ജില്ലാതല മാരത്തണ്‍ എഡിഎം കെ. അജീഷ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കല്‍പ്പറ്റ: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി-എയ്ഡ്സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ആരോഗ്യ വകുപ്പും എന്‍എസ്എസ് യുവജാഗരണും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല മാരത്തണ്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ നിവേദിത സജി ഒന്നാം സ്ഥാനം നേടി.
ഇതേ കോളജിലെ പി. ജോമോള്‍ രണ്ടാം സ്ഥാനവും മേപ്പാടി ഡോ. മൂപ്പന്‍സ് നഴ്സിംഗ് കോളജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടില്ഡബ്ല്യുഎംഒ കോളജിലെ കെ. ആഷില്‍, പി.പി. മുഹമ്മദ് സഫ്വാന്, മുഹമ്മദ് ഷിയാസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. സിവില്‍ സ്റ്റേഷന് മുതല്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് വരെയായിരുന്നു മാരത്തണ്‍. എഡിഎം കെ. അജീഷ് ഫ്ളാഗ് ഓഫ് ചെയ്തു.
സമാപനയോഗം മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ ഡെപ്യൂട്ടി എകസൈസ് കമ്മീഷണര്‍ കെ. സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഹേമലത അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന് ജില്ലാ മാനേജര്‍ സജിത്ത് ചന്ദ്രന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. ഷീജ എന്നിവര്‍ സമ്മാന വിതരണം നടത്തി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ സമ്മാനം ലഭിച്ചു.
പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നല്കി. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. പ്രിയ സേനന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ പി.എം. ഫസല്‍,എന്‍എസ്എസ് യുവ ജാഗരണ്‍ നോഡല്‍ ഓഫിസര്‍ വിനീത, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ടി. സ്മിനിമോള്‍, രഞ്ജിത്ത്, ഡോ. ഷിബിന, ടിബി, എച്ച്ഐവി കോ ഓര്‍ഡിനേറ്റര്‍ വി.ജെ. ജോണ്സണ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലിം ബാബു എന്നിവര്‍ പ്രസംഗിച്ചു.