിയമമായി മാറി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ പേരുമാറ്റം പ്രാബല്യത്തിൽ വരുന്നത്. 2024 ജൂണിലാണ് സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിലേക്ക് അയച്ചിരുന്നത്.
തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുകയും, ബില്ലിനെ അനുകൂലിച്ച് നിയമസഭ വീണ്ടും പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.
District News
കല്‍പ്പറ്റ: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി-എയ്ഡ്സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ആരോഗ്യ വകുപ്പും എന്‍എസ്എസ് യുവജാഗരണും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല മാരത്തണ്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ നിവേദിത സജി ഒന്നാം സ്ഥാനം നേടി.
ഇതേ കോളജിലെ പി. ജോമോള്‍ രണ്ടാം സ്ഥാനവും മേപ്പാടി ഡോ. മൂപ്പന്‍സ് നഴ്സിംഗ് കോളജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടില്ഡബ്ല്യുഎംഒ കോളജിലെ കെ. ആഷില്‍, പി.പി. മുഹമ്മദ് സഫ്വാന്, മുഹമ്മദ് ഷിയാസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. സിവില്‍ സ്റ്റേഷന് മുതല്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് വരെയായിരുന്നു മാരത്തണ്‍. എഡിഎം കെ. അജീഷ് ഫ്ളാഗ് ഓഫ് ചെയ്തു.
സമാപനയോഗം മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ ഡെപ്യൂട്ടി എകസൈസ് കമ്മീഷണര്‍ കെ. സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഹേമലത അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന് ജില്ലാ മാനേജര്‍ സജിത്ത് ചന്ദ്രന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. ഷീജ എന്നിവര്‍ സമ്മാന വിതരണം നടത്തി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ സമ്മാനം ലഭിച്ചു.
പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നല്കി. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. പ്രിയ സേനന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ പി.എം. ഫസല്‍,എന്‍എസ്എസ് യുവ ജാഗരണ്‍ നോഡല്‍ ഓഫിസര്‍ വിനീത, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ടി. സ്മിനിമോള്‍, രഞ്ജിത്ത്, ഡോ. ഷിബിന, ടിബി, എച്ച്ഐവി കോ ഓര്‍ഡിനേറ്റര്‍ വി.ജെ. ജോണ്സണ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലിം ബാബു എന്നിവര്‍ പ്രസംഗിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണത്തിന് റോട്ടറി ക്ലബും ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഗവ. സര്‍വജന സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം ആരംഭിച്ച ഓട്ടം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. റൊട്ടേറിയന്‍ ഡോ. മധുസൂദനന് ലഹരിവിരുദ്ധ സന്ദേശം നല്കി. റോട്ടറി പ്രസിഡന്റ് എം.എസ്. ദിലീപ്, സെക്രട്ടറി അബ്രെയ്സ് തോമസ്, ഹരികുമാര്‍, സണ്ണി വിളക്കുന്നേല്‍, സി.എം. ചന്ദ്രന്, കെ.ടി. മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കല്‍പ്പറ്റ: കാറില്‍ കടത്തുകയായിരുന്ന 10. 418 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. മുട്ടില്‍ പിലാക്കുല്‍ നിയാസ് കോയ (35) ആണ് എക്സൈസിന്റെ പിടിയിലായത്.
ഓപ്പറേഷന് തണ്ടറിന്റെയും ഓണം സ്പെഷല്‍ ഡ്രൈവിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് കെഎല്‍ 07 സെഡ് 6503 ടൊയോട്ട ക്വാളിസ് കാറില്‍ എംഡിഎംഎ കണ്ടെത്തിയത്. മുട്ടില്‍, പാറക്കല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തുന്നതെന്നും മയക്കുമരുന്ന് ശ്രംഖലയിലെ മറ്റ് ആളുകളെകുറിച്ചും ഇയാളുടെ വലയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ അടക്കമുള്ള ആളുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു.
വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ എം.കെ. സുനിലിന്റെ നിര്‍ദേശപ്രകാരം എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ. സജിന്‍, പ്രിവന്റീവ് ഓഫിസര്‍ കെ.ജി. വിജിത്ത്, പ്രിവെന്റീവ് ഓഫിസര്‍ ഗ്രേഡ് എം.എ. രഘു, സിവില്‍ എക്സൈസ് ഓഫിസര്‍ വി. സുധീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ സുദിവ്യ ഭായ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ കെ. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
മാനന്തവാടി: എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല.
കിറ്റുകള്‍ തയാറാവാത്തതാണ് വിതരണം വൈകാന്‍ കാരണം. ഓണത്തിന് എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് ഒന്നുവീതം കിറ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ജൂണ്‍ 25ന് മേഖലാ മാനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍, നെയ്യ്, പായസ കട്ട്, മുളകുപൊടി തുടങ്ങിയ 15 ഇനങ്ങളടങ്ങിയ കിറ്റുകള്‍ ഈ മാസം 10 മുതല്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കിറ്റുകള്‍ തയാറാക്കി റേഷന്‍ കടകള്‍ വഴി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ കിറ്റുകള്‍ തയാറാക്കാനാവശ്യമായ പലവ്യഞ്ജനങ്ങള്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിയില്ല.
മാനന്തവാടി താലൂക്കില്‍ 19,740 ഉം ബത്തേരിയില്‍ 21,046 ഉം വൈത്തിരിയില്‍ 14,560 ഉം എഎവൈ കാര്‍ഡുടമകളാണ് ഉള്ളത്. ഓണം പ്രമാണിച്ച് 26 രൂപ തോതില്‍ വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10 കിലോ വീതവും പിങ്ക് കാര്‍ഡുടമകള്‍ക്ക് മൂന്നു കിലോ വിതവും ഒഎംഎസ് പദ്ധതിയില്‍ വിതരണം ചെയ്യുന്നതിനുള്ള അരിയും സപ്ലൈകോ ഗോഡൗണുകളില്‍ എത്തിയില്ല.
District News
സുല്‍ത്താന്‍ ബത്തേരി: ബസിനു മുകളിലേക്ക് മരം വീണതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റി മറ്റൊരു മരത്തില്‍ ഇടിച്ചു. മൂലങ്കാവ് 64 ല്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നു പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബസിനു മുകളിലേക്ക് പൊടുന്നനെ മരം പൊട്ടി വീണപ്പോള്‍ നിയന്ത്രണം തെറ്റിയ ബസ് തൊട്ടുമുന്പിലുള്ള കൂറ്റന്‍ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാത 766 ല്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിട്ടു.
District News
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരം കാടുമൂടികിടന്നിട്ടും വെട്ടിത്തെളിക്കുന്നതിന് നടപടിയില്ലെന്ന് പരാതി. കാടുകള്മൂലം ഓഫീസിലെത്തുന്നവര്‍ക്ക് ഗേറ്റിലൂടെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ഓഫിസിന്റെ ഗേറ്റിന് സമീപത്തെ വെള്ളക്കെട്ടും കാടുകളും വകഞ്ഞുമാറ്റിവേണം ഓഫിസിലേക്ക് കയറാന്‍. ഓഫിസിന്റെ മൂന്ന് ഭാഗത്തും കാടുകള്വളര്ന്നു നില്‍ക്കുന്നത് വെട്ടിത്തെളിക്കണമെന്ന് നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും ഓഫിസ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വില്ലേജ് ഓഫിസിനോട് ചേര്‍ന്ന വെയിറ്റിംഗ് ഷെഡ് പരിസരവും കാടുവളര്‍ന്നു പന്തലിച്ചുനില്ക്കുന്ന നിലയിലാണ്. ഇവിടെ നിരവധിയാളുകള്‍ ബസ് കാത്തുനില്ക്കുന്ന സ്ഥലമായിട്ടുപോലും ഈ പരിസരത്തെ കാടുവെട്ടിത്തെളിക്കാന്‍ ആരും തയാറായിട്ടില്ല. അടിയന്തരമായി കാട് വെട്ടിനീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
കൽപ്പറ്റ: എംഎൽഎ കെയർ പദ്ധതിയിലുൾപ്പെടുത്തി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങൾക്കും മേപ്പാടി, ചൂരൽമല എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കും നെസ്ലെ ഗ്രൂപ്പിന്റെ സഹായത്തോടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 60 ലക്ഷം രൂപ ചെലവിൽ 1500 രൂപ വില വരുന്ന നാലായിരം ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്.
കിറ്റുകളുടെ വിതരണം വരും ദിവസങ്ങളിലും തുടരും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിലും നടന്ന ഓണക്കിറ്റ് വിതരണം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നെസ്ലെ കേരള റീജണൽ കോർപറ്റേറ്റ് അഫയേഴ്സ് മാനേജർ ജോയി സക്കറിയ ഇരുപരിപാടിയിലും പങ്കെടുത്തു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. പി.പി. ആലി, സലീം മേമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. സുരേഷ്ബാബു, സലാം നീലിക്കണ്ടി, അരുണ്‍ദേവ്, സി. ഷിഹാബ്, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാത തുടങ്ങിയവർ സംബന്ധിച്ചു. മേപ്പാടി, ചൂരൽമല നിവാസികൾക്കായുള്ള കിറ്റുവിതരണചടങ്ങിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, പി.പി. ആലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സുരേഷ് ബാബു, സി. ഷിഹാബ്, രാജു ഹെജമാടി, നാസർ പൂത്തക്കൊല്ലി, ഒ. ഭാസ്കരൻ, എൻ.കെ. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: പുല്‍പ്പള്ളി സുരഭിക്കവല സ്വദേശിയായ മലപ്പുറം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബിക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവനത്തിനുള്ള മെഡല്‍. 28 വര്‍ഷമായി പോലീസില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. സംസ്ഥാന പോലീസ് മേധാവിയുടേയും സംസ്ഥാനതല സ്ക്രീനിംഗ് കമ്മിറ്റിയുടേയും ശിപാര്‍ശ പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
District News
മുതിരേരി: സമുദായ ശക്തീകരണവർഷം 2026ന്റെ ഭാഗമായി കർഷക ദിനത്തോടനുബന്ധിച്ച് മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവകയിലെ 80 വയസിന് മുകളിൽ പ്രായമുള്ള കുടിയേറ്റ കർഷകരെ ആദരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം എകെസിസിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ കർഷകരെ പൊന്നാടയണിയിച്ചു. കുടിയേറ്റത്തിന്റെ ഓർമ പുതുക്കുന്നതിനായി കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് ഒലിവിൻ തൈ നടുകയും ചെയ്തു.
ദേവസ്യ കിഴക്കേക്കര, മത്തായി കിഴക്കേക്കര, ചാക്കോ മോളേകുന്നേൽ, ജോസഫ് മൂപ്പാട്ടിൽ, ഉലഹന്നാൻ കാരക്കട എന്നിവരെയാണ് ആദരിച്ചത്. എകെസിസി അംഗങ്ങളായ ജോസ് മേനാച്ചേരി, ജോബി പാറയിൽ, കൈക്കാരൻമാരായ ജെയ്സണ്‍ വെള്ളാനയിൽ, ഷാജി കപ്പലുമാക്കൽ, സജി കൊച്ചുകുളത്തിങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
മാനന്തവാടി: കനത്ത കൃഷിനാശത്തിന് പിന്നാലെ അര്‍ഹമായ നഷ്ടപരിഹാരം വൈകുന്നതില്‍ മാനന്തവാടി താലൂക്കിലെ കര്‍ഷക സമൂഹം പ്രതിസന്ധിയില്‍. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കണ്ട ഇന്‍ഷ്വറന്‍സ് തുകയും ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസമാണ് ഉണ്ടാകുന്നത്.
മാനന്തവാടി താലൂക്കില്‍ മാത്രം ഇത്തവണ 11.93 കോടി രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. ഇത്തവണ വാഴകൃഷിയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. താലൂക്കിലാകെ നിലംപൊത്തിയ വാഴകളുടെ എണ്ണം 16.3550 ലക്ഷമാണ്. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിന് കീഴിലുള്ള ആറ് കൃഷി ഭവനുകളുടെ കീഴിലുള്ള 262 കര്‍ഷകരുടെ 88.5 ഹെക്ടര്‍ സ്ഥലത്തെ വാഴകളാണ് ഈ വര്‍ഷത്തെ മഴയിലും കാറ്റിലും നിലംപൊത്തിയത്. നഷ്ടപരിഹാരം അടിയന്തരമായി ലഭിക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
District News
തരുവണ: റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ കൈക്ക് പരിക്ക്.
വെള്ളമുണ്ട ചെറുകര ഐക്കരോട്ടുപറന്പിൽ നിർമലിനാണ് പരിക്കേറ്റത്. ഇന്നലെ നടക്കലിലാണ് സംഭവം. നിർമൽ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടി. മാനന്തവാടി നിരവിൽപുഴ റോഡിൽ നടക്കൽ ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരാഴ്ചക്കിടെ നാലു പേർക്കാണ് കുഴിയിൽ വീണ് പരിക്കേറ്റത്.
District News
എടക്കര: പാട്ടത്തിനെടുത്തതും പാരന്പര്യമായി കിട്ടിയതുമായ ഭൂമികളിൽ സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിക്കുകയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കർഷകൻ. മുണ്ടപ്പാടം മാഞ്ചേരിത്തൊടിക രാമചന്ദ്രനെന്ന അറുപത്തിയേഴുകാരനാണ് രൂക്ഷമായ കാട്ടാന ആക്രമണങ്ങളിലും വലയിടിവുകളിലും തളരാതെ പകർന്നുകിട്ടിയ കൃഷിപാരന്പര്യം തുടരുന്നത്.
കഴിഞ്ഞ 50 വർഷത്തിലധികമായി രാമചന്ദ്രൻ കാർഷിക രംഗത്തുണ്ട്. സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത അഞ്ചര ഏക്കറിലുമാണ് രാമചന്ദ്രൻ സമ്മിശ്ര കൃഷി നടത്തുന്നത്. സ്വന്തമായുള്ള ഭൂമിയിൽ തെങ്ങും കമുകുമാണുള്ളത്. പാട്ടഭൂമിയിൽ മൂന്ന് ഏക്കറിൽ നെൽകൃഷിയും ബാക്കിയുള്ള സ്ഥലത്ത് വിവിധയിനം കിഴങ്ങുവർഗങ്ങളും വാഴകളും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്.
കപ്പ, ചേന, ചേന്പ്, കാച്ചിൽ, നനകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, കന്പം, പയർ, പാവൽ, വെണ്ട, മത്തൻ, വെള്ളരി, കുന്പളം, പീച്ചിലിങ്ങ, നേന്ത്രവാഴ, പൂവൻ, ഞാലിപ്പൂവൻ, പൊണ്ണൻ വാഴ, മൈസൂർ പൂവൻ തുടങ്ങിയ വിവിധയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. മൂന്ന് തൊഴിലാളികൾ സ്ഥിരമായി രാമചന്ദ്രന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നു. കാർഷികവിളകളുടെ അടിക്കടിയുണ്ടാകുന്ന വിലയിടിവും വളം, കീടനാശിനി എന്നിവയുടെ അമിത വിലയും, രോഗകീട ബാധയും വനമൃഗശല്ല്യവും കൃഷിയോടുള്ള താൽപര്യം ഇല്ലാതാക്കുകയാണെന്ന് രാമചന്ദ്രൻ പറയുന്നു.
കാഞ്ഞിരപ്പുഴ വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകളാണ് ഏറെ ദുരിതം വിതയ്ക്കുന്നത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിനുള്ള കുലച്ച എഴുപത് നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്.
വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ മരം തള്ളിയിട്ടാണ് ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. നേന്ത്രക്കായയ്ക്ക് നല്ല വിലയുള്ള സമയത്താണ് കുലച്ച വാഴകൾ ആനകൾ നശിപ്പിച്ചത്. നെല്ല് കതിരിടുന്ന സമയത്തും കാട്ടാനകളുടെ ശല്ല്യം രൂക്ഷമാകാറുണ്ടെന്ന് രാമചന്ദ്രൻ പറയുന്നു. മുൻ വർഷങ്ങളിലെല്ലാം കാട്ടാനകൾ നെൽകൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. അമിത ലാഭമില്ലെങ്കിലും പഴമയുടെ കാർഷിക സംസ്കാരം കൈവിടാൻ ഈ കർഷകൻ തയാറല്ല.
District News
മലപ്പുറം: ഓണാഘോഷങ്ങളുടെ മറവില്‍ വ്യാജമദ്യവും മയക്കുമരുന്നും എത്തുന്നതും വിപണനം ചെയ്യുന്നതും തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍. അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും വ്യാജച്ചാരായ നിര്‍മാണം തടയുന്നതിനുമായി ജില്ലയിലുടനീളം പ്രത്യേക എക്സൈസ് കണ്ട്രോള് റൂമുകളും വിജിലന്‍സ് സ്ക്വാഡുകളും പ്രവര്‍ത്തനം തുടങ്ങി.
ലഹരി മാഫിയകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വ്യാജച്ചാരായ വാറ്റും ലഹരി സംഭരണവും തടയാന്‍ കാടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. അതിര്‍ത്തി പ്രദേശങ്ങള്‍, പ്രധാന ഹൈവേകള്‍, ലഹരി വ്യാപാര സാധ്യതയുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എക്സൈസ് മൊബൈല്‍ യൂണിറ്റുകള്‍ നിരീക്ഷണം തുടരുകയാണ്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, കൊറിയര്‍, പാഴ്സല്‍ സര്‍വീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് പ്രത്യേക പരിശോധനയുമുണ്ട്.
പരാതികളില്‍ ഉടനടി നടപടിയെടുക്കുന്നതിനുമായി ജില്ലാ-താലൂക്ക് തലങ്ങളില്‍ പ്രത്യേക കണ്ട്രോള് റൂമുകളും തുടങ്ങിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണം, വില്പന, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
District News
കുറ്റിപ്പുറം: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3.2 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കാരിപ്പോൾ വാണിയംതൊടി വീട്ടിൽ ഷറഫുദീൻ (32) ആണ് അറസ്റ്റിലായത്.
ഓണം വിപണനം ലക്ഷ്യമിട്ട് മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന മലപ്പുറം എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
കുറ്റിപ്പുറം എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് സൈബർ സെല്ലും ചേർന്ന് വളാഞ്ചേരി കാവുംപുറത്തുള്ള സ്വകാര്യസ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ലതീഷ്, പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ്, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രഗേഷ്, ഗണേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, അന്നു നാരായണൻ, സൈബർ സെൽ ഉദ്യോഗസ്ഥരായ കമ്മുക്കുട്ടി, അഭിരാം എന്നിവരും പങ്കെടുത്തു.
District News
മഞ്ചേരി: ഓട്ടോറിക്ഷയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ ആൾ അറസ്റ്റിൽ. നെല്ലിക്കുത്ത് കുന്നത്ത് വള്ളി വീട്ടില്‍ ചൂലന്‍ മകന് രാജുവിനെയാണ് (48) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ഹരീഷും സംഘവും നടത്തിയ പ്രത്യേക പരിശോധനയിലാണ് 13 കുപ്പി മദ്യം സഹിതം ഇയാള്‍ പിടിയിലായത്.
പ്രതിയില്‍നിന്ന് 2,000 രൂപയും ഓട്ടോറിക്ഷയും പൊലീസ് പിടികൂടി. റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ രാജന് നെല്ലിയായി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷബീറലി, അക്ഷയ്, രാഹുല്‍രാജ് എന്നിവരും പങ്കെടുത്തു. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
District News
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വഴിപാടായി അത്തംനാളിൽ പൂക്കളമൊരുക്കി. ശ്രീകൃഷ്ണൻ ഫ്ളവർ മാർട്ടിന്റെ നേതൃത്വത്തിലാണ് പൂക്കളമൊരുക്കിയത്. 1960കളിൽ ഗുരുവായൂരിൽ ശ്രീകൃഷ്ണൻ ഫ്ളവർ മാർട്ട് എന്ന പേരിൽ തേയ്ക്കത്ത് ഉണ്ണികൃഷ്ണൻ ആരംഭിച്ച പുഷ്പ വ്യാപാരം പിന്നീട് 2021-ൽ കാടാന്പുഴ ക്ഷേത്ര സന്നിധിയിലും 2026ൽ പെരിന്തൽമണ്ണയിലും ആരംഭിച്ചു.
അത്തം നാളിൽ വർഷങ്ങളായി ഗുരുവായൂർ അന്പലനടയിലും കാടാന്പുഴ ദേവി ക്ഷേത്ര സന്നിധിയിലും പൂക്കളം വഴിപാടായി സമർപ്പിക്കുന്നത് ഈ സ്ഥാപനത്തിന്റെ പിൻതലമുറക്കാരാണ്.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ അത്തത്തിന്റെ തലേദിവസം രാത്രി ക്ഷേത്രനട അടച്ചതിനുശേഷം ഇരുപത് കലാകാരൻമാരാണ് പൂക്കളം ഒരുക്കിയത്. 12 പുഷ്പങ്ങൾ ഉപയോഗിച്ചാണ് 15 അടി വലിപ്പമുള്ള അത്തപ്പൂക്കളം ഒരുക്കിയത്.
District News
നിലമ്പൂർ: സിപിഐ കരുളായിൽ പദയാത്ര നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ചിന്റെ പ്രചാരണാർഥമാണ് സിപിഐ കരുളായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരിക്കൽ മുതൽ കരുളായി വരെ പദയാത്ര നടത്തിയത്.
വാരിക്കലിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം കെ. മനോജ് പദയാത്രാ ക്യാപ്റ്റനും കരുളായി ലോക്കൽ സെക്രട്ടറിയുമായ ബി. വേണുഗോപാലന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പദയാത്രയിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
രാജ്യത്തെ തൊഴിലാളികൾ, കർഷകർ, സാധാരണ ജനങ്ങൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാണ് സിപിഐ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നത്.
പദയാത്രയുടെ സമാപന സമ്മേളനം സിപിഐ നിലമ്പൂർ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ ബി. വേണുഗോപാലൻ, വൈസ് ക്യാപ്റ്റൻ ഫിറോസ് ചമ്പാല, വി. വേലായുധൻ, ഗ്രാമപഞ്ചായത്ത് അംഗം ഷുഹൈബ് മൈലമ്പാറ, കെ.ടി. അലവി, ലീലാമ്മ വർഗീസ്, ശശി പൊറ്റെക്കാട്, ടിപി.മുജീബ്, മനീഷ് നെടുങ്കയം അമ്പിളി ഭൂമിക്കുത്ത് എന്നിവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: മലയാളികകളുടെ ഓണ സദ്യയില്‍ പഴം നുറുക്കിനും ഉപ്പേരിക്കും ചെലവേറും. ഇവയുണ്ടാക്കാനുള്ള നേന്ത്രപ്പഴത്തിനും കായയ്ക്കും വിപണിയിൽ പൊള്ളുന്ന വിലയായതാണ് കാരണം.
പത്ത് ദിവസത്തിനിടെ 12 രൂപയാണ് നേന്ത്രക്കായക്ക് വർധിച്ചത്.കോഴിക്കോട് ചില്ലറ വിപണിയിൽ നേന്ത്രപ്പഴത്തിന് 60-80 രൂപയും നേന്ത്രക്കുലക്ക് 65-68 രൂപയുമാണ്. തൃശൂരിൽ നേന്ത്രപ്പഴത്തിന് 70-75 രൂപവരെയും, കുലക്ക് 65 രൂപയുമാണ്. തിരുവനന്തപുരത്ത് നേന്ത്രപ്പഴത്തിന് 60-75 രൂപവരെയും കുലക്ക് 60-65 രൂപവരെയുമാണ് വില. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ എത്തക്കായുടെ ഉപ്പേരിക്ക് ഇപ്പോള്‍ 440 രൂപയാണ് വില. പാംമോയിലില് വറുത്തതിന് കിലോയ്ക്ക് 360 രൂപ നല്‍കണം.ശര്‍ക്കരവരട്ടിക്കും ചിപ്സിനും 400 രൂപയാണ്.ഓണത്തോടടുത്ത് വിലയില്‍ പത്ത് മുതല്‍ ഇരുപത് രൂപയുടെ വരെ വര്‍ധനവുണ്ടാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഉപ്പേരി വില ഒരു പരിധിയില്‍ കൂടുതല്‍ കൂട്ടിയാല്‍ കച്ചവടവും ഇല്ലാതാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ ഏറിയെങ്കിലും മാർക്കറ്റിൽ നല്ലയിനം കായകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഓണത്തിന് നേരത്തെ തന്നെ നേന്ത്രവാഴക്കുല വാങ്ങി പുകയിട്ട് പഴുപ്പിക്കുന്നത് മലയാളികളുടെ പതിവാണ്. നാടൻ നേന്ത്രപ്പഴത്തിനാണ് ഓണക്കാലത്ത് ആവശ്യക്കാരുള്ളത്. എന്നാൽ നാടൻ നേന്ത്രക്കുല ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. നാടൻ നേന്ത്രക്കുലക്ക് കിലോക്ക് 60 മുതൽ 65 വരെയാണ് ഇന്നത്തെ വില. തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്നെത്തുന്ന കായകൾക്ക് വില അതിലും കൂടും. എന്നാൽ ഇവക്ക് ഗുണമേന്മ കുറവായിരിക്കും. ഈ കായകൾ പുകയിട്ടു പഴുപ്പിക്കാൻ സാധിക്കില്ല. പഴുത്താലും ഉൾഭാഗം കല്ലിച്ചു പോകുന്നതിനാൽ ഇവ പ്രധാനമായും ശർക്കരവരട്ടിയതും വറുത്ത ഉപ്പേരിയും ഉണ്ടാക്കാനാണ് കൊണ്ടുപോവുന്നത്.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ പെട്ട മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ നിന്ന് പെരുവണ്ണാമൂഴി ഭാഗത്തേക്ക് വരികയായിരുന്ന ഓംനി വാൻ വട്ടക്കയം ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് ഓനിപ്പുഴയിലേക്ക് മറിഞ്ഞു.
വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിജിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾ ചെമ്പനോടയിൽ തേൻ ഇടപാട് നടത്തുന്നയാളാണ്. പുഴയിലെ വെള്ളത്തിൽ പതിക്കാതെ പാറക്കല്ലിൽ കാർ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. പെരുവണ്ണാമൂഴി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പിന്നീട് ക്രെയിൻ കൊണ്ടു വന്ന് വാഹനം പൊക്കിയെടുത്ത് റോഡിലെത്തിച്ചു.
District News
കോഴിക്കോട്: പ്രതിസന്ധികളില്‍ സഭാംഗങ്ങളെ ചേര്ത്തുപിടിച്ചയാളായിരുന്നു ഇന്നലെ വിടപറഞ്ഞ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സില്‍ അംഗമായിരുന്ന ഫാ.ജേക്കബ് ചെസാരിയോസ് നാല്പതാംകളം. ആത്മീയ പിതാവ്, തിരുസഭയുടെ പഠനങ്ങളോട് വിശ്വസ്തന്, സെമിനാരിക്കാര്‍ക്കും സന്യസ്തര്‍ക്കും ലളിതമായി മനസിലാക്കത്തക്കവിധം തത്വശാസ്ത്രവും ദൈവശാസ്ത്രവും വ്യാഖാനിച്ചുകൊടുത്ത നല്ല പരിശീലകന് എന്നിങ്ങനെ വേറിട്ട മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു.
സഭാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നല്ല മാര്‍ഗ നിര്ദേശകന് കൂടിയായിരുന്നു അദ്ദേഹം എന്ന് സഹ പ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. പ്രതിസന്ധികളില്‍ സഭാംഗങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലളിതമായ ജീവിതമായിരുന്നു ഫാ. ജേക്കബ് ചെസാരിയോസ് നയിച്ചിരുന്നത്.എതാനും മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അപ്പോഴും തന്നെകാണാന്‍ എത്തുന്നവരോടും സംസാരിക്കുന്നവരോടും പ്രത്യേക കരുതല്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു.1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്സ്ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹം2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മു കാശ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക് കടന്നത്.
District News
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന കാമറയും കവർന്നു. വഴിക്കടവ് താഴത്ത് വീട്ടിൽ നോയലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
അഞ്ച് യുവാക്കളടങ്ങുന്ന സംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാക്കളിൽ ചിലർ മുഖമൂടി ധരിച്ചിട്ടുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് സംഘം അകത്തുകടന്നത്.
വീട്ടുടമയും കുടുംബവും നിലവിൽ അമേരിക്കയിലാണ്. വീട് അടഞ്ഞുകിടക്കുന്നതായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മദ്യ ഷോപ്പിൽ മോഷണം
രാമനാട്ടുകര: കേരള സ്റ്റേറ്റ് ബീവറേജ് കോർപറേഷന്റെ രാമനാട്ടുകര തോട്ടുങ്ങലിൽ പ്രവർത്തിക്കുന്ന വിദേശ മദ്യ ഷോപ്പിൽ മോഷണം.
2.65 ലക്ഷം രൂപ മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുകൾ നിലയിലെ ഷട്ടറിന്റെ പൂട്ട് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെയുള്ള സിസിടിവി കാമറ തിരിച്ചുവച്ച നിലയിലാണ്. മദ്യ കുപ്പികളൊന്നും മോഷ്ടിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഓഗസ്റ്റ് 15 ന് ഷോപ്പ് അവധിയായിരുന്നു. 14ന് കിട്ടിയ കളക്ഷൻ ഉൾപ്പടെ ഷോപ്പിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. മുകൾ നിലയിൽ ഗോഡൗണും വിലകുറഞ്ഞ മദ്യത്തിന്റെ വില്പനയും ആയിരുന്നു ഉണ്ടായിരുന്നത്. താഴെ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറാണ് പ്രവർത്തിക്കുന്നത്. ഫറോക്ക് പോലീസ്, വിരലടയാള പരിശോധനാ വിദഗ്ധർ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തി.
District News
കോഴിക്കോട്: ദേശീയപാതയിലെ ടോൾ ഒഴിവാക്കി അപരിചിതമായ റോഡിലൂടെ യാത്ര ചെയ്ത കാർ തോട്ടില്‍ വീണു.കോഴിക്കോട് പന്തീരാങ്കാവിനടുത്ത് കുന്നത്തുപാലം മാമ്പുഴ ബണ്ടിന് സമീപമാണ് അപകടം.മലപ്പുറം സ്വദേശികളായ പി.ശുഹൈബ് (35), ഉനൈസ് (33) എന്നിവർ നിര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്ക് രാത്രി യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്, രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്ക്കെത്തിച്ചു.
കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
കുറ്റ്യാടി: തൊട്ടിൽപ്പാലം- വയനാട് റോഡിൽ മൂന്നാംകൈ പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ചൊക്ലി സ്വദേശികൾ സഞ്ചരിച്ച കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ചൊക്ലി സ്വദേശികളായ രണ്ടുപേർക്കും, അവള സ്വദേശികളായ രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
District News
ചെമ്പനോട: സംസ്ഥാന സർക്കാറിന്റെ മികച്ച കേര കർഷകനുള്ള കേര കേസരി അവാർഡിന് അർഹനായ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ഇടവകാംഗം സേവ്യർ കാര്യാവിലിനെ ചെമ്പനോട സെന്റ് ജോസഫ് പള്ളി ഇടവക സമൂഹം ആദരിച്ചു.
വികാരി ഫാ. ഡൊമിനിക് മുട്ടത്ത്കുടിയിൽ പൊന്നാട അണിയിച്ചു. ഫാ. ജോസ് പുത്തേട്ട്പടവിൽ, ട്രസ്റ്റിമാരായ കെ.എ. ജോസുകുട്ടി, ജോബി ഇടച്ചേരിക്കുന്നേൽ, ജോസ് മലയാറ്റൂർ, ജോസുകുട്ടി തോട്ടുംങ്കര എന്നിവർ സന്നിഹിതരായിരുന്നു.
District News
താമരശേരി: അവധിയിലുള്ള പോലീസുകാരൻ തന്റെ സ്റ്റേഷൻ പരിധിയിലല്ലാത്ത മറ്റൊരു സ്ഥലത്തെ സ്പായിൽ കയറി സ്ത്രീ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങിയതായി ആക്ഷേപം.
മലയോര മേഖലയിലെ സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫീസറാണ് പുതുപ്പാടി അടിവാരം ഭാഗത്തെ ഒരു സ്പായിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് പോലീസുദ്യോഗസ്ഥൻ മഫ്തിയിൽ അടിവാരം ഭാഗത്തെ സ്പായിൽ എത്തിയത്.
സ്പായിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവോയെന്നത് പരിശോധിക്കാൻ എത്തിയതാണെന്ന് അറിയിച്ച ഇയാൾ, അവിടത്തെ രേഖകളെല്ലാം ചോദിച്ചുവാങ്ങി പരിശോധിച്ചതിനുശേഷം പണം ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ കാര്യങ്ങൾ നടത്തുന്നില്ലെന്നിരിക്കെ പണം നൽകേണ്ട കാര്യമില്ലെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ, തന്റെ മേലധികാരി കർക്കശക്കാരനാണെന്നും പണംകൊടുത്തില്ലെങ്കിൽ അദ്ദേഹം സ്ഥാപനം പൂട്ടിക്കുമെന്നുമായിരുന്നു പോലീസുകാരന്റെ മറുപടി. തുടർന്ന് ജീവനക്കാർ 1500 രൂപ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ പോലീസിലെ രഹസ്യാന്വേ ഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കൂടരഞ്ഞി: മലയോര മേഖലയിലെ കാലാവസ്ഥ മുന്തിരി കൃഷിക്ക് അനുയോജ്യമല്ലെന്ന ധാരണകളെ മറികടന്ന് കൂടരഞ്ഞിയിലെ വീട്ടുമുറ്റത്ത് മുന്തിരിത്തോട്ടം ഒരുക്കി ശ്രദ്ധേയനാകുകയാണ് കർഷകനായ റോയി ആക്കേൽ.
കുളിരാമുട്ടിയിലെ ഏകദേശം മൂന്ന് ഏക്കർ സ്ഥലമാണ് ഇന്ന് റോയിയുടെ വൈവിധ്യമാർന്ന കൃഷിത്തോട്ടമുള്ളത്. വീട്ടുമുറ്റത്തും കൃഷിയിടത്തുമായി പടർത്തിയ വള്ളികളിൽ കുലകുലയായി നിറഞ്ഞു നിൽക്കുന്ന റോസ് മുന്തിരിയാണ് റോയിയുടെ തോട്ടത്തിലെ പ്രധാന ആകർഷണം. രാസവളങ്ങൾക്ക് പകരം ബയോഗ്യാസ് പ്ലാന്റിൽനിന്ന് ലഭിക്കുന്ന സ്ലറിയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഇത് ചെടികളുടെ വളർച്ചയ്ക്കും കായകളുടെ ബലത്തിനും സഹായകമാണെന്ന് റോയി പറയുന്നു.
2020ലാണ് റോയി ആദ്യമായി മുന്തിരിയുടെ വിളവെടുപ്പ് നടത്തിയത്. അന്നത്തെ കൃഷി ഓഫീസറായിരുന്ന മുഹമ്മദ് നൽകിയ പ്രോത്സാഹനവും നിർദേശങ്ങളും റോയിയെ സഹായിച്ചിരുന്നു. ജാതി, തെങ്ങ്, കമുങ്ങ്, വാഴ, കപ്പ, ചേമ്പ് തുടങ്ങി വിവിധ കാർഷിക വിളകൾക്കൊപ്പം പലതരം ഫലവൃക്ഷങ്ങളും ഇവിടെ വളരുന്നു. സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കഴിയുന്നത്ര സ്വന്തം പുരയിടത്തിൽ തന്നെയാണ് റോയി ഉത്പാദിപ്പിക്കുന്നത്.
കർഷക കുടുംബത്തിൽ ജനിച്ച റോയിക്ക് ചെറുപ്പം മുതലേ കൃഷിയോട് വലിയ താത്പര്യമായിരുന്നു. ആക്കേൽ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനായ റോയി, കുടുംബത്തിന്റെ നിർബന്ധപ്രകാരം പഠനത്തിനുശേഷം പ്രവാസജീവിതത്തിലേക്ക് തിരിഞ്ഞു. പത്തുവർഷത്തോളം വിദേശത്ത് കഴിഞ്ഞശേഷം നാട്ടിൽ തിരിച്ചെത്തിയതോടെയാണ് കൃഷിയോടുള്ള പഴയ ഇഷ്ടം വീണ്ടും ജീവിതത്തിന്റെ ഭാഗമാക്കിയത്. കൃഷിയിലേക്ക് പൂർണമായി മടങ്ങിയെത്തിയ റോയിക്ക് ഭാര്യ ഷൈനിയുടെയും ഡിഗ്രി വിദ്യാർഥിയായ മകൻ റോഷിന്റെയും പിന്തുണ വലിയ കരുത്താണ്.
വന്യമൃഗശല്യമാണ് കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്ന് റോയി പറയുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ പൂവാറൻതോട്ടിൽ റോയിക്കുണ്ടായിരുന്ന ഏകദേശം ഏഴ് ഏക്കർ കൃഷിയിടം ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നിരന്തര ശല്യം കാരണം ഒടുവിൽ കൈവിടേണ്ടിവന്നു.
പിന്നീട് കുളിരാമുട്ടിയിൽ തരിശായി കിടന്ന ഭൂമി സ്വന്തമാക്കി കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. ഇവിടെയും വന്യമൃഗശല്യം വെല്ലുവിളിയായെങ്കിലും ഇരുമ്പ് വേലികളും സോളാർ ഫെൻസിംഗും സ്ഥാപിച്ച് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തി.
കാർഷികമേഖലയിൽ സജീവമായി തുടരുന്നതിനൊപ്പം റോയി തന്റെ 24-ാം വയസ് മുതൽ പൊതുപ്രവർത്തനത്തിലും സജീവമാണ്. കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗമായ റോയി ആക്കേൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോട് കൂടിയ പ്രവാസി സേവാ കേന്ദ്രവും നടത്തിവരുന്നു. കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിച്ചുള്ള യാത്രയാണെന്നുമാണ് റോയി തെളിയിക്കുന്നത്.
District News
കോടഞ്ചേരി: അധ്വാനിക്കാൻ മനസുണ്ടെങ്കിൽ മണ്ണിൽ നിന്ന് മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് കുപ്പായക്കോട് സ്വദേശി വടക്കേടത്ത് ബിജു.
സ്വന്തമായുള്ള ഒന്നര ഏക്കറിന് പുറമെ പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്താണ് ബിജു നൂറുമേനി വിളയിച്ച് മാതൃകയാകുന്നത്.
ചെറുപ്പം മുതലേ തുടങ്ങിയ കൃഷി കമ്പം ഇന്ന് ഈ കർഷകന് മികച്ചൊരു വരുമാനമാർഗം കൂടിയാണ്.
വിവിധയിനം വിളകൾ, മികച്ച ആസൂത്രണം എന്നിവയാണ് ബിജുവിന്റെ വിജയരഹസ്യം. വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക തുടങ്ങി വിവിധ വിളകൾ ബിജുവിന്റെ കൃഷിയിടത്തിൽ കാണാം. കഴിഞ്ഞ വർഷം കൃഷി ആരംഭിച്ച് മാർച്ചിൽ വിളവെടുത്ത ബിരിയാണി നെല്ലിനമായ ഗന്ധകശാലയും ബിജുവിന് വൻവിജയമാണ് സമ്മാനിച്ചത്.
കുഞ്ഞുകുളത്തെ പാടശേഖരത്തിൽ ബത്തേരിയിൽ നിന്ന് കിലോഗ്രാമിന് 200 രൂപ നിരക്കിൽ വിത്ത് എത്തിച്ചായിരുന്നു കൃഷി.
ഇതിനുപുറമെ മൂന്നേക്കറിൽ ആതിര, വയനാടൻ തൊണ്ടി, ഔഷധ ഗുണമുള്ള ബ്ലാക്ക് റോസ് എന്നീ ഇനങ്ങളും വിളവിറക്കി. ഗന്ധകശാല നെല്ല് കിലോയ്ക്ക് 100 രൂപ നിരക്കിലും അരി 150 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്. സമ്മിശ്ര കൃഷിയിലെ മികച്ച മുന്നേറ്റം പരിഗണിച്ച് പുതുപ്പാടി പഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകനായി ബിജുവിനെയാണ് തെരഞ്ഞെടുത്തത്.
ഭാര്യ ഡെയ്സിയുടെയും മക്കളായ അമൽ ആകാശ് എന്നിവരുടെ പിന്തുണയാണ് ബിജുവിന്റെ വിജയത്തിന്റെ രഹസ്യം. ഫോൺ: 94954 93514.
District News
കോഴിക്കോട്: വീട്ടിലെ ഇരുപത് സെന്റ് സ്ഥലത്ത് കൃഷിയുടെ പൂക്കാലം വിരിയിക്കുകയാണ് കണ്ണഞ്ചേരി സ്വദേശി അക്വാ മറൈന്‍ വീട്ടില്‍ എ.പി. കുഞ്ഞഹമ്മദ് കോയ. കുട്ടിക്കാലത്തെ തന്റെ പാഷനെ അദ്ദേഹം മര്‍ച്ചന്റ് നേവിയിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വളര്‍ത്തി എടുക്കുകയായിരുന്നു.
ചിക്കു, മള്‍ബറി, പ്ലാവ്, മാവ്, മുന്തിരി, പേര, നാരകം, ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്, പപ്പായ, മള്‍ബറി, വ്യത്യസ്ത ഇനം ചാമ്പകള്‍, കൈതച്ചക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ഇവയ്ക്ക് പുറമെ തക്കാളി, വെണ്ട, വ്യത്യസ്ത ഇനത്തില്‍പ്പെട്ട മുളകുകള്‍, മത്തന്‍, കുമ്പളം, കോവല്‍, വഴുതന, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നു.
വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്തെടുക്കുകയാണ് പതിവ്.1974ല്‍ നേവി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2009ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് മുഴുവന്‍ സമയ കൃഷിക്കാരനായി. കഴിഞ്ഞ 17 വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വ്യത്യസ്തമായ പഴങ്ങളും പച്ചക്കറികളുമെല്ലാം നിറയെ വിളവുമായി തലപ്പൊക്കത്തോടെ നില്ക്കുന്നു.
വളവും കീടനാശിനിയുമെല്ലാം ജൈവ രീതിയിലുള്ളതാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ വീടിന്റെ മട്ടുപ്പാവിലായിരുന്നു കുഞ്ഞഹമ്മദിന്റെ കൃഷി. ഇപ്പോള്‍ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷി തുടരുന്നത്. പച്ചക്കറികളും ചെടികളും നടുന്നതിനുള്ള ചട്ടികള്‍ തയ്യാറാക്കുന്നത് കുഞ്ഞഹമ്മദ് തന്നെയാണ്. ശാസ്ത്രീയമായ കൃഷി രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.
സമീപത്തെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുഞ്ഞഹമ്മദിന്റെ കൃഷിയിടത്തില്‍ കൃഷിയെക്കുറിച്ച് പഠിക്കാനായി എത്താറുണ്ട്. പെരുവണ്ണാമൂഴിയിലുള്ള സുഗന്ധവിള ഗവേഷണകേന്ദ്രത്തിലും പാലക്കാടും തൃശൂരും വിവിധ കൃഷി സംബന്ധമായ ക്ലാസുകള്‍ക്കും കുഞ്ഞഹമ്മദ് സ്ഥിരമായി പോകാറുണ്ട്.വീട്ടമ്മയായ ഭാര്യ ഹമീദ ബാനുവും മക്കളായ ഫിര്ബിന് ജോഹറും ഫാബിര്‍ കെ. കോയയും ഫാരിസ് കെ. കോയയും കുഞ്ഞഹമ്മദിന്റെ കൃഷി താത്പര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
District News
ഉള്ളൂർ: പട്ടത്തെ ഫർണിച്ചർ സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മെത്തകൾ ഉൾപ്പെടെ നിരവധി സാധനസാമഗ്രികൾ കത്തിനശിച്ചു.
പട്ടം ജംഗ്ഷന് സമീപം ഓക്സിജൻ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്ന ജോയിയുടെ ഉടമസ്ഥതയിലുള്ള ജോയി ഫർണിച്ചർ ആൻഡ് മാനുഫാക്ചറർ എന്ന സ്ഥാപനത്തിലായിരുന്നു തീപിടിത്തം. രാവിലെ 11 മണിയോടുകൂടി ഓക്സിജൻ ഷോപ്പിലേക്ക് എത്തിയ ശരത്ത് എന്നയാളാണ് സ്ഥാപനത്തിൽനിന്നു തീയും പുകയും ഉയരുന്ന വിവരം ഫയർഫോഴ്സിലും പോലീസിലും അറിയിച്ചത്. സമീപത്തെ മാരുതി ഷോറൂമിൽ തീപിടിത്തം ഉണ്ടായി എന്നായിരുന്നു യുവാവ് തെറ്റിദ്ധരിച്ചത്. തിരുവനന്തപുരത്തുനിന്നു മൂന്നും ചാക്കയിൽനിന്നു രണ്ടും കഴക്കൂട്ടത്തുനിന്ന് രണ്ടും യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഏകദേശം അ ഞ്ചുമണിക്കൂർ പരിശ്രമിച്ചാണ് തീപൂർണമായും അണച്ചത്.
ഷീറ്റ് പാകിയ ഗോഡൗണിനെ രണ്ടായി വേർതിരിച്ചിരുന്നു. തീ അതിവേഗം പടർന്നതിനെ തുടർന്ന് മെത്തകൾ, ചൂരൽ ഫർണിച്ചറുകൾ, ഡൈനിംഗ് ടേബിളിനുള്ള തടികൾ, അലമാരകൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
സമീപത്തു നിർമാണം നടന്നുകൊണ്ടിരുന്ന മൂന്നുനില കെട്ടിടത്തിലേക്കും തീ വ്യാപിച്ചിരുന്നു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് ഫയർഫോഴ്സ് തീ അണച്ചതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. ഞായറാഴ്ച അവധി ദിവസമായതിനാൽ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്നില്ല. എന്നാൽ സ്ഥാപനത്തിൽ രണ്ടു ജീവനക്കാർ ഉണ്ടായിരുന്നതായി മ്യൂസിയം പോലീസ് പറഞ്ഞു. അതേസമയം ഫർണിച്ചർ സ്ഥാപനത്തിൽ കറണ്ട് കണക്ഷൻ ഉണ്ടായിരുന്നില്ലെന്നും ഓണം പ്രമാണിച്ച് തന്നെ ദ്രോഹിക്കുന്നതിനു വേണ്ടി ആരോ സ്ഥാപനത്തിനു തീയിട്ടതാണെന്നും ഉടമ ആരോപിക്കുന്നു. എന്നാൽ രണ്ടു നിലകളുള്ള സ്ഥാപനത്തിൽ ഫർണിച്ചർ വർക്കുകൾ നടത്തുന്നതിന് ഇലക്ട്രിക് കണക്ഷൻ അത്യന്താപേക്ഷിതമാണെന്നും ഉടമ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വിലയിരുത്തപ്പെടുന്നു. തീപിടിത്തത്തെ തുടർന്ന് മേൽക്കൂര പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായും കത്തി താഴേക്ക് പതിച്ചതോടെ ജെസിബിയുടെ സഹായത്തോടെ ഇവ നീക്കിയതിനുശേഷമാണ് ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. ജോയി ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വർഷങ്ങൾക്കുമുമ്പ് രണ്ടു തവണ തീപിടിത്തം ഉണ്ടായിരുന്നതായി ഉടമ തന്നെ സമ്മതിക്കുന്നു.
മെത്തകളുടെയോ മറ്റോ അവശിഷ്ടങ്ങൾ കിടന്ന ഭാഗത്തു തീ പിടിച്ചതാകാം വലിയൊരു അഗ്നിബാധയ്ക്ക് കാരണമായതെന്നു പോലീസ് കരുതുന്നു. മ്യൂസിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
District News
തിരുവല്ലം: പനത്തുറയില്‍ അലഞ്ഞുതിരിഞ്ഞുനടന്ന തെരുവു നായയുടെ ആക്രമണത്തില്‍ 11 ഓളം പേര്‍ക്ക് കടിയേറ്റു. ശനിയാഴ്ചയും ഞായറാഴ്ചയുമായാണു നായ ആക്രമണം നടത്തിയത്. ഒരുനായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്.
നായ പെട്ടെന്ന് ആക്രമാസക്തമാകുകയായിരുന്നുവെ ന്നു നാട്ടുകാര്‍ അറിയിച്ചു. പനത്തുറ കൂനംതുരുത്തി വീട്ടില്‍ ഉദയന്റെ മകന് അശ്വിന്, പുന്നവിളാകത്ത് വീട്ടില്‍ സി.വിജയന്, സി. വിദ്യാധരന്, വേലിത്തല വീട്ടില്‍ ശാന്ത, തുരുത്തി കോളനി വീട്ടില്‍ ശങ്കരന്, പുന്നമൂട് വീട്ടില്‍ ഗോമതി, തോട്ടുമുക്ക് കുന്നുംപുറത്ത് വീട്ടില്‍ രവീന്ദ്രന്, കൈതവിളാകത്ത് സുധാ മന്ദിരത്തില്‍ വിശാഖ് തുടങ്ങിയവരെയാണു നായ കടിച്ചത്.
നായയുടെ കടിയേറ്റ എല്ലാവരും ആശുപത്രിയിലെത്തി കുത്തിവെയ്പ്പെടുത്തു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പനത്തുറ നിവാസികള്‍ക്ക് തെരുവുനായപ്പേടിമൂലം ഭയാകുലരായി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
പനത്തുറയിലെ നായശല്യത്തിന് നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു ധീവരസഭ കരയോഗം പ്രസിഡന്റ് ബി.സുധര്‍മന്‍, സെക്രട്ടറി വിജു പുഷ് പാംഗദന് എന്നിവര്‍ ആവശ്യപ്പെട്ടു.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ സ്വകാര്യ ബാറിൽ യുവാക്കളുടെ സംഘം തമ്മിൽ തല്ലി. പരിഹരിക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെ ബീയർകുപ്പികൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. ഒരാൾ അറസ്റ്റിൽ.
അദാനി തുറമുഖത്തെ ക്രെയിൻ ഓപ്പറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ചഞ്ചൽകുമാറി(26) നാണു തലയ്ക്കു പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സ്വദേശി രാജേഷിനെ (30) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ് തു. ശനിയാഴ്ച രാത്രിയിലായിരു ന്നു സംഭവം.
കോട്ടപ്പുറം സ്വദേശികളായ യുവാക്കൾ സംഘമായെത്തി മദ്യപിക്കുന്നതിടയിൽ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ചഞ്ചൽ ശ്രമിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ബിയർകുപ്പികൊണ്ട് ചഞ്ചലിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.
25000 രൂപ മോഷണംപോയി
നെടുമങ്ങാട്: പനവൂർ ചപ്പാത്ത് സ്വദേശി ഉഷാകുമാരിയുടെ വീട്ടിൽ അടുക്കളയുടെ പൂട്ട് തകർത്ത് മോഷണം. മുറിയിൽ മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മൊബൈലും മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു മോഷണം. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസ് മാർച്ച് നടത്തി. പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ മുഹമ്മദലി ജിന്നയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കോലം കത്തിച്ചു.
എട്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഇന്ത്യയുടെ വിഭജനത്തിനു നേതൃത്വം നൽകിയ മുഹമ്മദലി ജിന്നയുടെ അതേ നിലപാടാണ് കേരളത്തിൽ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദത്തിനു വഴങ്ങി മുഖ്യമന്ത്രി പിന്തുടരുന്നതെന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. പ്രതിഷേധത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോവിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവനന്തപുരം: തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും അവയ്ക്ക് ഉചിതമായ പരിഹാരം കണ്ടെത്താനും സർക്കാർ കണ്ണും കാതും തുറന്നിരിക്കുമെന്നു മന്ത്രി സി.പി.ജോൺ. കോൺട്രാക്ട് ലേബർ കോൺഗ്രസ് ഐഎൻടിയുസി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു മന്ത്രി.യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സുബോധൻ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ദേശീയ സെക്രട്ടറി ആർ.എം. പരമേശ്വരൻ, മണക്കാട് ചന്ദ്രൻകുട്ടി, വഞ്ചിയൂർ രാധാകൃഷ്ണൻ, പി. സുധാകരൻ, അഡ്വ. ലെഡ്കർ ബാവ, വള്ളക്കടവ് നിസാം, വില്യം ലാൻസി, വെട്ടുകാട് ജോർജ്, മണികണ്ഠൻ, ആർ. സിന്ധു, ജ്യോതിഷ് കുമാർ, ആർ. സുജ, അശ്വതി, ശ്രീക്കുട്ടി, കുമാരി, ഉഷ സുരേഷ്, അനീഷ്, ഷിമയോൺ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു.
District News
മെഡിക്കൽ കോളജ്: വ്യാജ റവന്യൂ രേഖകൾ ഹാജരാക്കി സ്വകാര്യ ബാങ്കിൽനിന്ന് 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉള്ളൂർ ഐഡിബിഐ ബാങ്ക് ലിമിറ്റഡ് അസറ്റ് സെന്റർ അധികൃതർ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശികളായ മൂന്നു പേരും തിരുവനന്തപുരം സ്വദേശിയായ ഒരാളും ഉൾപ്പെടെ നാലു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ വ്യാജ റവന്യൂരേഖകൾ സമർപ്പിച്ച് ഭവന വായ്പ ഇനത്തിൽ 81,00,000 രൂപയും ഇൻഷ്വറൻസ് ഇനത്തിൽ 4,55,520 ഉൾപ്പെടെ 85, 55, 520 രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. ലൊക്കേഷൻ സർട്ടിഫിക്കറ്റ്, സ്കെച്ച്, തണ്ടപ്പേർ കണക്ക് എന്നീ രേഖകളുണ്ടാക്കി അതിൽ സർക്കാർ മുദ്ര, സീൽ, ഒപ്പ്, എന്നിവ സ്കാൻ ചെയ്ത് ഉൾപ്പെടുത്തിയാണു വ്യാജരേഖകളുണ്ടാക്കിയത്. ഇവ ഹാജരാക്കിയാണ് പണാപഹരണം നടത്തിയത്.
District News
പൂവാർ:പുല്ലുവിള ജംഗ്ഷനിൽ അജ്ഞാത വാഹനം ഇടിച്ച് വൃദ്ധ മരിക്കാൻ ഇടയായ സംഭവത്തിൽ അപകടത്തിനു കാരണമായ വാഹനം കണ്ടെത്തി.
കോട്ടുകാൽ അടിമലത്തുറ അമ്പലത്തുമൂല ജൂബിലി നഗർ ബാബു ഹൗസിൽ വിമൽ (18) ഓടിച്ച ബൈക്കിടിച്ചാണ് കരുംകുളം പുല്ലുവിള പീരുപിള്ളവിളാകം ഹോളി ഫാമിലി ഹൗസിൽ മേരി സ്റ്റെല്ല (70 ) മരിച്ചത്. ബുധനാഴ്ച രാവിലെ പുല്ലുവിള സെന്റ് ജേക്കബ് ചർച്ചിലേക്ക് പോകവേ, റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഇടിച്ച ബൈക്ക് നിർത്താതെ പോയി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെയും വാഹനത്തെയും പിടികൂടിയതെന്നു കാഞ്ഞിരംകുളം പോലീസ് വ്യക്തമാക്കി.
മേരി സ്റ്റെല്ലയെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയ പ്രതി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കാഞ്ഞിരംകുളം പോലീസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
നേമം: നേമം നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയതിനു ശേഷമുള്ള ആദ്യത്തെ ഓണം ജനങ്ങളോടൊപ്പം ആഘോഷിച്ച് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.
"നേമത്തോണം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഓണക്കോടികളും ഓണക്കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. നേമം നിയോജക മണ്ഡലത്തിലെ 130 അര്‍ബുദ രോഗികള്‍ക്കും ഹരിതകര്‍മസേനാംഗങ്ങള്‍ക്കും ഓണക്കോടികളും ഓണക്കിറ്റുകളും വിതരണം ചെയ്തു. മണ്ഡലത്തിലെ 22 വാര്‍ഡുകളിലേക്കായി വീല്‍ചെയറുകളും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്ക്കായുള്ള വാക്കിംഗ് സ്റ്റിക്കുകളും കാഴ്ചപരിമിതര്‍ക്കുള്ള വൈറ്റ് കെയ്നുകളും കൈമാറി.
കൂടാതെ, നിയോജകമണ്ഡലത്തിലുള്ള 22 എല്‍പി, യുപി സ്കൂളുകളിലേക്ക് ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റംപ്സ്, രണ്ട് ഷട്ടില്‍ ബാറ്റുകൾ, കോര്‍ക്ക്, നെറ്റ്, ചെസ് ബോര്‍ഡ്, കോയിന്‍സ്, വോളിബോള്‍, വോളിബോള്‍ നെറ്റ്, ഫുട്ബോള്‍ തുടങ്ങിയ കായിക ഉപകരണങ്ങളടങ്ങിയ സ്പോര്‍ട്ട്സ് കിറ്റുകളും വിതരണം ചെയ്തു. ഓഫീസ് ഉദ്ഘാടനദിവസം ലാപ്ടോപ്പ് ആവശ്യപ്പെട്ടു കത്തു നല്കിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്കുള്ള ലാപ്ടോപ്പുകളും കൈമാറി.
അത്തപ്പൂക്കളമൊരുക്കല്‍, വടംവലി, കസേരകളി, ഊഞ്ഞാലാട്ടം തുടങ്ങിയവയും ഉണ്ടായി രുന്നു. കരുമം വിനായക കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ പാപ്പനംകോട് സജി അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുരേഷ്, കരമന ജയന്, മേയര്‍ വി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.
District News
കഴക്കൂട്ടം : ആളൊഴിഞ്ഞ പുരയിടത്തിൽന്നു 40 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.
മംഗലപുരം കൊപ്പം റോഡിൽ മുള്ളൻ കോളനിക്കു സമീപം ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിൽ ഇന്നലെ രാവിലെയാണ് 40 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മംഗലപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സ്ഥലത്തെ സിസിടിവി ഉൾപ്പടെ പോലീസ് പരിശോധിച്ചു വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽനിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതേത്തുടർന്നു പിടിക്കപ്പെടുമെന്ന ഭയത്തിൽ പുകയില ഉത്പന്നങ്ങൾ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
District News
കഴക്കൂട്ടം: സൈനിക സ്കൂൾ കാന്പസിൽ മൂന്നു വിദ്യാർഥികൾക്ക് തെരുവു നായയുടെ കടിയേറ്റു. വിദ്യാർഥികളായ കനിഷ്ക് (14), മാധവ് (15). അശ്വത്ത് (16) എന്നിവർക്കാണു നായയുടെ കടിയേറ്റത്. കൈവിരലിനു സാരമായി പരുക്കേറ്റ കനിഷ്കിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. തുടർന്ന് പേ വിഷബാധക്കെതിരേയുള്ള കുത്തിവയ്പു നൽകി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് തെരുവുനായ വിദ്യാർഥികളെ ആക്രമിച്ചത്.
അവധി ദിവസമായതിനാൽ വിദ്യാർഥികൾ കാന്പസിൽ നിൽക്കുമ്പോഴാണ് തെരുവു നായ ആക്രമിച്ചത്. സൈനിക സ്കൂൾ കാന്പസിന്റെ പല ഭാഗത്തും മതിലുകൾ തകർന്ന നിലയിലാണ്. പലയിടത്തും കാടുകൾ വളർന്നു നിൽക്കുന്നുണ്ട്. ഇതുവഴിയാണ് നായകൾ കാന്പസിൽ പ്രവേശിക്കുന്നത്. സ്കൂൾ അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസം മുൻപ് നഗരസഭ ജീവനക്കാരെത്തി ഏതാനും നായകളെ പിടികൂടിയിരുന്നു.
District News
കോട്ടൂർ: കോട്ടൂർ അഗസ്ത്യവനത്തിനുള്ളിൽ ഫോറസ്റ്റിന്റെ ഫയർലൈൻ നിർമാണ പ്രവർത്തനത്തിനിടെ കടന്നൽ കുത്തേറ്റു രണ്ടു പേർക്ക് പരിക്കേറ്റു.
പേപ്പാറ വന്യജീവി സങ്കേതത്തിലെ കമലകം ഊരിൽ നിന്നുള്ള സിന്ധു, കരുമി എന്നിവർക്കാണ് കാട്ടിനുള്ളിൽവച്ച് കടന്നലിന്റെ കുത്തേറ്റത്. ഫയർ ലൈൻ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇരുവർക്കുമെതി രേ കടന്നലിന്റെ ആക്രമണമുണ്ടായത്.
ഇരുവർക്കും ഗുരുതര പരിക്കുണ്ട്. സംഭവത്തെ തുടർന്ന് ഇരുവരെയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
District News
കല്ലമ്പലം: മേഖല കേന്ദ്രീകരിച്ച് യുവാക്കൾക്ക് മയക്കുമരുന്നു വിൽപ്പനയ്ക്കായി എത്തിച്ചുനൽകിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വർക്കല മുത്താന സ്വദേശിയും കീഴെത്തട്ടിൽ വീട്ടിൽ താമസക്കാരനുമായ ഡിപിൻ (28) ആണ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ജൂലൈ 23ന് കല്ലമ്പലം ചിറ്റായിക്കോട് സ്വദേശിയായ സനലിനെ, വീട്ടിനോടു ചേർന്നുള്ള വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡിപിനെക്കുറിച്ച് വിവരം ലഭിച്ചത്. സനൽ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ ഡിപിൻ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. റൂറൽ ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ തുടർന്ന് കല്ലമ്പലം പോലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു കല്ലമ്പലം പോലീസ് അറിയിച്ചു.
District News
നെയ്യാറ്റിന്‍കര: ലൈഫ് ഫൗണ്ടേഷന് കേരള സംഘടിപ്പിക്കുന്ന നെയ്യാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ആര്. പാര്‍വതിദേവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്മാന് കെ.കെ. ഷിബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. സജീവ്കുമാര്‍, റവ. സി.പി. ജസ്റ്റിന്‍ജോസ്, ആര്.കെ. അനില്‍കുമാര്‍, കവി ഡോ. ബിജു ബാലകൃഷ്ണന്, ചിത്രകാരന് മണികണ്ഠന് മണലൂര്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ പി.ആര്. ദീപ്തി, ഹെഡ്മാസ്റ്റര് എ. ജ്യോതിഷ്, എസ്എംസി ചെയര്മാന് ജെ.ജെ. ദിനേശ്, സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എസ്.വി. ശുഭശ്രീ, ഫൗണ്ടേഷന് ഡയറക്ടര്‍ എസ്.ജി. ബീനാമോൾ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രഭാഷണ പരന്പരകള്‍, പുസ്തക പ്രദര്‍ശനം, മുഖാമുഖം, സാഹിത്യ മത്സരങ്ങള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഫെസ്റ്റ് 29ന് സമാപിക്കും.
District News
പത്തനംതിട്ട: ചിങ്ങപ്പിറവിയോടനുബന്ധിച്ച് ഇന്ന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകദിനാചരണം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധതുറകളില്പെട്ട കര്‍ഷകരെ ഇതോടനുബന്ധിച്ച് ആദരിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ക്കും കൃഷിഭവനുകളില്‍ തുടക്കമാകും. പ്രളയക്കെടുതിയിലായ കൃഷിഭവനുകളിലൊഴികെ വിപുലമായ രീതിയില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. മികച്ച കര്‍ഷകര്‍ക്കുള്ള ആദരവിനൊപ്പം വനിത, യുവ, പട്ടിജാതി, സമ്മിശ്ര, ക്ഷീര കര്‍ഷകരെയും ആദരിക്കും.
രണ്ടാഴ്ച മുമ്പുണ്ടായ പ്രളയത്തിന്റെ കനത്ത ആഘാതത്തിലാണ് ഇത്തവണ കര്‍ഷകദിനാചരണം. കാര്‍ഷിക മേഖലയില്‍ വന്‍ നാശമാണ് പ്രളയം ജില്ലയില്‍ വരുത്തിവച്ചത്. 13 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിപണിയിലേക്കെത്തേണ്ട വിളകള്‍ ഉള്‍പ്പെടെയാണ് മഴക്കെടുതിയില്‍ നഷ്ടമായത്.
District News
കോഴഞ്ചേരി: പതിനാറു വര്‍ഷത്തിലേറെയായി കൃഷിയെ മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ച് മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നാരങ്ങാനം ആഷ്ലി മന്‍സിലില്‍ സി. എച്ച്. ഹമീദ് കുട്ടി.
ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും മനക്കരുത്തോടെയും അതിജീവിച്ച് കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിച്ച അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിനുതന്നെ പ്രചോദനമാണ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപജീവനാര്‍ഥം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന വേളയില്‍ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അതിന്റെ ഫലമായി ഒരു കാലിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാതെ ഏകദേശം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ബന്ധുവിന്റെ ഏകദേശം രണ്ടേക്കര്‍ സ്ഥലമെടുത്ത് കൃഷി ആരംഭിച്ച അദ്ദേഹം കൃഷിയുടെ പ്രായോഗിക അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കി ഇന്ന് വൈവിധ്യമാര്‍ന്ന വിളകള്‍ വിജയകരമായി കൃഷി ചെയ്തു വരുന്നു. ചേന, ചേമ്പ്, കാച്ചില്, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗ വിളകളും വെണ്ട, വഴുതന, പയര്‍, പാവല്‍, പച്ചമുളക് ഉള്‍പ്പെടെയുള്ള വിവിധ പച്ചക്കറി വിളകളും ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ച് ഉത്പാദിപ്പിക്കുന്നു. ശാരീരിക വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കൃഷിയിടത്തിലെ ഭൂരിഭാഗം ജോലികളും സ്വയം നിര്‍വഹിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൃഷിയിടം ഒരുക്കല്‍, നിലമൊരുക്കല്‍, വളങ്ങളും മറ്റു കാര്‍ഷിക ഉപാധികളും സ്വന്തമായി മുച്ചക്ര വാഹനത്തില്‍ എത്തിക്കല്‍, കൃഷിപരിപാലനം, വിളവെടുപ്പ് എന്നിവയില്‍ അദ്ദേഹം നേരിട്ട് പങ്കാളിയാകുന്നു. ശാരീരിക പരിമിതികളെ അതിജീവിച്ചുള്ള ഈ ആത്മസമര്‍പ്പണവും കഠിനാധ്വാനവും അദ്ദേഹത്തെ മാതൃകാ കര്‍ഷകനാക്കി ഉയര്‍ത്തിയിരിക്കുന്നു. കൃഷിയെ ഒരു ഉപജീവനമാര്‍ഗം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാര്‍ഗമായി മാറ്റിയ ഹമീദ് കുട്ടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സാധാരണ കര്‍ഷകര്‍ക്കും ഒരുപോലെ പ്രചോദനമാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃഷിയിലൂടെ മാന്യമായ ജീവിതം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ മാതൃക സമൂഹത്തിനു വിലപ്പെട്ട സന്ദേശമാണ് നല്‍കുന്നത്. ത്മവിശ്വാസം, കഠിനാധ്വാനം, കൃഷിയോടുള്ള ആത്മാര്‍ഥത, ശാരീരിക വെല്ലുവിളികളെ അതിജീവിച്ചുള്ള മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനം, വൈവിധ്യമാര്‍ന്ന വിളകൃഷിയിലൂടെ ഉപജീവനം കണ്ടെത്തിയ ജീവിതവിജയം എന്നിവ പരിഗണിച്ച് ഹമീദ് കുട്ടിയെ കൃഷിവകുപ്പ് സംസ്ഥാന കര്‍ഷക അവാര്‍ഡിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ചിരുന്നതായി കൃഷി ഓഫീസര്‍ മഹിമ മോഹന്‍ പറഞ്ഞു.
District News
കോഴഞ്ചേരി: കൃഷിയിലൂടെ അതിജീവനത്തിന്റെ പാതയിലാണ് ഷൈലജ എന്ന വീട്ടമ്മ. ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളില്‍ തളരാതെ കൃഷിഭൂമിയെ തനിക്കൊപ്പം ചേര്‍ക്കുകയായിരുന്നു ഈ വനിതാ കര്‍ഷക.
കാര്‍ഷിക കുടുംബമായ നാരങ്ങാനം വലിയപറമ്പില്‍ വീട്ടിലേക്ക് വിവാഹം കഴിച്ചെത്തിയ ഷൈലജയ്ക്ക് മൂന്നു വർഷം മ ുന്പ് ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം ഏറെ ദുഃഖകരമായി. ഏക മകള്‍ വിദേശത്തായ സാഹചര്യത്തില്‍ ഏറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഷൈലജ. മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ആ കാലഘട്ടത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഷൈലജയെ സഹായിച്ചത് കൃഷിയോടുള്ള ആത്മബന്ധമായിരുന്നു. ഇന്ന് കൃഷിതന്നെയാണ് ഷൈലജയുടെ ജീവിതത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത്.
വീടിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് ഷൈലജ വൈവിധ്യമാര്‍ന്ന കൃഷിരീതി പിന്തുടരുന്നത്. ചേന, ചേമ്പ്, കാച്ചില് തുടങ്ങിയ കിഴങ്ങുവര്‍ഗ വിളകള്‍ക്കൊപ്പം വഴുതന, പച്ചമുളക്, തക്കാളി, വെണ്ട തുടങ്ങിയ വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. കൂടാതെ 14 ജാതിമരങ്ങളും അമ്പതോളം കൊക്കോ ചെടികളും ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളും കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നു.
സാങ്കേതികവിദ്യയും കൃഷിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഏകദേശം 250 കുരുമുളക് വള്ളികള്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പരിപാലിച്ച് മികച്ച രീതിയില്‍ കൃഷി ചെയ്തുവരുന്നു. ഇതിനു പുറമേ 35 കുറ്റിക്കുരുമുളക് ചെടികള്‍ എച്ച്ഡിപിഇ ഗ്രോബാഗുകളിലും വളര്‍ത്തുന്നുണ്ട്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവും ശാസ്ത്രീയമായ പരിപാലന രീതികളുമാണ് ഷൈലജയുടെ കൃഷിയിടത്തിന്റെ പ്രത്യേകതകള്‍.
വാണിജ്യവിളകള്ക്കൊപ്പം പാരമ്പര്യവും പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകളും സംരക്ഷിക്കുന്നതിലും ഷൈലജ ശ്രദ്ധ പുലര്‍ത്തുന്നു. അന്യംനിന്നുപോകുന്ന വിവിധ ഔഷധസസ്യങ്ങള്‍ക്കും ഇവരുടെ കൃഷിയിടത്തില്‍ ഇടമുണ്ട്. കുടുക്കാമൂലി, സര്‍വസുഗന്ധി, കയ്യൂന്നി, കരിനൊച്ചി, ചിറ്റരത്ത, കച്ചോലം തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഇവിടെ സംരക്ഷിച്ചുവരുന്നു. അതുവഴി കാര്‍ഷിക വൈവിധ്യവും പാരമ്പര്യ ഔഷധസസ്യങ്ങളുടെ സംരക്ഷണവും ഒരേ സമയം സാധ്യമാക്കുകയാണ് ഷൈലജ.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും കൃഷിയെ ഉപജീവനമാര്‍ഗം മാത്രമല്ല, മാനസികമായ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തായി മാറ്റിയതാണ് ഷൈലജയുടെ കൃഷിയെ വ്യത്യസ്തമാക്കുന്നത്. അമ്മയുടെ കൃഷിപ്രവര്ത്തനങ്ങള്ക്ക് സമീപത്തില്ലെങ്കിലും പൂര്‍ണ പിന്തുണയുമായി ഏക മകള്‍ ദേവി ്രിയയും കൂടെയുണ്ട്.
വൈവിധ്യമാര്‍ന്ന വിളകള്‍, ശാസ്ത്രീയ കൃഷിരീതികള്‍, ജലസംരക്ഷണം, ഔഷധസസ്യ സംരക്ഷണം എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് സ്വന്തം പുരയിടത്തെ ഒരു മാതൃകാ കൃഷിയിടമാക്കി മാറ്റുകയാണ് ഷൈലജ. പ്രതിസന്ധികള്‍ക്കിടയിലും കൃഷിയിലൂടെ ജീവിതം തിരിച്ചുപിടിച്ച ഈ വനിതാ കര്‍ഷകയുടെ കഥ, കൃഷി ഒരു ഉപജീവനമാര്‍ഗം മാത്രമല്ല, ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശക്തിയുമാണെന്ന സന്ദേശമാണ് നല്കുന്നതെന്ന്് നാരങ്ങാനം കൃഷി ഓഫീസര്‍ ജെ. മഹിമ മോഹന്‍ പറഞ്ഞു.
District News
അടൂര്‍: ഔദ്യോഗിക തിരക്കുകളുടെ ലോകത്തുനിന്ന് മണ്ണിലേക്കിറങ്ങി അപൂര്‍വയിനം വിളകളുടെ വൈവിധ്യമൊരുക്കുകയാണ് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥന് എം. ഹരിസുതന്. ഏനാത്ത് കൈതമുക്ക് നാടുകുന്നില് കിഴക്കേതില്‍ നവനീതം എം. ഹരിസുതന്റെ ഒന്നരയേക്കറോളം വരുന്ന കൃഷിയിടം ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അപൂര്‍വ വിളകളുടെ കലവറയാണ്.
ഭാരതീയ തപാല്‍ വകുപ്പിന്റെ വിശിഷ്ട സേവനത്തിനുള്ള ഡാക് സേവാ പുരസ്കാരം നേടിയിട്ടുള്ള ഹരിസുതന് നിലവില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കൃഷിയോടുള്ള ഇഷ്ടം കൈവിടാതെ 18 വര്‍ഷമായി വിഷരഹിത കൃഷിരീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.
തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ അനുഭവമാണ് ഹരിസുതന്റെ ജീവിതത്തിന് വഴിത്തിരിവായത്. കാര്‍ഷികവൃത്തിയോടുള്ള താത്പര്യവും ഇതിലൂടെ വര്‍ധിച്ചു.
കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതും അതേസമയം തമിഴ്നാട്ടുകാര്‍ സ്വന്തം ആവശ്യത്തിനായി വിഷരഹിത പച്ചക്കറികള്‍ പ്രത്യേകം കൃഷി ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷരഹിത കൃഷിയിലേക്ക് തിരിഞ്ഞത്. ആരോഗ്യകരമായ ഭക്ഷണം സ്വന്തം കുടുംബത്തിനും മറ്റുള്ളവര്‍ക്കും ലഭ്യമാക്കണമെന്ന ചിന്തയില്‍ നിന്നാണ് കൃഷി വിപുലമാക്കിയത്.
ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയവും അവധി ദിവസങ്ങളും കൃഷിയിടത്തിനായി മാറ്റിവയ്ക്കുകയാണ് ഇദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത കാലത്തെ പരിചയങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി അപൂര്‍വയിനം വിത്തുകളും നടീല്‍ വസ്തുക്കളും ശേഖരിച്ചാണ് കൃഷിയിടത്തെ വൈവിധ്യമാര്ന്നതാക്കിയത്.
മഞ്ചേരി കുള്ളന്‍ മുതല്‍ ബ്ലൂ ജാവ വരെ വാഴകളുടെ അപൂര്‍വ ഇനങ്ങളാണ് ഹരിസുതന്റെ കൃഷിയിടത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആറടി മാത്രം ഉയരം വയ്ക്കുന്നതും കാറ്റിനെ പ്രതിരോധിക്കാന്‍ പ്രത്യേക താങ്ങ് ആവശ്യമില്ലാത്തതുമായ മഞ്ചേരി കുള്ളന്‍, ബിഹാറില്‍നിന്നുള്ള ചിനിയ എന്നിവയ്ക്കൊപ്പം ഐസ്ക്രീം വാഴ, ആയിരംകച്ചി, ബ്ലൂ ജാവ, തായ് മൂസ തുടങ്ങിയ ഇനങ്ങളും വിളയുന്നു.
മണിപ്പുരില്‍നിന്നുള്ള വിശിഷ്ട കരിനെല്ലിനമായ ചക് ഖാവോ വയല ഏലായില്‍ വിജയകരമായി കൃഷി ചെയ്ത് വിളവെടുത്തതും ശ്രദ്ധേയമാണ്.
ആസാമില്‍നിന്നുള്ള അഘോണി ബോറ എന്ന ഹൈബ്രിഡ് അരിയിനവും കൃഷിയിടത്തിലുണ്ട്. പാകം ചെയ്യാന്‍ പ്രത്യേകം വേവിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചവെള്ളത്തില്‍ കുതിര്‍ത്തുവച്ചാല്‍ തനിയെ ഭക്ഷ്യയോഗ്യമാകുന്ന ഇനമാണിത്.
വിവിധ സംസ്ഥാനങ്ങളുടെ രുചി ഒരേ മണ്ണില്‍
ത്രിപുരയില്‍നിന്നുള്ള ക്വീന്‍ കൈതച്ചക്ക, മേഘാലയയിലെ ലക്കഡോങ് മഞ്ഞള്‍, തമിഴ്നാട്ടിലെ കരുണക്കിഴങ്ങ്, ബംഗാളില്‍നിന്നുള്ള പൊട്ടല്‍ എന്നിവയ്ക്കും ഇവിടെ ഇടമുണ്ട്. ആഫ്രിക്കന്‍ കാച്ചില്, മധുരക്കിഴങ്ങ്, അടത്താപ്പ് തുടങ്ങിയവയും കൃഷിയിടത്തില്‍ വിളയുന്നു.
റംബൂട്ടാന്, മാങ്കോസ്റ്റീന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, ഗാര്‍ഗ് ഫ്രൂട്ട്, ബെയര്‍ ആപ്പിള്‍, അബിയു തുടങ്ങിയ വിദേശ ഫലവര്‍ഗങ്ങളും ഹരിസുതന്റെ കൃഷിയിടത്തിലെ കൗതുകങ്ങളാണ്. ഇതിനൊപ്പം ചെറുതേനീച്ച വളര്‍ത്തലും നടത്തിവരുന്നു.
കൃഷിയിടത്തിന്റെ പരിപാലനത്തിന് ഒരു ജോലിക്കാരനൊപ്പം അധ്യാപികയായ ഭാര്യ സി.സി. ബിന്ദുവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മകന് എച്ച്. ധനുഷും ഹരിസുതന് പൂര്‍ണ പിന്തുണ നല്കുന്നു.
നാടന്‍ മണ്ണില്‍ മറുനാടന്‍ വിളകള്‍ പരീക്ഷിച്ച് വിജയിപ്പിക്കുന്ന ഈ മാതൃകാ കൃഷിയിടം കാണാനും അപൂര്‍വയിനം വിളകളെക്കുറിച്ച് പഠിക്കാനുമായി നിരവധി കര്‍ഷകരും നാട്ടുകാരുമാണ് ദിവസവും എത്തുന്നത്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മണ്ണിനോടുള്ള സ്നേഹവും പരീക്ഷണ മനസും കൈമുതലാക്കി ഹരിസുതന് തീര്‍ക്കുന്നത് വ്യത്യസ്തമായൊരു കാര്‍ഷിക മാതൃകയാണ്.
District News
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും - കാര്‍ഷിക രാവ് എന്ന പേരില്‍ കര്‍ഷകദിനമായ ഇന്ന് വിപുലമായി ആഘോഷിക്കും. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനം സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ.ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും.
ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അനുമോദന പ്രസംഗവും നടത്തും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, അവാര്‍ഡ് ജേതാക്കളുടെ രക്ഷിതാവിന്റെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലില്‍, മഹിളാസമാജ് വൈസ് പ്രസിഡന്റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.
സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നത്.
കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 225 വിദ്യാര്‍ഥികള്‍ക്ക് സ്വര്ണക്കോയിനും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കും.
കൂടാതെ വിവിധ കാര്‍ഷികജില്ലകളുടെപ്രവര്‍ത്തന മികവിന് സംഘടന ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും മന്ത്രി ടി. സിദ്ദിഖ് സമ്മാനിക്കും. പരിപാടിയില്‍ വിവിധ കാര്‍ഷികജില്ലകളുടെ ഭാരവാഹികളും ഡയറക്ടര്‍മാരും ഉള്‍പ്പെടെ നാലായിരത്തില്പരം ആളുകള്‍ പങ്കെടുക്കും.
District News
റാന്നി: വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കേരള വനം വകുപ്പ്, മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്, മാര്‍ത്തോമ്മാ വികസന സംഘം, മാര്‍ത്തോമ്മാ യുവജന സഖ്യം എന്നിവ സംയുക്തമായി വിവിധ പദ്ധതികള്‍ക്ക് തുടക്കമിടുന്നു.
വനാന്തരങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പരിമിതമായതിനാല്‍ വന്യമൃഗങ്ങള്‍ തീറ്റ തേടി മനുഷ്യവാസ മേഖലകളില്‍ എത്തുന്നതാണ് സംഘര്‍ഷങ്ങള്‍ക്കു പ്രധാന കാരണം. റാന്നി വനമേഖലയില്‍ വന്യമൃഗ ആക്രമണങ്ങളും കൃഷിനാശവും നിത്യ സംഭവമായിരിക്കുകയാണ്. ഇതിന് പരിഹാരമായി വനാന്തരങ്ങളില്‍ ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മിച്ച് വന്യജീവി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി മാര്‍ത്തോമ്മാ വികസന സംഘവും മാര്‍ത്തോമ്മാ യുവജന സഖ്യവും സംയുക്തമായി സംസ്ഥാന വനംവകുപ്പ്, മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ റാന്നി ളാഹ രാജാംപാറ വനമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി നാടന്‍ വിത്തുകളും ഫലവൃക്ഷങ്ങളും നടുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് മാര്‍ത്തോമ്മാ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിക്കും. പഴകുളം മധു എംഎല്‍എ, ഡിഎഫ്ഒ എന്‍.രാജേഷ്, ക്രിസോസ്റ്റം ഫൗണ്ടേഷന് പ്രസിഡന്റ് റെജി കൊപ്പാറ, സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറര്‍ ബോബി അവഗാമ, ഭദ്രാസന ട്രഷറര്‍ അനു ഫിലിപ്പ്, മാര്‍ത്തോമ്മാ വികസന സംഘം വൈസ് പ്രസിഡന്റ് റവ. എ.ഏബ്രഹാം, യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. സജിന്‍ ബേബി, പ്രഫ. എം.ജി. വര്‍ഗീസ്, ടി.കെ. സാജു, ജോണ്‍ സാമുവേല്‍, പഞ്ചായത്ത് മെംബര്‍ പി.എസ്. ഉത്തമന്, മനോജ് ഡേവിഡ് കോശി എന്നിവരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കും.മാര്‍ത്തോമ്മാ വികസന സംഘം സെക്രട്ടറി ബെന്നി പുത്തന്‍പറമ്പില്‍, യുവജന സഖ്യം സെക്രട്ടറി ഏബല്‍ കുര്യന് സാജന്, കണ്‍വീനര്‍ സാം മുള്ളുംകാട്ടില്‍ എന്നിവര്‍ നേതൃത്വം നൽകും.
District News
തിരുവല്ല: ഓണക്കാലം ലക്ഷ്യമിട്ട് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ നടത്തിയ പച്ചക്കറി കൃഷി പ്രളയം കൊണ്ടുപോയി. ഇതിനൊപ്പം ഏത്തവാഴയും കിഴങ്ങുവര്‍ഗങ്ങളും ഉള്‍പ്പെടെ വന്‍ കൃഷിനാശമാണ് തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായത്. രൂക്ഷമായ പ്രളയത്തെ പ്രതിരോധിച്ചു നിന്നത് മട്ടുപ്പാവ് കൃഷികള്‍ മാത്രമാണ്.
ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് മട്ടുപ്പാവ് കൃഷിയെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും ഇതിനുള്ള സൗകര്യം ലഭ്യമായ ഇടങ്ങളില്‍ മാത്രമേ സാധ്യമായുള്ളൂ.
നിരണം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബര്‍ ബിന്ദു ജെ. വൈക്കത്തുശേരി തന്റെ വീടിന്റെ മുകളില്‍ നടത്തിയ പച്ചക്കറി കൃഷിയെ പ്രളയക്കെടുതിയില്‍നിന്നു രക്ഷിക്കാനായി. ഓണത്തിന് വിളവെടുക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷി പൂര്ണവളര്ച്ചയില് എത്തിയിരിക്കുകയാണ്. നാട്ടില്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത കുക്കുംബര്‍, കുറ്റിബീന്‍സ് എന്നിവയാണ് കൃഷിയിടത്തിലെ താരങ്ങള്‍. കുക്കുംബര്‍ പൂവിട്ട് കായിച്ചു. കുറ്റിബീന്‍സ് വളര്‍ന്ന് വരുന്നതേയുള്ളൂ.ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കുക്കുംബറും കുറ്റിബീന്സും നിരണത്തെ പല വീടുകളിലും ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നുണ്ട്.
ടാതെ വള്ളിപ്പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, ചീര, വഴുതന, കാന്താരി, പാവല്‍, കോവല്‍, എന്നിവയും കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയെല്ലാം മട്ടുപ്പാവില്‍ വിളവെടുക്കാന്‍ കഴിയുമെന്ന് ബിന്ദു ജെ. വൈക്കത്തുശേരി പറഞ്ഞു. ഗ്രോ ബാഗിലും ചെടിച്ചട്ടിയിലും ചാക്കിലുമാണ് ഇവയെല്ലാം കൃഷി ചെയ്തിരിക്കുന്നത്, ചാണകപ്പൊടിയും ചകരിച്ചോറും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും മണ്ണും നിറച്ച ഗ്രോ ബാഗിലാണ് കൃഷി. ശര്‍ക്കരയും വേപ്പിന്‍പിണ്ണാക്കും കടലപ്പിണ്ണാക്കും കൊണ്ട് ഉണ്ടാക്കിയ മിശ്രിതം കൃഷിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നു ലഭിക്കുന്ന കീടനാശിനി ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാറുണ്ട്. പഞ്ചായത്ത് മെംബറുടെ മട്ടുപ്പാവ് കൃഷിക്കു സഹായികളായി ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ ജിജു വൈക്കത്തുശേരിയും മക്കളും ഒപ്പമുണ്ട്.
District News
കോഴഞ്ചേരി: ഓണമടുക്കുന്തോറും ജില്ലയില്‍ ഏത്തക്കായ വില കുതിക്കാന്‍ തുടങ്ങി. മൊത്ത വിപണിയില്‍ 60 -65 രൂപയാണ് കിലോഗ്രാമിനു വില. നാടന്‍ ഏത്തക്കുലകള്‍ക്ക് ക്ഷാമം ആയതോടെ വില 80 രൂപയ്ക്കു മുകളിലുമായി. അത്തം പിറന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ ഓണവിപണിയില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നതും ഏത്തക്കായയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും കാരണം ജില്ലയില്‍ ഇക്കുറി നാടന്‍ ഏത്തക്കുല വിപണി മാന്ദ്യതയിലാണ്. വെള്ളം കയറാത്ത പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന നാടന്‍ കുലകള്‍ക്ക് ഇപ്പോള്‍ തന്നെ ഡിമാന്‍ഡ് ആയിട്ടുണ്ട്. വന്യ മൃഗശല്യം കാരണം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വാഴകൃഷി കുറവാണ്.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, കോയമ്പത്തൂരിനടുത്തുള്ള സത്യമംഗലം എന്നിവിടങ്ങളില്‍ നിന്നാണ് ഏത്തക്കുലകള്‍ വരുന്നത്. വയനാടന്‍ ഏത്തക്കായ വില കിലോയ്ക്ക് 80 രൂപയാണ്. മുവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെ ഏത്തക്കുലകള്‍ എത്തുമായിരുന്നെങ്കിലും മുവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം രണ്ടായിരത്തില്‍ അധികം എണ്ണമുള്ള ഏത്തവാഴത്തോട്ടം മഴയില്‍ നശിച്ചിരുന്നു.
ജില്ലയില്‍ വകയാറിലും വാഴകൃഷി സജീവമായിരുന്നെങ്കിലും മഴക്കെടുതി അവിടെയും ബാധിച്ചിട്ടുണ്ട്. അടൂര്‍ മേഖലയിലും വാഴകൃഷി നന്നേ കുറഞ്ഞു. കിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും മഴക്കെടുതിയില്‍ ഏത്തവാഴ വ്യാപകമായി നശിച്ചു. അപ്പര്‍കുട്ടനാട്ടിലെ നിരവധി ഏത്തവാഴ കര്‍ഷകര്‍ക്കാണ് പ്രതീക്ഷ നഷ്ടമായത്.
അതേ സമയം ഇത്തവണ ഗുണ്ടല്‍പേട്ടയില്‍ പതിനായിരവും ഇരുപതിനായിരവും വാഴകള്‍ കൃഷി ചെയ്ത മലയാളികള്‍ ഉണ്ട്. അവിടെ നിന്നും കുലകള്‍ ഓണമടുക്കുമ്പോഴേക്കും ജില്ലയില്‍ എത്തിയേക്കും .
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വയനാട് ചുരമിറങ്ങി വരുന്ന എത്തക്കുലകള്‍ ചിപ്സ്, ശര്‍ക്കരവരട്ടി എന്നിവ നിര്‍മിക്കുന്നതിന് കമ്പനികള്‍ ലോഡ് കണക്കാക്കി മൊത്ത വിലയ്ക്ക് എടുക്കുന്നതിനാല്‍ ഏത്തക്കുല ക്ഷാമം ജില്ലയെ ബാധിക്കാനും സാധ്യതയുണ്ട്. ചിപ്സുകള്‍ക്ക് വില കൂടാനും നാടന്‍ ഏത്തയ്ക്കയുടെ ഉപ്പേരി ലഭിക്കുന്നതിന് ഇത്തവണ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യത ഉണ്ടെന്നും തെക്കേമലയിലെ പച്ചക്കറി വ്യാപാരി ജി. അജി കുമാര്‍ പറഞ്ഞു
District News
പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. താഴമണ്‍ മഠത്തിലെ ഇളമുറക്കാരന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരുന്നു നട തുറപ്പ്.
അടുത്ത ഒരു വര്‍ഷം ശബരിമലയുടെ താന്ത്രിക ചുമതല കണ്ഠര് ബ്രഹ്മദത്തനാണ്. അച്ഛന് കണ്ഠര് രാജീവരുടെ പിന്തുടര്ച്ചയായാണ് മകന് ഇന്നലെ ചുമതലയേറ്റത്. അച്ഛനോടൊപ്പം 2023ലും 2024ലും ശബരിമലയില്‍ താന്ത്രിക ചുമതലകള്‍ നിര്‍വഹിച്ചിരുന്നു. തന്ത്രിയായുള്ള ഔദ്യോഗിക നിയമനത്തിനുശേഷം ഇതാദ്യമായാണ് ഇന്നലെ മല കയറിയത്.
മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ഇന്നലെ നടതുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. ഇന്നു പുലര്‍ച്ചെ അഞ്ചിനു നട തുറക്കും. ചിങ്ങമാസപ്പുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി നിരവധി ഭക്തരെത്തും.
ലക്ഷാര്‍ച്ചന ഉള്‍പ്പെടെ ഇന്ന് സന്നിധാനത്തുണ്ടാകും. ശബരിമല ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ഇന്നുനടക്കും. രാവിലെ ഉഷപൂജയ്ക്കു ശേഷമാണ് ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുക. മേല്‍ശാന്തിയെ പൂജാകാര്യങ്ങളില്‍ സഹായിക്കുക എന്നതാണ് ഉള്‍ക്കഴകത്തിന്റെ ചുമതല. പമ്പ ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ഇന്നാണ് നടക്കുക.
ഇന്നു മുതല്‍ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10നു നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകള്‍ക്കായി 24ന് ശബരിമല നട വീണ്ടും തുറക്കും.
District News
തിരുവല്ല: ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ രംഗത്തെ സമാനതകളില്ലാത്ത ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരുന്ന കല്ലൂപ്പാറ കൊച്ചുപറമ്പില്‍ (അലക്സ് വില്ല) കെ.വി. അലക്സാണ്ടറുടെ (83) സംസ്കാര ചടങ്ങുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘത്തിന്റെ പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്നു.
അദ്ദേഹത്തിന്റെ കായിക, സൈനിക ജീവിതത്തോടുള്ള ആദരസൂചകമായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അന്ത്യോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പഴയ വ്യോമസേനാ സഹപ്രവര്‍ത്തകരും മുന്‍ രാജ്യാന്തര താരങ്ങളുമായ പ്രതാപന്, തോമസ്, മുന്‍ അന്താരാഷ്ട്ര കോച്ച് ബെവിന്‍ ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട സഹതാരത്തിന് അവസാന സല്യൂട്ട് നല്കി. സംസ്കാര ശുശ്രൂഷകള്‍ക്ക് ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
രാവിലെ പുഷ്പഗിരി മോര്‍ച്ചറിയില്‍ വച്ച് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ നടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കല്‍ കോളജ് ബാസ്കറ്റ്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി കെ.വി. അലക്സാണ്ടര്‍ സേവനമനുഷ്ഠിച്ചിരുന്നു. കല്ലൂപ്പാറയിലെ വസതിയില്‍ ആന്റോ ആന്റണി എംപി, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യന്, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, മുന്‍ എംഎല്‍എ മാത്യു ടി. തോമസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കായിക ലോകത്തെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ്, മുന്‍ രാജ്യാന്തര താരം ജോര്‍ജ് സക്കറിയ എന്നിവര്‍ തിരുവല്ലയിലെത്തി ആദരം അര്‍പ്പിച്ചു
1984-ലെ ചരിത്ര വനിതാ ടീമിലെ രാജ്യാന്തര താരങ്ങളായ പ്രസന്ന ജയശങ്കര്‍, ഷീബ അഗസ്റ്റിന്, ഇന്ദുലേഖ, ജോഷ്യാമ്മ ജോര്‍ജ് എന്നിവരും വിവിധ കോളേജ് അധ്യാപകരും ചടങ്ങുകളില്‍ പങ്കെടുത്തു.
കേരള പോലീസ് ബാസ്കറ്റ്ബോള്‍ മുന്‍ മാനേജര്‍ ഗോപിനാഥ്, രാജ്യാന്തര താരങ്ങളായ സി.വി. സണ്ണി, അന്വിന് ജെ. ആന്റണി, വി. ഹരിലാല്‍, ജാക്സണ് പീറ്റര്‍, നിലവിലെ കോച്ച് അനു മോഹന്‍ദാസ്, മുന്‍ രാജ്യാന്തര റഫറിമാരായ ജോസഫ് ജോണ്‍, രാജാമോന്, ഫുട്ബോള്‍ താരങ്ങളായ കെ.ടി. ചാക്കോ, അലക്സ് ഏബ്രഹാം, സ്പോർട്സ് കൗണ്‍സില്‍ കോച്ചുമാര്‍, ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ മുന്‍ വൈസ് പ്രസിഡന്റ് ഡോ. എം.എം. ചാക്കോ, ആലപ്പുഴ അസോസിയേഷന് പ്രസിഡന്റ് റോണി, പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു
District News
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ മഹാന്മാഗാന്ധി റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട് ഏഴുമാസം പിന്നിട്ടു. മെറ്റല്‍ ഇളകി കിടക്കുന്നതു കാരണം കാല്‍നടയാത്ര പോലും ഇതുവഴി സാധ്യമല്ല. നാലു കിലോമീറ്ററോളം റോഡാണ് കഴിഞ്ഞ ഏഴുമാസമായി പൊളിച്ചിട്ടിരിക്കുന്നത്. നിരണം ഗ്രാമപഞ്ചായത്ത് 7,8, 11 വാര്‍ഡുകളിലൂടെ കടന്നു പോകുന്നതും നൂറുകണക്കിനാളുടെ സഞ്ചാരപാതയുമാണ് കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2.5 കോടി രൂപയ്ക്ക് കോതമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി മാതാ കണ്‍സ്ട്രക്ഷന്‍സാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. കേന്ദ്ര സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിര്‍മാണമാണിത്.
കരാറുകാരന് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പാര്‍ട്ട് ബില്ല് മാറി എടുത്ത് അവസാനം റോഡ് പണി ഉപേക്ഷിക്കുവാനുള്ള പദ്ധതിയാണെന്നാക്ഷേപവുമുണ്ട്. റോഡ് തകര്‍ന്നു കിടക്കുന്നതു കാരണം പ്രദേശവാസികള്‍ മറ്റ് റോഡുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയര്‍ വരെ കീറി പോയ സംഭവമുണ്ടായിട്ടുണ്ട്. ഇത് കൂടാതെ കാല്‍നടയാത്രക്കാര്‍ കല്ലില്‍ തട്ടിവീഴാറുമുണ്ട്. റോഡ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏഴാം വാര്‍ഡ് മെംബര്‍ ബിന്ദു ജെ. വൈക്കത്തുശേരി ആവശ്യപ്പെട്ടു.