തിരു കുടുംബ ദേവാലയത്തിലെ അമ്മമാരുടെ കൂട്ടായ്മയായ 'അമ്മക്കൂട്ടത്തിന്റെ' ഓണാഘോഷം
മുടിയൂർക്കര: തിരു കുടുംബ ദേവാലയത്തിലെ അമ്മമാരുടെ കൂട്ടായ്മയായ 'അമ്മക്കൂട്ടത്തിന്റെ' ഓണാഘോഷം പള്ളി പാരിഷ് ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജെസി എൻസൺ, ആൻസി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വർണാഭമായ പൂക്കളം ഒരുക്കിയിരുന്നു. അമ്മമാർ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭംഗിയുള്ള പൂക്കൾ ഉപയോഗിച്ചാണ് മനോഹരമായ ഈ പൂക്കളം തീർത്തത്.
രാവിലെ കൃത്യം 9:30-ന് വിവിധങ്ങളായ രസകരമായ മത്സരങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. നാരങ്ങ സ്പൂൺ റേസ്, ഗ്ലാസ് ഹഡിൽസ്, ബാലൻസിംഗ് സൂപ്പർ മോം തുടങ്ങി അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ പരിപാടിക്ക് ആവേശം പകർന്നു.
പ്രോഗ്രാം കൺവീനേഴ്സായ ഡോളി ബാബു, മഞ്ജു ജോർജ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് നിമ്മി ആന്റോ, ജീന തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സോഫി ഷാജിയും കൂട്ടരും അവതരിപ്പിച്ച തിരുവാതിരകളിയും കോൽക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇത് കാണികളുടെ പ്രത്യേക ശ്രദ്ധ നേടി.
ഇതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡോക്ടർ റോസിലി തോമസ് സ്വാഗതം ആശംസിച്ചു. മഞ്ജു ജോർജ് ഓണസന്ദേശം നൽകി. പ്രഫ. ഡോ. റോസമ്മ സോണി പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിപ്പോർട്ട് റീന ബെന്നി അവതരിപ്പിച്ചു.
സോഫി ഷാജി, റോസിറ്റ അശോക് എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി. ചടങ്ങിന്റെ അവസാനം റീന ബെന്നി ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷങ്ങളുടെ മാറ്റുകൂട്ടിക്കൊണ്ട് ഉച്ചയോടെ പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
പൂക്കളവും മത്സരങ്ങളും കലാപരിപാടികളും സമ്മേളനവും സദ്യയുമെല്ലാമായി നിരവധി അമ്മമാർ പങ്കുചേർന്ന ഓണാഘോഷം ഏവർക്കും അവിസ്മരണീയമായി മാറി.
Tags : Ammakkoottam OnamCelebrations Mudiyoorkkara HolyFamilyChurch DeepikaNews