എച്ച്. ഹമീദ് കുട്ടി തന്റെ കൃഷിയിടത്തില്‍.
കോഴഞ്ചേരി: പതിനാറു വര്‍ഷത്തിലേറെയായി കൃഷിയെ മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ച് മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നാരങ്ങാനം ആഷ്ലി മന്‍സിലില്‍ സി. എച്ച്. ഹമീദ് കുട്ടി.
ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും മനക്കരുത്തോടെയും അതിജീവിച്ച് കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിച്ച അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിനുതന്നെ പ്രചോദനമാണ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപജീവനാര്‍ഥം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന വേളയില്‍ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അതിന്റെ ഫലമായി ഒരു കാലിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാതെ ഏകദേശം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ബന്ധുവിന്റെ ഏകദേശം രണ്ടേക്കര്‍ സ്ഥലമെടുത്ത് കൃഷി ആരംഭിച്ച അദ്ദേഹം കൃഷിയുടെ പ്രായോഗിക അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കി ഇന്ന് വൈവിധ്യമാര്‍ന്ന വിളകള്‍ വിജയകരമായി കൃഷി ചെയ്തു വരുന്നു. ചേന, ചേമ്പ്, കാച്ചില്, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗ വിളകളും വെണ്ട, വഴുതന, പയര്‍, പാവല്‍, പച്ചമുളക് ഉള്‍പ്പെടെയുള്ള വിവിധ പച്ചക്കറി വിളകളും ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ച് ഉത്പാദിപ്പിക്കുന്നു. ശാരീരിക വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കൃഷിയിടത്തിലെ ഭൂരിഭാഗം ജോലികളും സ്വയം നിര്‍വഹിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൃഷിയിടം ഒരുക്കല്‍, നിലമൊരുക്കല്‍, വളങ്ങളും മറ്റു കാര്‍ഷിക ഉപാധികളും സ്വന്തമായി മുച്ചക്ര വാഹനത്തില്‍ എത്തിക്കല്‍, കൃഷിപരിപാലനം, വിളവെടുപ്പ് എന്നിവയില്‍ അദ്ദേഹം നേരിട്ട് പങ്കാളിയാകുന്നു. ശാരീരിക പരിമിതികളെ അതിജീവിച്ചുള്ള ഈ ആത്മസമര്‍പ്പണവും കഠിനാധ്വാനവും അദ്ദേഹത്തെ മാതൃകാ കര്‍ഷകനാക്കി ഉയര്‍ത്തിയിരിക്കുന്നു. കൃഷിയെ ഒരു ഉപജീവനമാര്‍ഗം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാര്‍ഗമായി മാറ്റിയ ഹമീദ് കുട്ടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സാധാരണ കര്‍ഷകര്‍ക്കും ഒരുപോലെ പ്രചോദനമാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃഷിയിലൂടെ മാന്യമായ ജീവിതം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ മാതൃക സമൂഹത്തിനു വിലപ്പെട്ട സന്ദേശമാണ് നല്‍കുന്നത്. ത്മവിശ്വാസം, കഠിനാധ്വാനം, കൃഷിയോടുള്ള ആത്മാര്‍ഥത, ശാരീരിക വെല്ലുവിളികളെ അതിജീവിച്ചുള്ള മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനം, വൈവിധ്യമാര്‍ന്ന വിളകൃഷിയിലൂടെ ഉപജീവനം കണ്ടെത്തിയ ജീവിതവിജയം എന്നിവ പരിഗണിച്ച് ഹമീദ് കുട്ടിയെ കൃഷിവകുപ്പ് സംസ്ഥാന കര്‍ഷക അവാര്‍ഡിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ചിരുന്നതായി കൃഷി ഓഫീസര്‍ മഹിമ മോഹന്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews