അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവൽ പ്രീ-ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രക്കിംഗ് സി.കെ. കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കൂടരഞ്ഞി: അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവൽ പ്രീ- ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ട്രക്കിംഗ് പങ്കെടുത്തവർക്ക് നവ്യാനുഭവമായി. കൂടരഞ്ഞി പഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായി സംഘടിപ്പിച്ച ട്രക്കിംഗിൽ വിവിധ പ്രായത്തിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു. സി.കെ. കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ,
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ജില്ല പഞ്ചായത്ത് അംഗം രാജേഷ് എടവലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈപ്പള്ളിയിൽ, സ്ഥിരം സമിതി ചെയർമാൻമാരയ നിസാറ ബീഗം, ആയിഷ ബി ഷിയാസ് എന്നിവർ പ്രസംഗിച്ചു.
ബാബു ചെല്ലന്തറയിൽ, ടോമി പ്ലാത്തോട്ടം, തങ്കച്ചൻ മാതാളി കുന്നേൽ, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. താഴെകക്കാട് നിന്ന് ആരംഭിച്ച ട്രക്കിംഗ് കാറ്റടിക്കുന്ന് വ്യൂ പോയിന്റ് വരെ ഏകദേശം രണ്ടര കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്. പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരങ്ങളോടുള്ള ജനപങ്കാളിത്തവും ആവേശവും വർധിപ്പിക്കുന്നതിൽ പ്രീ-ഇവന്റുകൾ നിർണായക പങ്കുവഹിച്ചതായി സംഘാടകർ പറഞ്ഞു.
മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ ശ്രദ്ധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ റിവർ ഫെസ്റ്റിവലും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. 30 നാണ് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
Tags : Local News Nattuvishesham Kozhikode