പ്രതീകാത്മക ചിത്രം
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (67) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോൾ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചുമകൻ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകർ ചേർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ശിവൻകുട്ടിയുടെ മൃതദേഹം കാണുന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. ശിവൻകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Tags : Deepika Crime Police Dead