ഫാ.ജേക്കബ് ചെസാരിയോസ്
കോഴിക്കോട്: പ്രതിസന്ധികളില്‍ സഭാംഗങ്ങളെ ചേര്ത്തുപിടിച്ചയാളായിരുന്നു ഇന്നലെ വിടപറഞ്ഞ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സില്‍ അംഗമായിരുന്ന ഫാ.ജേക്കബ് ചെസാരിയോസ് നാല്പതാംകളം. ആത്മീയ പിതാവ്, തിരുസഭയുടെ പഠനങ്ങളോട് വിശ്വസ്തന്, സെമിനാരിക്കാര്‍ക്കും സന്യസ്തര്‍ക്കും ലളിതമായി മനസിലാക്കത്തക്കവിധം തത്വശാസ്ത്രവും ദൈവശാസ്ത്രവും വ്യാഖാനിച്ചുകൊടുത്ത നല്ല പരിശീലകന് എന്നിങ്ങനെ വേറിട്ട മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു.
സഭാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നല്ല മാര്‍ഗ നിര്ദേശകന് കൂടിയായിരുന്നു അദ്ദേഹം എന്ന് സഹ പ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. പ്രതിസന്ധികളില്‍ സഭാംഗങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലളിതമായ ജീവിതമായിരുന്നു ഫാ. ജേക്കബ് ചെസാരിയോസ് നയിച്ചിരുന്നത്.എതാനും മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അപ്പോഴും തന്നെകാണാന്‍ എത്തുന്നവരോടും സംസാരിക്കുന്നവരോടും പ്രത്യേക കരുതല്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു.1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്സ്ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹം2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മു കാശ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക് കടന്നത്.