പ്രതീകാത്മക ചിത്രം
മാനന്തവാടി: എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല.
കിറ്റുകള്‍ തയാറാവാത്തതാണ് വിതരണം വൈകാന്‍ കാരണം. ഓണത്തിന് എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് ഒന്നുവീതം കിറ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ജൂണ്‍ 25ന് മേഖലാ മാനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍, നെയ്യ്, പായസ കട്ട്, മുളകുപൊടി തുടങ്ങിയ 15 ഇനങ്ങളടങ്ങിയ കിറ്റുകള്‍ ഈ മാസം 10 മുതല്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കിറ്റുകള്‍ തയാറാക്കി റേഷന്‍ കടകള്‍ വഴി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ കിറ്റുകള്‍ തയാറാക്കാനാവശ്യമായ പലവ്യഞ്ജനങ്ങള്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിയില്ല.
മാനന്തവാടി താലൂക്കില്‍ 19,740 ഉം ബത്തേരിയില്‍ 21,046 ഉം വൈത്തിരിയില്‍ 14,560 ഉം എഎവൈ കാര്‍ഡുടമകളാണ് ഉള്ളത്. ഓണം പ്രമാണിച്ച് 26 രൂപ തോതില്‍ വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10 കിലോ വീതവും പിങ്ക് കാര്‍ഡുടമകള്‍ക്ക് മൂന്നു കിലോ വിതവും ഒഎംഎസ് പദ്ധതിയില്‍ വിതരണം ചെയ്യുന്നതിനുള്ള അരിയും സപ്ലൈകോ ഗോഡൗണുകളില്‍ എത്തിയില്ല.