കോട്ടയം: അത്തംപിറന്ന് നാട്ടിലെങ്ങും ഓണാഘോഷം തുടങ്ങിയതോടെ പൂക്കളം ഒരുക്കാന്‍ ജില്ലയിലേക്ക് പൂക്കള്‍ എത്തിത്തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ നഗരവീഥികൾ പൂക്കച്ചവടക്കാരാൽ നിറയും. മുന്‍കാലങ്ങളില്‍ വീട്ടുമുറ്റത്തെ പൂക്കൾകൊണ്ട് അത്തപ്പൂക്കളം ഒരുക്കിയിരുന്ന മലയാളിക്ക് ഇപ്പോള്‍ പൂക്കളം ഒരുക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു പൂക്കള്‍ എത്തേണ്ട സ്ഥിതിയാണ് ജില്ലയില്‍ മാത്രം ലക്ഷക്കണക്കിനു രൂപയുടെ പൂക്കച്ചവടമാണ് നടക്കുന്നത്.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ പൂക്കളുടെ വില്പന പൊടിപൊടിക്കും. ഈ ദിവസങ്ങളില്‍ വിലയില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായേക്കാം.
ജമന്തി, ആസ്ട്ര, വാടാര്‍മല്ലി, അരളി, റോസ്, താമര എന്നിവയാണ് ഓണവിപണിയില്‍ ധാരാളമായി എത്തുന്നത്. ഇത്തവണ പൂവിന്റെ തരം അനുസരിച്ച് കിലോഗ്രാമിനു 300 രൂപ മുതല്‍ 600 രൂപ വരെയാണ് വില. മഴ ശക്തമായാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
തോവാള, തെങ്കാശി, കോയമ്പത്തൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ഹൊസൂര്‍, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. എന്നാല്‍ ഇത്തവണ ഇവിടങ്ങളില്‍ മഴമൂലം കൃഷി മോശമായതിനാല്‍ പൂക്കള്‍ക്ക് വില വര്‍ധിച്ചെന്നും വരവ് കുറവാണെന്നും വ്യാപാരികള്‍ പറയുന്നു.
പൂക്കളുടെ വില റിക്കാര്‍ഡില്‍ എത്തുന്നത് ഉത്രാടദിനത്തിലാണ്. ഓണക്കാലത്തെ പൂക്കച്ചവടത്തിന്റെ വലിയൊരു പങ്കും നടക്കുന്നത് ഉത്രാടനാളിലാണ്. വിദേശ നാടുകളിലും മലയാളികൾ ഓണം ഗംഭീരമായിആഘോഷിക്കാറുണ്ട്. ഇത്തവണയും കൂടുതല്‍ പൂക്കള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കയറ്റുമതിക്കാര്‍. കുടുംബശ്രീയുടെയും സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ പൂകൃഷി ആരംഭിച്ചെങ്കിലും ശക്തമായ മഴ കൃഷിയെ ബാധിച്ചു. എങ്കിലും ചിലയിടങ്ങളില്‍ പൂ കൃഷിയില്‍ നല്ല വിളവ് ലഭിച്ചിട്ടുണ്ട്. ഇവ പ്രദേശികമായി വിറ്റഴിയുകയാണ്.