കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുനര്‍ജ്വാല കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന പരിശീലനത്തില്‍ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയച
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയര്‍ന്ന നിരയിലെ ബിസിനസ് മാതൃകകളിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പുനര്‍ജ്വാല കാമ്പയിനിന്റെ ഭാഗമായി എംഇസിമാര്ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു.
കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സിഡിഎസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാസാധ്യത, വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണ നല്‍കുകയും വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും.
പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സലിംഗ്, ഹാന്‍ഡ്ഹോള്‍ഡിംഗ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക പിന്തുണ നല്‍കും.
ജില്ലയിലെ കുടുംബശ്രീയുടെ ഫ്ളാഗ്ഷിപ്പ് സംരംഭങ്ങളായ ന്യൂട്രിമിക്സ് യൂണിറ്റുകള്‍, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന് യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐടി യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രഫഷണല്‍ പിന്തുണ ഉറപ്പാക്കും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റര്‍ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാന്‍ഡ് ശൃംഖല രൂപീകരണം, മൂല്യവര്‍ധിത ഉത്പാദനം എന്നിവയിലൂടെ ഹയര്‍ ഓര്‍ഡര്‍ സംരംഭങ്ങളാക്കി വളര്‍ത്തുന്നതിനും കാമ്പയിന് ലക്ഷ്യമിടുന്നു. പ്രാദേശിക വിപണി സാധ്യതകളും ഉപഭോക്തൃ ആവശ്യകതകളും വിലയിരുത്തി പുതിയ വളര്‍ച്ചാധിഷ്ഠിത മൈക്രോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ഇതിനോടനുബന്ധിച്ച് നടപ്പാക്കും.
Tags : Local News Nattuvishesham Wayanad