പ്രതീകാത്മക ചിത്രം
തിരുവല്ല: ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ രംഗത്തെ സമാനതകളില്ലാത്ത ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരുന്ന കല്ലൂപ്പാറ കൊച്ചുപറമ്പില്‍ (അലക്സ് വില്ല) കെ.വി. അലക്സാണ്ടറുടെ (83) സംസ്കാര ചടങ്ങുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘത്തിന്റെ പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്നു.
അദ്ദേഹത്തിന്റെ കായിക, സൈനിക ജീവിതത്തോടുള്ള ആദരസൂചകമായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അന്ത്യോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പഴയ വ്യോമസേനാ സഹപ്രവര്‍ത്തകരും മുന്‍ രാജ്യാന്തര താരങ്ങളുമായ പ്രതാപന്, തോമസ്, മുന്‍ അന്താരാഷ്ട്ര കോച്ച് ബെവിന്‍ ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട സഹതാരത്തിന് അവസാന സല്യൂട്ട് നല്കി. സംസ്കാര ശുശ്രൂഷകള്‍ക്ക് ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
രാവിലെ പുഷ്പഗിരി മോര്‍ച്ചറിയില്‍ വച്ച് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ നടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കല്‍ കോളജ് ബാസ്കറ്റ്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി കെ.വി. അലക്സാണ്ടര്‍ സേവനമനുഷ്ഠിച്ചിരുന്നു. കല്ലൂപ്പാറയിലെ വസതിയില്‍ ആന്റോ ആന്റണി എംപി, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യന്, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, മുന്‍ എംഎല്‍എ മാത്യു ടി. തോമസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കായിക ലോകത്തെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ്, മുന്‍ രാജ്യാന്തര താരം ജോര്‍ജ് സക്കറിയ എന്നിവര്‍ തിരുവല്ലയിലെത്തി ആദരം അര്‍പ്പിച്ചു
1984-ലെ ചരിത്ര വനിതാ ടീമിലെ രാജ്യാന്തര താരങ്ങളായ പ്രസന്ന ജയശങ്കര്‍, ഷീബ അഗസ്റ്റിന്, ഇന്ദുലേഖ, ജോഷ്യാമ്മ ജോര്‍ജ് എന്നിവരും വിവിധ കോളേജ് അധ്യാപകരും ചടങ്ങുകളില്‍ പങ്കെടുത്തു.
കേരള പോലീസ് ബാസ്കറ്റ്ബോള്‍ മുന്‍ മാനേജര്‍ ഗോപിനാഥ്, രാജ്യാന്തര താരങ്ങളായ സി.വി. സണ്ണി, അന്വിന് ജെ. ആന്റണി, വി. ഹരിലാല്‍, ജാക്സണ് പീറ്റര്‍, നിലവിലെ കോച്ച് അനു മോഹന്‍ദാസ്, മുന്‍ രാജ്യാന്തര റഫറിമാരായ ജോസഫ് ജോണ്‍, രാജാമോന്, ഫുട്ബോള്‍ താരങ്ങളായ കെ.ടി. ചാക്കോ, അലക്സ് ഏബ്രഹാം, സ്പോർട്സ് കൗണ്‍സില്‍ കോച്ചുമാര്‍, ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ മുന്‍ വൈസ് പ്രസിഡന്റ് ഡോ. എം.എം. ചാക്കോ, ആലപ്പുഴ അസോസിയേഷന് പ്രസിഡന്റ് റോണി, പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു
Tags : Nattuvishesham DistrictNews DeepikaNews