വിഴിക്കത്തോട്: മണിമലയാറ്റിലെ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്റെ തൂണുകളിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മുളങ്കൂട്ടം തങ്ങിയ നിലയിൽ. ഇതോടെ ഒഴുകിയെത്തുന്ന പാഴ്വസ്തുക്കളത്രയും കടവിൽ തങ്ങിനിൽക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
കടവിന് സമീപത്തുണ്ടായിരുന്ന മുളങ്കൂട്ടങ്ങളാണ് ചുവട്ടിലെ മണ്ണുൾപ്പെടെ ഒഴുകിയെത്തി പാലത്തിൽ തങ്ങിയത്. മണിമലയാറ്റിൽ മഴക്കാലത്ത് മിക്കപ്പോഴും മരങ്ങളും ചില്ലകളും ഒഴുകിയെത്താറുണ്ട്. പാലത്തിനടിയിൽ ഒഴുക്ക് തടസപ്പെടുന്നതിനാൽ ഇവയെല്ലാം അടിഞ്ഞുകൂടി പാലത്തിന് ബലക്ഷയമുണ്ടാകും. മുമ്പ് പ്രളയത്തിൽ മരങ്ങൾ ഒഴുകിയെത്തി ഇടിച്ച് പാലം തെന്നിമാറിയിരുന്നു. സ്പാനുകൾ തെന്നിമാറിയതിനാൽ മാസങ്ങളോളം ഇതുവഴി ഗതാഗതം തടസപ്പെട്ടു. പിന്നീട് 70 ലക്ഷം രൂപയോളം മുടക്കിയാണ് പാലത്തിന്റെ സ്പാനുകൾ പുനഃസ്ഥാപിച്ചത്.
മാലിന്യം നീക്കിയില്ലെങ്കിൽ തടികൾ ഒഴുകിയെത്തി പാലത്തിൽ ഇടിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, തൂണുകളിൽ തങ്ങിനിൽക്കുന്ന മുളങ്കൂട്ടം സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്നതിനാൽ തീരങ്ങളിലേക്ക് ജലനിരപ്പുയർന്ന് തിട്ടയിടിയാനും കാരണമാകും.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കുറ്റിക്കാട്ടുകാവ് ക്ഷേത്രത്തിന് സമീപം സംരക്ഷണഭിത്തി കെട്ടാമെന്ന് അധികൃതർ വാക്കു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഈ ഉറപ്പിൽ അന്ന് അപ്രോച്ച് റോഡിന് വീതി കൂട്ടാൻ ഇവിടെ സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു. സ്ഥലം നൽകിയ വ്യക്തികളോടുള്ള ഉറപ്പ് പാലിക്കാത്തതിനാൽ ഓരോ മഴക്കാലത്തും തിട്ടയിടിഞ്ഞ് ഭൂമി നഷ്ടപ്പെടുന്നതായും പരാതിയുണ്ട്.