പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ നടത്തിപ്പിലെ വ്യാപകമായ വീഴ്ചകളിൽ പ്രതിഷേധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡൽഹിയിലെ ആസ്ഥാനത്തേക്ക് ഇടത് വിദ്യാർത്ഥി സംഘടനകൾ വൻ പ്രതിഷേധ മാർച്ച് നടത്തി. എൻടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കൊപ്പം പ്രധാനമന്ത്രിയും വിഷയത്തിൽ മറുപടി പറയണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾക്ക് എൻടിഎ നാണക്കേടായി മാറിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മാർച്ചിനിടെ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളും സംഘർഷവുമുണ്ടായി. പലതവണ പോലീസ് ബലപ്രയോഗം നടത്തിയെങ്കിലും സമരം തുടരാൻ തന്നെയാണ് വിദ്യാർഥികളുടെ തീരുമാനം.
വിദ്യാർഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതാണ് വിദ്യാർഥികളെ വീണ്ടും തെരുവിലിറക്കിയത്.
Tags : NTA StudentProtest LatestNews DeepiakNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash