കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. കഴിഞ്ഞമാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്.
പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയിരുന്നു. എംഡിഎംഎ വിൽപ്പനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസ് കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം.
Tags : Local News Nattuvishesham Kozhikode