പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവ്, സർജ് പ്രൈസിംഗ്, അമിത ലഗേജ് ചാർജ് എന്നിവ നിയന്ത്രിക്കുന്നതിൽ സർക്കാർ ഉത്തരവുകൾ പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവെയ്ക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
ഇത്തരം വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കാനാണ് കോടതി നിർദേശം. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് യാത്രക്കാരുടെ പരാതികളിൽ കർശന നിലപാട് സ്വീകരിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനും ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള അന്തിമ മാനദണ്ഡങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി സമർപ്പിക്കാമെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കരട് ചട്ടങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു.
സീസൺ സമയങ്ങളിലെയും ആഘോഷ വേളകളിലെയും അമിത ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പൊതുപ്രവർത്തകനായ എസ്. ലക്ഷ്മീനാരായണൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
Tags : SupremeCourt LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash