കായംകുളം: നഗരസഭ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തലിലോ ഗാർഡ് ഓഫ് ഓണറിലോ പങ്കെടുക്കാതെ മാറിനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ശരത് ലാൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, സ്കൂളുകൾ എന്നീ സ്ഥാപനങ്ങൾക്ക് ക്ഷണക്കത്ത് നൽകിയിരുന്നു. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നെങ്കിലും പതാക ഉയർത്തൽ ചടങ്ങിലോ ഗാർഡ് ഓഫ് ഓണറിലോ പങ്കെടുത്തില്ലെന്നാണ് പരാതി. ദേശീയപതാക ഉയർത്തിയ സമയത്ത് സല്യൂട്ട് ചെയ്യാതെ പോലീസ് ഉദ്യോഗസ്ഥർ മാറിനിന്നത് സ്വാതന്ത്ര്യദിനത്തോടും ദേശീയപതാകയോടുമുള്ള അനാദരവാണെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.