ചേര്‍ത്തല: റെയിൽവേ സ്റ്റേഷനു മുന്നില്‍ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി സമരസമിതി പ്രതിനിധികൾ പി. പ്രസാദ് എംഎല്‍എയുടെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി അധികൃതമായി ചർച്ച നടത്തി. എറണാകുളത്തുള്ള പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലാണ് ചർച്ച നടന്നത്. കേരളത്തിൽ തന്നെ ദേശീയപാതയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന റെയിൽവേസ്റ്റേഷനാണ് ചേർത്തല.
പാത ഇരട്ടിപ്പിക്കൽ നടപ്പിലാക്കുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാളുകൾ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കും. അടുത്തടുത്തുള്ള റെയിൽവേ ഗേറ്റുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാൻ പോകുന്നത്. റെയിൽവേ സ്റ്റേഷന് മുൻവശം ഉയരപ്പാത അനുവദിച്ചില്ലെങ്കിൽ ദേശീയപാത വികസനം ചേർത്തലക്കാർക്ക് പ്രയോജനരഹിതമാകും.
ഇതുമായി ബന്ധപ്പെട്ട് പി. പ്രസാദ് എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ജനറൽ വി.കെ. സിംഗിനെ സന്ദർശിക്കുയും റെയിൽവേയുമായി ബന്ധപ്പെട്ടുള്ള ഭൂമി പ്രശ്നം തീർക്കുന്ന മുറയ്ക്ക് സ്റ്റേഷനിലേക്കുള്ള വഴി അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനു മുൻവശം ഉയരപ്പാത നിർമിക്കണമെന്ന എംഎൽഎയുടെ ആവശ്യം ശുപാർശയോടെ അനുതിക്കായി ദേശീയപാത അഥോറിറ്റിക്ക് സമർപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകി.
ചേർത്തല താലൂക്ക് ഗവ. ആശുപത്രി, ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ചേർത്തല കാർത്ത്യാനി ദേവീക്ഷേത്ര ആറാട്ട് എന്നിവയ്ക്കായി സുഗമമായ പാത ഒരുക്കുന്നതിന് പോലീസ് സ്റ്റേഷൻ പരിസരത്ത് ദേശീയപാതയ്ക്ക് കുറുകെ വഴിയൊരുക്കണമെന്ന ആവശ്യത്തിന് എക്സറേ ജംഗ്ഷനിൽ നേരത്തെ അനുവദിച്ചിരുന്ന മൂന്നു സ്പാനിന്റെ ഫ്ലൈ ഓവർ ഒമ്പത് സ്പാനിന്റേതാക്കി ഉയർത്താമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകി.
ഹൈവേ പാലം വരെ ഫ്ലൈഓവർ അനുവദിക്കുന്നതിനും നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് റാമ്പ് നിർമിക്കുന്നതും പരിഗണിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്താൻ തയാറാണെന്ന് പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു.
ചർച്ചയിൽ എംഎൽഎയോടൊപ്പം ചേർത്തല നഗരസഭാ ചെയർമാന് എസ്. സോബിൻ, വൈസ് ചെയർപേഴ്സൺ എൻ.എ. വത്സലകുമാരി, കൗൺസിലർമാരായ ടെസി ബോണി, കെ.സി. ആന്റണി, ഡി. ജ്യോതിഷ്, ആക്ഷൻ കൗൺസിൽ നേതാക്കളായ ശിവൻപിള്ള, ഷമ്മി ജോസഫ്, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
Tags : nattu vishesham Highway: Discussion with national highway