അപൂർവ നെല്ലിനം അഘോണി ബോറ വിതച്ച വയലിൽ ഹരിസുതൻ.
അടൂര്‍: ഔദ്യോഗിക തിരക്കുകളുടെ ലോകത്തുനിന്ന് മണ്ണിലേക്കിറങ്ങി അപൂര്‍വയിനം വിളകളുടെ വൈവിധ്യമൊരുക്കുകയാണ് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥന് എം. ഹരിസുതന്. ഏനാത്ത് കൈതമുക്ക് നാടുകുന്നില് കിഴക്കേതില്‍ നവനീതം എം. ഹരിസുതന്റെ ഒന്നരയേക്കറോളം വരുന്ന കൃഷിയിടം ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അപൂര്‍വ വിളകളുടെ കലവറയാണ്.
ഭാരതീയ തപാല്‍ വകുപ്പിന്റെ വിശിഷ്ട സേവനത്തിനുള്ള ഡാക് സേവാ പുരസ്കാരം നേടിയിട്ടുള്ള ഹരിസുതന് നിലവില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കൃഷിയോടുള്ള ഇഷ്ടം കൈവിടാതെ 18 വര്‍ഷമായി വിഷരഹിത കൃഷിരീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.
തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ അനുഭവമാണ് ഹരിസുതന്റെ ജീവിതത്തിന് വഴിത്തിരിവായത്. കാര്‍ഷികവൃത്തിയോടുള്ള താത്പര്യവും ഇതിലൂടെ വര്‍ധിച്ചു.
കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതും അതേസമയം തമിഴ്നാട്ടുകാര്‍ സ്വന്തം ആവശ്യത്തിനായി വിഷരഹിത പച്ചക്കറികള്‍ പ്രത്യേകം കൃഷി ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷരഹിത കൃഷിയിലേക്ക് തിരിഞ്ഞത്. ആരോഗ്യകരമായ ഭക്ഷണം സ്വന്തം കുടുംബത്തിനും മറ്റുള്ളവര്‍ക്കും ലഭ്യമാക്കണമെന്ന ചിന്തയില്‍ നിന്നാണ് കൃഷി വിപുലമാക്കിയത്.
ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയവും അവധി ദിവസങ്ങളും കൃഷിയിടത്തിനായി മാറ്റിവയ്ക്കുകയാണ് ഇദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത കാലത്തെ പരിചയങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി അപൂര്‍വയിനം വിത്തുകളും നടീല്‍ വസ്തുക്കളും ശേഖരിച്ചാണ് കൃഷിയിടത്തെ വൈവിധ്യമാര്ന്നതാക്കിയത്.
മഞ്ചേരി കുള്ളന്‍ മുതല്‍ ബ്ലൂ ജാവ വരെ വാഴകളുടെ അപൂര്‍വ ഇനങ്ങളാണ് ഹരിസുതന്റെ കൃഷിയിടത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആറടി മാത്രം ഉയരം വയ്ക്കുന്നതും കാറ്റിനെ പ്രതിരോധിക്കാന്‍ പ്രത്യേക താങ്ങ് ആവശ്യമില്ലാത്തതുമായ മഞ്ചേരി കുള്ളന്‍, ബിഹാറില്‍നിന്നുള്ള ചിനിയ എന്നിവയ്ക്കൊപ്പം ഐസ്ക്രീം വാഴ, ആയിരംകച്ചി, ബ്ലൂ ജാവ, തായ് മൂസ തുടങ്ങിയ ഇനങ്ങളും വിളയുന്നു.
മണിപ്പുരില്‍നിന്നുള്ള വിശിഷ്ട കരിനെല്ലിനമായ ചക് ഖാവോ വയല ഏലായില്‍ വിജയകരമായി കൃഷി ചെയ്ത് വിളവെടുത്തതും ശ്രദ്ധേയമാണ്.
ആസാമില്‍നിന്നുള്ള അഘോണി ബോറ എന്ന ഹൈബ്രിഡ് അരിയിനവും കൃഷിയിടത്തിലുണ്ട്. പാകം ചെയ്യാന്‍ പ്രത്യേകം വേവിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചവെള്ളത്തില്‍ കുതിര്‍ത്തുവച്ചാല്‍ തനിയെ ഭക്ഷ്യയോഗ്യമാകുന്ന ഇനമാണിത്.
വിവിധ സംസ്ഥാനങ്ങളുടെ രുചി ഒരേ മണ്ണില്‍
ത്രിപുരയില്‍നിന്നുള്ള ക്വീന്‍ കൈതച്ചക്ക, മേഘാലയയിലെ ലക്കഡോങ് മഞ്ഞള്‍, തമിഴ്നാട്ടിലെ കരുണക്കിഴങ്ങ്, ബംഗാളില്‍നിന്നുള്ള പൊട്ടല്‍ എന്നിവയ്ക്കും ഇവിടെ ഇടമുണ്ട്. ആഫ്രിക്കന്‍ കാച്ചില്, മധുരക്കിഴങ്ങ്, അടത്താപ്പ് തുടങ്ങിയവയും കൃഷിയിടത്തില്‍ വിളയുന്നു.
റംബൂട്ടാന്, മാങ്കോസ്റ്റീന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, ഗാര്‍ഗ് ഫ്രൂട്ട്, ബെയര്‍ ആപ്പിള്‍, അബിയു തുടങ്ങിയ വിദേശ ഫലവര്‍ഗങ്ങളും ഹരിസുതന്റെ കൃഷിയിടത്തിലെ കൗതുകങ്ങളാണ്. ഇതിനൊപ്പം ചെറുതേനീച്ച വളര്‍ത്തലും നടത്തിവരുന്നു.
കൃഷിയിടത്തിന്റെ പരിപാലനത്തിന് ഒരു ജോലിക്കാരനൊപ്പം അധ്യാപികയായ ഭാര്യ സി.സി. ബിന്ദുവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മകന് എച്ച്. ധനുഷും ഹരിസുതന് പൂര്‍ണ പിന്തുണ നല്കുന്നു.
നാടന്‍ മണ്ണില്‍ മറുനാടന്‍ വിളകള്‍ പരീക്ഷിച്ച് വിജയിപ്പിക്കുന്ന ഈ മാതൃകാ കൃഷിയിടം കാണാനും അപൂര്‍വയിനം വിളകളെക്കുറിച്ച് പഠിക്കാനുമായി നിരവധി കര്‍ഷകരും നാട്ടുകാരുമാണ് ദിവസവും എത്തുന്നത്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മണ്ണിനോടുള്ള സ്നേഹവും പരീക്ഷണ മനസും കൈമുതലാക്കി ഹരിസുതന് തീര്‍ക്കുന്നത് വ്യത്യസ്തമായൊരു കാര്‍ഷിക മാതൃകയാണ്.
Tags : Nattuvishesham DistrictNews DeepikaNews