നാരങ്ങാനം വലിയപറമ്പില്‍ വീടിനോടു ചേര്‍ന്ന കൃഷിയിടത്തില്‍ ഷൈലജ
കോഴഞ്ചേരി: കൃഷിയിലൂടെ അതിജീവനത്തിന്റെ പാതയിലാണ് ഷൈലജ എന്ന വീട്ടമ്മ. ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളില്‍ തളരാതെ കൃഷിഭൂമിയെ തനിക്കൊപ്പം ചേര്‍ക്കുകയായിരുന്നു ഈ വനിതാ കര്‍ഷക.
കാര്‍ഷിക കുടുംബമായ നാരങ്ങാനം വലിയപറമ്പില്‍ വീട്ടിലേക്ക് വിവാഹം കഴിച്ചെത്തിയ ഷൈലജയ്ക്ക് മൂന്നു വർഷം മ ുന്പ് ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം ഏറെ ദുഃഖകരമായി. ഏക മകള്‍ വിദേശത്തായ സാഹചര്യത്തില്‍ ഏറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഷൈലജ. മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ആ കാലഘട്ടത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഷൈലജയെ സഹായിച്ചത് കൃഷിയോടുള്ള ആത്മബന്ധമായിരുന്നു. ഇന്ന് കൃഷിതന്നെയാണ് ഷൈലജയുടെ ജീവിതത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത്.
വീടിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് ഷൈലജ വൈവിധ്യമാര്‍ന്ന കൃഷിരീതി പിന്തുടരുന്നത്. ചേന, ചേമ്പ്, കാച്ചില് തുടങ്ങിയ കിഴങ്ങുവര്‍ഗ വിളകള്‍ക്കൊപ്പം വഴുതന, പച്ചമുളക്, തക്കാളി, വെണ്ട തുടങ്ങിയ വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. കൂടാതെ 14 ജാതിമരങ്ങളും അമ്പതോളം കൊക്കോ ചെടികളും ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളും കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നു.
സാങ്കേതികവിദ്യയും കൃഷിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഏകദേശം 250 കുരുമുളക് വള്ളികള്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പരിപാലിച്ച് മികച്ച രീതിയില്‍ കൃഷി ചെയ്തുവരുന്നു. ഇതിനു പുറമേ 35 കുറ്റിക്കുരുമുളക് ചെടികള്‍ എച്ച്ഡിപിഇ ഗ്രോബാഗുകളിലും വളര്‍ത്തുന്നുണ്ട്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവും ശാസ്ത്രീയമായ പരിപാലന രീതികളുമാണ് ഷൈലജയുടെ കൃഷിയിടത്തിന്റെ പ്രത്യേകതകള്‍.
വാണിജ്യവിളകള്ക്കൊപ്പം പാരമ്പര്യവും പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകളും സംരക്ഷിക്കുന്നതിലും ഷൈലജ ശ്രദ്ധ പുലര്‍ത്തുന്നു. അന്യംനിന്നുപോകുന്ന വിവിധ ഔഷധസസ്യങ്ങള്‍ക്കും ഇവരുടെ കൃഷിയിടത്തില്‍ ഇടമുണ്ട്. കുടുക്കാമൂലി, സര്‍വസുഗന്ധി, കയ്യൂന്നി, കരിനൊച്ചി, ചിറ്റരത്ത, കച്ചോലം തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഇവിടെ സംരക്ഷിച്ചുവരുന്നു. അതുവഴി കാര്‍ഷിക വൈവിധ്യവും പാരമ്പര്യ ഔഷധസസ്യങ്ങളുടെ സംരക്ഷണവും ഒരേ സമയം സാധ്യമാക്കുകയാണ് ഷൈലജ.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും കൃഷിയെ ഉപജീവനമാര്‍ഗം മാത്രമല്ല, മാനസികമായ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തായി മാറ്റിയതാണ് ഷൈലജയുടെ കൃഷിയെ വ്യത്യസ്തമാക്കുന്നത്. അമ്മയുടെ കൃഷിപ്രവര്ത്തനങ്ങള്ക്ക് സമീപത്തില്ലെങ്കിലും പൂര്‍ണ പിന്തുണയുമായി ഏക മകള്‍ ദേവി ്രിയയും കൂടെയുണ്ട്.
വൈവിധ്യമാര്‍ന്ന വിളകള്‍, ശാസ്ത്രീയ കൃഷിരീതികള്‍, ജലസംരക്ഷണം, ഔഷധസസ്യ സംരക്ഷണം എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് സ്വന്തം പുരയിടത്തെ ഒരു മാതൃകാ കൃഷിയിടമാക്കി മാറ്റുകയാണ് ഷൈലജ. പ്രതിസന്ധികള്‍ക്കിടയിലും കൃഷിയിലൂടെ ജീവിതം തിരിച്ചുപിടിച്ച ഈ വനിതാ കര്‍ഷകയുടെ കഥ, കൃഷി ഒരു ഉപജീവനമാര്‍ഗം മാത്രമല്ല, ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശക്തിയുമാണെന്ന സന്ദേശമാണ് നല്കുന്നതെന്ന്് നാരങ്ങാനം കൃഷി ഓഫീസര്‍ ജെ. മഹിമ മോഹന്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews