പ്രതി മാത്യു ദേവസ്യ കൊല്ലപ്പെട്ട അമ്പിളി
തൊടുപുഴ: ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി കല്ലുകെട്ടി കുളത്തില്‍ താഴ്ത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. പാമ്പാടുംപാറ കോഴിമല അമ്പിളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയെയാണ് (തങ്കച്ചന്-63) തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവു നശിപ്പിച്ചതിന് മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും വിധിച്ചു. പിഴത്തുക മരിച്ച അമ്പിളിയുടെ മാതാവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാക്കുഴിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. ഈ തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്നു ഭാര്യയും മക്കളുമുള്ള തങ്കച്ചന്. ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും അമ്പിളി ഗര്‍ഭിണിയാകുകയും ചെയ്തു. വിവരം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തിന് കളങ്കമുണ്ടാകുമെന്നു ഭയന്ന തങ്കച്ചന് അമ്പിളിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊലപാതകത്തിനായി മുന്‍കൂട്ടി പദ്ധതി തയാറാക്കിയ പ്രതി കട്ടപ്പനയില്‍നിന്ന് പ്ലാസ്റ്റിക് കയറും നീല പടുതയും വാങ്ങി ആനകുത്തി ഭാഗത്തെത്തി. തുടര്‍ന്ന് ജോലിക്കു പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അമ്പിളിയെ ഇവിടേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് വിജനമായ തോട്ടത്തിലെത്തിച്ച് കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പടുതയില്‍ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തില്‍ താഴ്ത്തി. മകളെ കാണാതായതിനെത്തുടര്‍ന്ന് അമ്പിളിയുടെ പിതാവ് പ്രഭാകരന് കട്ടപ്പന പോലീസില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ പ്രതി തങ്കച്ചന് വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
ജനുവരി 14ന് പാമ്പാടുംപാറ കാപ്പിത്തോട്ടത്തിലെ കുളത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ പടുതാക്കെട്ട് കണ്ട തൊഴിലാളികള്‍ വണ്ടന്മേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീയുടെയും പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാതശിശുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡിഎന്‍എ പരിശോധനയിലും കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും, നവജാതശിശുവന്റെ പിതാവ് പ്രതിയായ തങ്കച്ചനാണെന്നും തെളിഞ്ഞു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് സഹായകരമായത്. അന്നത്തെ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 52 പ്രമാണങ്ങളും 23 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്.എസ്. സനീഷ് ഹാജരായി. പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ലെയ്സണ്‍ ഓഫീസര്‍ രമേഷ്, പ്രോസിക്യൂഷന് സഹായികളായി പോലീസുകാരായ ഇര്‍ഷാദ്, സൂരജ് എന്നിവരും പ്രവര്‍ത്തിച്ചു.
Tags : Local News Nattuvishesham killed pregnant woman