സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ്.
തൊടുപുഴ: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന അംഗങ്ങള്‍ക്കും സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍ക്കുമായി മെഡിക്കല്‍ ക്യാമ്പും പരിശീലനവും സംഘടിപ്പിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രി എന്‍സിഡി വിംഗിന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നഗര ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവും പ്രവര്‍ത്തന മികവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജീവനക്കാര്‍ക്ക് എലിപ്പനി പ്രതിരോധ ബോധവത്കരണവും പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നു.
ഒക്ടോബര്‍ 17 വരെ നീളുന്ന കാമ്പയിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ പൂര്‍ണമായും കണ്ടെത്തി ഇല്ലാതാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.