ബാബുരാജിന്റെ മുളത്തോട്ടം.
സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ കേരളത്തിലെ പരന്പരാഗത കൃഷികൾ പലതും പ്രതിസന്ധി നേരിടുന്ന കാലമാണിത്.
കർഷകർക്ക് കൃഷിയോടുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീർഘകാല വരുമാനം ഉറപ്പാക്കുന്ന ഒരു കാർഷിക മാതൃക വയനാട്ടിൽ വളർന്നുവരുകയാണ്.
ആ മാതൃകയുടെ പിന്നിൽ നിൽക്കുന്നത് തൃക്കപ്പറ്റ സ്വദേശിയായ മുള്ളത്തൊടിയിൽ എം. ബാബുരാജ് എന്ന കർഷകനാണ്. "വേൾഡ് ഓഫ് ബാംബു’ എന്ന സംരംഭത്തിലൂടെ മുളയുടെ ഉത്പാദനം, വിവിധ ഇനങ്ങളുടെ പ്രചാരണം, ഗുണമേൻമയുള്ള തൈകളുടെ വിതരണം, കർഷകർക്ക് പരിശീലനം, വിപണി കണ്ടെത്തൽ തുടങ്ങി സമഗ്രമായ ഒരു കാർഷിക ശൃംഖല രൂപപ്പെടുത്തുകയാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും അറുപതിലധികം മുളവർഗങ്ങളാണ് വളരുന്നത്. ഓരോ ഇനത്തിനും വ്യത്യസ്തമായ ഉപയോഗവും വിപണി സാധ്യതയുമുണ്ട്.
കാലാവസ്ഥയെ തോൽപ്പിക്കുന്ന കൃഷി
കാലാവസ്ഥ എത്രമാത്രം മാറിയാലും അതിനെ അതിജീവിച്ച് വളരാൻ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് മുള. കടുത്ത ചൂടും കനത്ത മഴയും താരതമ്യേന കുറഞ്ഞ ജലലഭ്യതയും അതിജീവിക്കാൻ മുളയ്ക്ക് കഴിയും. ആഴത്തിൽ വ്യാപിക്കുന്ന വേരുകൾ മണ്ണിനെ ശക്തമായി പിടിച്ചുനിർത്തുന്നതിനാൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും കുറയ്ക്കാനും ഇത് സഹായിക്കുന്നു.
മറ്റു പല കൃഷികളും നഷ്ടത്തിലേക്ക് പോകുന്പോഴും മുള കൃഷി കർഷകന് പ്രതീക്ഷ നൽകുന്ന വിളയാണ്. ഒരിക്കൽ നട്ടാൽ പതിറ്റാണ്ടുകളോളം വരുമാനം ലഭിക്കുമെന്ന് ബാബുരാജ് പറഞ്ഞു.
അറുപത് ഇനങ്ങളുടെ ജീവനുള്ള ശേഖരം
ബാബുരാജിന്റെ തോട്ടത്തിൽ ആനമുള, കല്ലൻമുള, ബാംബൂസ ബാല്കോവ, ഡെൻഡ്രോകാലമസ് അസ്പർ, ജയന്റ് ബാംബൂ, തോണ്ലെസ് ഇനങ്ങൾ തുടങ്ങി നിരവധി മുളവർഗങ്ങൾ വളരുന്നു.
ഓരോ ഇനത്തിനും പ്രത്യേകം ഉപയോഗവുമുണ്ട്. നിർമാണ മേഖല, ഫർണിച്ചർ വ്യവസായം, പേപ്പർ വ്യവസായം, അഗർബത്തി നിർമാണം, കൈത്തറി ഉത്പന്നങ്ങൾ, ബയോപ്ലാസ്റ്റിക്, ബയോ എനർജി, ടെക്സ്റ്റൈൽ ഫൈബർ, കാർബണ് ഉത്പന്നങ്ങൾ, ഭക്ഷ്യയോഗ്യമായ മുളങ്കാന്പ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കാണ് ഇവ എത്തുന്നത്.
മുളയുടെ സാന്പത്തിക ശക്തി
ഇന്ത്യയിൽ മുളയുടെ ആവശ്യകത വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ പദ്ധതികൾ, ദേശീയ പാതകൾ, റിസോർട്ടുകൾ, പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവയിൽ മുളയുടെ ഉപയോഗം വർധിച്ചതോടെ അസംസ്കൃത മുളയുടെ വിപണയും വ്യാപകമായി.
നിർമാണത്തിനുപയോഗിക്കുന്ന ഒരു മുളയ്ക്ക് ഗുണനിലവാരമനുസരിച്ച് 100 മുതൽ 200 രൂപ വരെ ലഭിക്കും. ചില പ്രത്യേക ഇനങ്ങൾക്ക് അതിലേറെയും വില ലഭിക്കുന്നുണ്ട്. ഒരേക്കർ മുളത്തോട്ടത്തിൽ അഞ്ചാം വർഷം മുതൽ ശരാശരി 1,500 മുളകൾ വരെ ലഭിക്കും. ഇതിലൂടെ വർഷംതോറും ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുമെന്ന് ബാബുരാജ് പറയുന്നു.
മുടക്കുമുതലും പരിപാലനച്ചെലവും കുറവ്
മുളകൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ പരിപാലനച്ചെലവാണ്. ഒരു ഏക്കറിൽ ഏകദേശം 200 മുതൽ 250 വരെ തൈകൾ നട്ടുപിടിപ്പിക്കാം. ആദ്യഘട്ട ചെലവ് ഏകദേശം 30,000 മുതൽ 40,000 രൂപ വരെയാണ്. ആദ്യ രണ്ട് വർഷങ്ങളിൽ അടിസ്ഥാനപരമായ പരിചരണം മാത്രം മതിയാകും. പിന്നീട് ചെടികൾ സ്വയം ശക്തമായ വളർച്ച കൈവരിക്കും. മൂന്നാം വർഷം മുതൽ മുള ലഭിച്ചുതുടങ്ങും. അഞ്ചാം വർഷം മുതൽ പൂർണമായ വിളവെടുപ്പിലേക്ക് പ്രവേശിക്കാം. ഒരു തവണ നട്ട മുളത്തോട്ടത്തിൽ നിന്ന് 20 മുതൽ 30 വർഷം വരെ തുടർച്ചയായി വരുമാനംലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.
മുളങ്കാന്പ് ആരോഗ്യത്തിന്റെ കലവറ
മുളയുടെ ഇളം മുളങ്കാന്പ് ഇന്ന് ലോകമെന്പാടും ആരോഗ്യഭക്ഷണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുളങ്കാന്പിൽ ധാരാളം ഡയറ്ററിഫൈബർ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി കോംപ്ലക്സ്, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം നിയന്ത്രിക്കാനും ദഹനപ്രക്രിയ മെച്ചപ്പെടാനും കൊളസ്ട്രോൾ കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന് ബാബുരാജ് പറഞ്ഞു.
ജപ്പാൻ, ചൈന, തായ്ലെൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ മുളങ്കാന്പ് വലിയ ഭക്ഷ്യവിപണിയാണ്. കേരളത്തിലും ഇതിന്റെ ആവശ്യകത ക്രമേണ വർധിച്ചുവരികയാണ്. സ്റ്റീലിന് പകരമായി ശരിയായ രീതിയിൽ സംസ്കരിച്ച മുള നിർമാണരംഗത്തും ഉപയോഗിക്കുന്നുണ്ട്. ബാംബൂ കോംപോസിറ്റുകൾ, ലാമിനേറ്റഡ് ബാംബൂബോർഡുകൾ, ബാംബൂ പ്ലൈവുഡ്, ബാംബൂ ഫ്ളോറിംഗ്, ബാംബൂ ബീം എന്നിവ ഇന്ന് ലോകവിപണിയിൽ സ്വീകാര്യത നേടിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നിർമാണത്തിന്റെ പ്രതീകമായി മുള മാറിക്കൊണ്ടിരിക്കുകയാണ്.
ഇടവിളയിലൂടെ അധിക വരുമാനം
മുളത്തോട്ടത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ചെടികൾക്കിടയിൽ ധാരാളം സ്ഥലം ലഭ്യമാണ്.
ഈ സമയത്ത് ഇഞ്ചി, മഞ്ഞ, ചേന, കാച്ചിൽ, പച്ചക്കറികൾ, പയർവർഗങ്ങൾ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യാം. ഇതിലൂടെ മുള വളരുന്ന കാലത്ത് തന്നെ കർഷകന് അധിക വരുമാനം ഉറപ്പാക്കാം. അതോടൊപ്പം മണ്ണിലെ ജൈവസന്പത്തും വർധിക്കും.